1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിനിടെ പാക് സൈന്യത്തിനൊപ്പം ചേര്‍ന്ന് കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ നേതാക്കളെ ശിക്ഷിച്ചതില്‍ പ്രതിഷേധിച്ച് ജമാഅത്തെ ഇസ്ലാമി നടത്തുന്ന അക്രമവും അതിനെതിരായ ജനകീയ പ്രക്ഷോഭവും ബംഗ്ലാദേശിനെ സംഘര്‍ഷഭരിതമാക്കുന്നു. രാജ്യത്തെ വഞ്ചിച്ച യുദ്ധക്കുറ്റവാളികളെ വധശിക്ഷക്ക് വിധേയരാക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന ഷാബാഗ് പ്രക്ഷോഭത്തിന്റെ നേതാവായ രജിബ് ഹൈദര്‍ കൊല്ലപ്പെട്ടതോടെ ജമാഅത്തെ ഇസ്ലാമിക്കെതിരെ ജനരോഷം ശക്തമായി. വാസ്തുശില്‍പ്പി കൂടിയായ ഹൈദര്‍ (30) വെള്ളിയാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങവേയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച അദ്ദേഹത്തിന്റെ മൃതദേഹവും കൊണ്ടുള്ള വിലാപയാത്രയില്‍ പതിനായിരങ്ങള്‍ അണിചേര്‍ന്നു. ബ്ലോഗിലൂടെ ശക്തമായ ആശയപ്രചാരണം നടത്തിയിരുന്ന ഹൈദറിനെ കൊലപ്പെടുത്തിയത് ജമാഅത്തെ ഇസ്ലാമിയാണെന്ന് ഷാബാഗ് പ്രക്ഷോഭകര്‍ പറഞ്ഞു. യുദ്ധക്കുറ്റവാളികളെ തൂക്കിലേറ്റുംവരെയും ഹൈദറിന്റെ കൊലയാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുംവരെയും തങ്ങള്‍ മടങ്ങിപ്പോകില്ലെന്ന് പ്രക്ഷോഭകര്‍ വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അഞ്ചുപേരെ അറസ്റ്റുചെയ്തിട്ടുണ്ടെന്നും അക്രമികള്‍ക്കായി വ്യാപക തെരച്ചില്‍ നടക്കുകയാണെന്നും സിഐഡി അധികൃതര്‍ അറിയിച്ചു. ഹൈദറിന്റെ വീട് സന്ദര്‍ശിച്ച പ്രധാനമന്ത്രി ഷേഖ് ഹസീന കുറ്റക്കാരെ വെറുതെവിടില്ലെന്ന് ഉറപ്പുനല്‍കി. തങ്ങളുടെ നേതാക്കളെ ശിക്ഷിച്ചതിനെതിരെ ജമാഅത്തെ ഇസ്ലാമിയും അവരുടെ വിദ്യാര്‍ഥി വിഭാഗമായ ഇസ്ലാമിക് ഛാത്ര ശിബിറും ആരംഭിച്ച ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി. യുദ്ധക്കുറ്റവാളികളെ തൂക്കിലേറ്റണമെന്നാവശ്യപ്പെട്ട് രാജ്യത്ത് ഉയര്‍ന്ന ജനകീയ പ്രക്ഷോഭത്തെ ചെറുക്കാനാണ് ജമാഅത്തെയുടെ ശ്രമം. കോക്സ് ബസാര്‍ സിറ്റിയില്‍ സംഘര്‍ഷത്തില്‍ മൂന്നു ജമാഅത്തെക്കാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഹൈദര്‍ക്കുനേരെ ആക്രമണമുണ്ടായത്. തിങ്കളാഴ്ച രാജ്യത്ത് ബന്ദിന് ജമാഅത്തെ ഇസ്ലാമി ആഹ്വാനംചെയ്തു.
deshabhimani 170213
No comments:
Post a Comment