സ്വതന്ത്ര ഇന്ത്യയിലെ ആദ്യ 48 മണിക്കൂര്‍ പണിമുടക്ക് ഒഴിവാക്കാന്‍ പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി, കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതാക്കളുമായി തിങ്കളാഴ്ച രാത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.വിലക്കയറ്റം തടയുക, മിനിമം കൂലി പ്രതിമാസം 10,000 രൂപയാക്കുക തുടങ്ങി പത്തോളം ആവശ്യങ്ങളില്‍ ഒന്നുപോലും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. തുടര്‍ന്ന് ദ്വിദിന പണിമുടക്കുമായി മുന്നോട്ട് പോകാന്‍ ട്രേഡ് യൂണിയനുകള്‍ തീരുമാനിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ രാജ്യവ്യാപക പണിമുടക്ക് ആരംഭിക്കുമെന്ന് സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു .
പതിനൊന്ന് കേന്ദ്ര ട്രേഡ്യൂണിയനുകളും സ്വതന്ത്ര തൊഴിലാളി ഫെഡറേഷനുകളും സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ രാജ്യത്തെ സമസ്ത മേഖലകളെയും പണിമുടക്ക് സ്തംഭിപ്പിക്കും. ഇന്‍ഷുറന്‍സ്, ബാങ്ക്, ടെലികോം, കല്‍ക്കരി, ഉരുക്ക്, തുറമുഖങ്ങള്‍, വൈദ്യുതി, പെട്രോള്‍, പ്രതിരോധ ഉല്‍പ്പാദനം, വാര്‍ത്താവിനിമയം, പോസ്റ്റല്‍ തുടങ്ങി എല്ലാ മേഖലകളും രണ്ട് ദിവസം പ്രവര്‍ത്തനരഹിതമാകും. കേന്ദ്ര-സംസ്ഥാന ജീവനക്കാരും അധ്യാപകരും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസമേഖലയും നിശ്ചലമാകും. മുന്‍ പണിമുടക്കുകളില്‍നിന്ന് വ്യത്യസ്തമായി 48 മണിക്കൂര്‍ സമരം വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന് ബോധ്യപ്പെട്ടതോടെയാണ് ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി നാലംഗ സമിതിയെ നിയോഗിച്ചത്. ട്രേഡ് യൂണിയനുകള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് മന്ത്രിമാര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, മൂന്ന് വര്‍ഷമായി ഉന്നയിക്കുന്ന ആവശ്യങ്ങളാണ് ഇവയെന്നും അത് പരിഗണിക്കാന്‍ ഇനിയും സമയം നല്‍കാനാകില്ലെന്നും ട്രേഡ് യൂണിയനുകള്‍ വ്യക്തമാക്കി. ഫെബ്രുവരി 13ന് തൊഴില്‍മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിളിച്ച ചര്‍ച്ചയില്‍ പറഞ്ഞിടത്തുനിന്ന് പുതുതായി ഒന്നും പറയാന്‍ സര്‍ക്കാരിനുണ്ടായിരുന്നില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിന് വേണ്ടി മാത്രമുള്ള ചര്‍ച്ചയാണ് ആന്റണിയുടെ നേതൃത്വത്തില്‍ നടന്നത്.
ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി ചുമതലപ്പെടുത്തിയ മന്ത്രിതല സമിതി അംഗങ്ങളായ കൃഷിമന്ത്രി ശരദ് പവാര്‍, തൊഴില്‍മന്ത്രി എന്നിവരും പ്രതിരോധമന്ത്രാലയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു. സമിതി അംഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്ന ധനമന്ത്രി പി ചിദംബരം പങ്കെടുത്തില്ല. ഐന്‍ടിയുസി പ്രസിഡന്റ് ജി സഞ്ജീവറെഡ്ഡി, എ കെ പത്മനാഭന്‍, തപന്‍സെന്‍ (സിഐടിയു), ബിഎന്‍ റായ് (ബിഎംഎസ്) എച്ച് എസ് സിദ്ദു (എച്ച്എംഎസ്) ഗുരുദാസ്ദാസ്ഗുപ്ത (എഐടിയുസി) തുടങ്ങിയവരാണ് ട്രേഡ് യൂണിയനുകളെ പ്രതിനിധാനംചെയ്തത്. ദിനംതോറും പണിമുടക്കിന് പിന്തുണ ഏറുകയാണ്. ആന്ധ്രപ്രദേശില്‍ തെലുങ്ക്ദേശം പാര്‍ടിയുടെ ട്രേഡ് യൂണിയന്‍ വിഭാഗമായ തെലുങ്ക്നാട് ട്രേഡ് യൂണിയനും ഒഡിഷയില്‍ ബിജെഡിയുടെയും അസമില്‍ എജിപിയുടെയും ട്രേഡ് യൂണിയന്‍ വിഭാഗവും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ ശിവസേനയുടെ കാംഗാര്‍ സേനയും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. രണ്ടായിരത്തോളം സ്വതന്ത്ര തൊഴിലാളി സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്ക് വിജയിപ്പിക്കാന്‍ അവസാനഘട്ട ചര്‍ച്ചയ്ക്കായി ചൊവ്വാഴ്ച യൂണിയനുകള്‍ യോഗം ചേരുന്നുണ്ട്.
(വി ബി പരമേശ്വരന്‍)
പണിമുടക്ക് പൊളിക്കാന്‍ ഭീഷണിയുമായി കേന്ദ്രം
തൊഴിലാളികളും ജീവനക്കാരും ആവേശത്തോടെ ഏറ്റെടുത്ത പണിമുടക്ക് പരാജയപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമാരംഭിച്ചു. പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ശമ്പളം കുറയ്ക്കുമെന്നും ഭീഷണി മുഴക്കി. പണിമുടക്കുന്നവര്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി കാര്യാലയത്തിനു കീഴിലുള്ള പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ്, വിവിധ വകുപ്പുസെക്രട്ടറിമാര്‍ക്ക് കത്തയച്ചു. തൊഴിലാളി സംഘടനകള്‍ പണിമുടക്കുന്ന 20, 21 തീയതികളില്‍ ഒരു ജീവനക്കാരനും അവധി നല്‍കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൂട്ട അവധി എടുത്ത് പണിമുടക്കുമായി പരോക്ഷമായി സഹകരിക്കുന്ന ജീവക്കാര്‍ക്കെതിരെയും നടപടി വേണമെന്നും നിര്‍ദേശത്തിലുണ്ട്. പണിമുടക്കിയാല്‍ ശിക്ഷിക്കുമെന്ന് റിസര്‍വ് ബാങ്ക്, എസ്ബിഐ എന്നിവ ജീവനക്കാര്‍ക്ക് കത്തയച്ചു. എന്നാല്‍, ഇത് സര്‍ക്കാരിന്റെ നയമല്ലെന്ന് തൊഴിലാളി യൂണിയനുകളുമായി തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയില്‍ കൃഷിമന്ത്രി ശരദ് പവാര്‍ പറഞ്ഞു. ഇതിനെത്തുടര്‍ന്ന് മാനേജ്മെന്റുകളുടെ കത്തിന്റെ പകര്‍പ്പ് സഹിതം സിഐടിയു ജനറല്‍സെക്രട്ടറി തപന്‍സെന്‍ പവാറിന് പരാതി നല്‍കി. ശിക്ഷാനടപടികള്‍ കൈക്കൊള്ളുന്നത് നിയമവിരുദ്ധമാണെന്ന് പരാതിയില്‍ പറഞ്ഞു.
ബാങ്ക് ജീവനക്കാരോട് പണിമുടക്കില്‍നിന്ന് പിന്മാറാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പ്രസ്താവന വഴി അഭ്യര്‍ഥിച്ചു. കാരണമില്ലാതെയാണ് പണിമുടക്കില്‍ പങ്കെടുക്കാന്‍ ബാങ്ക് ജീവനക്കാര്‍ തീരുമാനിച്ചതെന്നും അതില്‍ നിരാശയുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു. തൊഴിലാളി സംഘടനകള്‍ പണിമുടക്കിന് ആധാരമായി മുന്നോട്ടുവയ്ക്കുന്ന പത്ത് ആവശ്യങ്ങളില്‍ ഒന്നുപോലും ബാങ്ക് ജീവനക്കാര്‍ക്ക് ബാധകമല്ലെന്നും പ്രസ്താവനയിലുണ്ട്. മറ്റ് ജീവനക്കാരെ അപേക്ഷിച്ച് ബാങ്ക് ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട ശമ്പളവും സാമൂഹ്യസുരക്ഷാ സംവിധാനവും ഉണ്ട്. എന്നിട്ടും പണിമുടക്കുന്നത് നിരാശാജനകമാണ്. പണിമുടക്ക് നേരിടാന്‍ ഡല്‍ഹി സര്‍ക്കാര്‍ എസ്മ പുറപ്പെടുവിച്ചിട്ടുണ്ട്. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ജീവനക്കാരും മറ്റും പണിമുടക്കില്‍ പങ്കെടുക്കാനിടയുണ്ടെന്നതിനാലാണ് ഈ നടപടി. കോണ്‍ഗ്രസ് ഭരിക്കുന്ന പല സംസ്ഥാന സര്‍ക്കാരുകളും ഡയ്സ്നോണും പ്രഖ്യാപിച്ചു.
വില മുകളിലേക്ക് ജനജീവിതം ദുരിതമയം
ജനങ്ങളുടെ നട്ടെല്ലൊടിച്ച് സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില പിന്നെയും കുതിച്ചുയരുന്നു. സംസ്ഥാന തലസ്ഥാനത്തു പോലും ഉപയോക്താക്കള്‍ക്ക് ഗ്യാസിനായി ബുക്ക് ചെയ്ത് രണ്ടു മാസത്തിലേറെ കാത്തിരിക്കേണ്ടിവരുന്നു. അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന വിലക്കയറ്റവും ഗ്യാസ് ക്ഷാമവും തടയാന്‍ സര്‍ക്കാര്‍ ചെറുവിരല്‍പോലുമനക്കുന്നില്ലെന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ നിത്യോപയോഗ സാധനങ്ങളുടെ വില ഇരട്ടിയിലേറെ വര്‍ധിച്ചു. വന്‍പയര്‍, ജീരകം എന്നിവയുടെ വില ഇരട്ടിയായി. 115 രൂപയായിരുന്ന ജീരകത്തിന്റെ വില 220 രൂപയാണ്. മുളക്, വെള്ളക്കടല, ബിടി അരി എന്നിവയുടെ വിലയിലും വന്‍ വര്‍ധനയുണ്ടായി. പച്ചക്കറിവിലയും കുത്തനെ കുതിക്കുന്നു. വില കുത്തനെ കൂടുമ്പോഴും ബിപിഎല്‍ ലിസ്റ്റിലുള്ളവരുടെ എണ്ണവും ഭക്ഷ്യവിഹിതവും വന്‍തോതില്‍ വെട്ടിക്കുറച്ചു. കോഴിയിറച്ചി, മത്സ്യം എന്നിവയുടെ വിലയും മുകളിലോട്ടു തന്നെ.
പാചകവാതകത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതിനു പുറമെ വിതരണത്തിലെ കാലതാമസവും കൂടിയായതോടെ അടുപ്പുകള്‍ കത്തില്ലെന്ന നിലയിലേക്കും എത്തി. മുന്‍കൂട്ടി രജിസ്റ്റര്‍ചെയ്തിട്ടും യഥാസമയം ഗ്യാസ് സിലിണ്ടര്‍ കിട്ടുന്നില്ല. വിലക്കയറ്റത്തെതുടര്‍ന്നുള്ള കെടുതിമൂലം ജനങ്ങള്‍ പരക്കം പായുമ്പോള്‍ ഭക്ഷ്യ- പൊതുവിതരണവകുപ്പ് നിസ്സംഗത തുടരുന്നു. റേഷന്‍കട, കണ്‍സ്യൂമര്‍ഫെഡ് സ്റ്റാള്‍ എന്നിവ വഴി ന്യായവിലയ്ക്ക് സാധനങ്ങള്‍ വിതരണംചെയ്യുമെന്നാണ് മന്ത്രിയുടെ അവകാശവാദം. വിലക്കയറ്റം തടയാന്‍ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുമ്പോഴും ഇതിനാവശ്യമായ ഒരു നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുമില്ല.
മുല്ലപ്പള്ളിയുടെ നിലപാട് രാഷ്ട്രീയ പാപ്പരത്തം: ഐഎന്‍ടിയുസി
തിരു: ട്രേഡ് യൂണിയനുകള്‍ സംയുക്തമായി ആഹ്വാനംചെയ്ത ദേശീയ പണിമുടക്കിനെതിരായ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്താനാണെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാണ് ഐഎന്‍ടിയുസി പണിമുടക്കില്‍ പങ്കെടുക്കുന്നത്. ഐഎന്‍ടിയുസിയുടെ നിലപാട് വഞ്ചനാപരമാണെന്ന് പറയുന്നത് രാഷ്ട്രീയപാപ്പരത്തമാണ്. ജനങ്ങള്‍ ഒന്നടങ്കം പിന്തുണയ്ക്കുന്ന സമരത്തില്‍ രാഷ്ട്രീയ താല്‍പ്പര്യം പ്രകടിപ്പിക്കാതെ സെറ്റോ സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കണം. രാഷ്ട്രീയതാല്‍പ്പര്യമല്ല ഇതില്‍ പ്രകടിപ്പിക്കേണ്ടത്. ഭരണകൂടം ആരായാലും ജനങ്ങള്‍ക്ക് അംഗീകരിക്കാനാവാത്ത നയങ്ങള്‍ നടപ്പാക്കുമ്പോള്‍ പ്രതികരിക്കുകയാണ് വേണ്ടത്. പ്രതികരണമില്ലാതെ കണ്ണടച്ച് മുന്നോട്ടു നീങ്ങാനാണെങ്കില്‍ ഒരു സംഘടനയുടെയും ആവശ്യമില്ല-ചന്ദ്രശേഖരന്‍ പറഞ്ഞു.
deshabhimani 200213
No comments:
Post a Comment