Tuesday, February 19, 2013
പീഡനത്തില്‍ തുടങ്ങി തട്ടിപ്പില്‍ സമാപനം
എല്ലാം നിനക്കുവേണ്ടി (ടോട്ടല്‍ ഫോര്‍ യൂ) എന്നത് തട്ടിപ്പുകമ്പനിയുടെ പേര്. എന്നാല്‍, എല്ലാം എനിക്കു വേണ്ടി (ടോട്ടല്‍ ഫോര്‍ മി) എന്നതാണ് ഈ ഭരണത്തിലെ മന്ത്രിമാരുടെ വിശ്വാസപ്രമാണവും മുദ്രാവാക്യവും. അതിനാല്‍ നിക്ഷേപകരെ വെട്ടിച്ച് മുങ്ങിയ ടോട്ടല്‍ ഫോര്‍ യൂ "നായകന്‍" ശബരീനാഥ് പൊലീസ് ഉന്നതരുടെ തോളില്‍ കൈയിട്ട് നടക്കുന്നത് നിസ്സാരം. കള്ളപ്പണക്കാരെയും നിക്ഷേപ തട്ടിപ്പുകാരെയും സംരക്ഷിക്കുന്ന സര്‍ക്കാര്‍നിലപാട് സഭയില്‍ ഉയര്‍ന്നത് ബില്‍ ചര്‍ച്ചയിലാണ്. ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപകരുടെ താല്‍പ്പര്യ സംരക്ഷണ ബില്‍ ചര്‍ച്ചയില്‍ മോശം പണവും കൊള്ളമുതല്‍ നിക്ഷേപവും കറപുരണ്ട കറുത്ത പൈസയുമെല്ലാം പരാമര്‍ശിക്കപ്പെട്ടു. പന്ത്രണ്ടു ദിവസത്തെ സമ്മേളനം പൂര്‍ത്തിയാക്കി സഭ പിരിയുന്ന നാളില്‍ നാലുബില്ലുകള്‍ അംഗീകരിച്ചു. രണ്ടുദിവസത്തെ പണിമുടക്ക് അര്‍ധരാത്രി തുടങ്ങുന്നതിനാല്‍ സാമാജികരെല്ലാം മണ്ഡലത്തിലേക്ക് മടങ്ങാന്‍ തിടുക്കത്തിലായിരുന്നു. സ്പീക്കര്‍ അംഗങ്ങളുടെ വികാരവും ആവശ്യവും മാനിച്ചാണെത്തിയതും.
ശൂന്യവേളയുടെ തുടക്കത്തില്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ നിലപാട് വ്യക്തമാക്കി. രണ്ട് ശ്രദ്ധക്ഷണിക്കല്‍, അമ്പത് ഉപക്ഷേപം, നാല് ബില്‍ ചര്‍ച്ചചെയ്ത് അംഗീകരിക്കല്‍ ഇത്രയും അജന്‍ഡയിലുണ്ട്. അതിനാല്‍ അംഗങ്ങള്‍ സമയനിഷ്ഠ പാലിക്കണമെന്നായിരുന്നു സ്പീക്കറുടെ അഭ്യര്‍ഥന. സ്പീക്കറുടെ അഭ്യര്‍ഥനയെ ഭരണപക്ഷം എതിര്‍ത്തതോടെ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന് ചുമതല കൈമാറി സ്പീക്കര്‍ പറഞ്ഞു, നിങ്ങള്‍ക്കാര്‍ക്കും വേണ്ടെങ്കില്‍ വേണ്ട. ഉപക്ഷേപങ്ങള്‍ അവതരിപ്പിക്കണ്ട, മറുപടി നല്‍കിയാല്‍ മതിയെന്ന് ചീഫ്വിപ്പ് നിര്‍ദേശിച്ചു. പ്രതിപക്ഷവും പിന്തുണച്ചു. എന്നാല്‍, ഭരണനിരയിലെ പി സി വിഷ്ണുനാഥും വി പി സജീന്ദ്രനും പ്രതിഷേധിച്ചതിനാല്‍ സമയത്തിന്റെ താളംതെറ്റി. ഒരുവേള മന്ത്രിയുടെ മറുപടി പത്തുമിനിറ്റ് പിന്നിട്ടപ്പോള്‍ ഡെപ്യൂട്ടിസ്പീക്കര്‍ ശക്തന്‍ നയം വ്യക്തമാക്കി. ഞാനിനി ഇടപെടില്ല, നിയന്ത്രിക്കയുമില്ല. ഉപക്ഷേപങ്ങള്‍ക്കുശേഷം ബില്ലെടുത്തപ്പോള്‍ അംഗങ്ങളെല്ലാം ബില്ലിലൊതുങ്ങി സംസാരിച്ചതോടെ സഭാനടപടി വേഗം പൂര്‍ത്തിയാക്കാനായി. കുപ്രസിദ്ധ തട്ടിപ്പുകാരും മണിചെയിന്‍കാരും സംരക്ഷിക്കുന്ന ഭരണത്തെക്കുറിച്ച് വി ചെന്താമരാക്ഷനാണ് ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപകരുടെ താല്‍പ്പര്യ സംരക്ഷണബില്‍ ചര്‍ച്ചയില്‍ സൂചിപ്പിച്ചത്. മന്ത്രി കെ എം മാണിയാണ് ബില്‍ അവതരിപ്പിച്ചത്. കോടികള്‍ തട്ടുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സുരേഷ്കുറുപ്പിന്റെ ചോദ്യം പ്രസക്തമായി ""ഇത്തരം തട്ടിപ്പ് സ്ഥാപനങ്ങളില്‍ പണം നിക്ഷേപിക്കുന്നവര്‍ക്കെതിരെയും നടപടി വേണ്ടേ"". അധ്വാനിക്കാതെ കിട്ടുന്നതെല്ലാം കൊള്ളമുതലാണെന്നുള്ള ബൈബിള്‍വാക്യം ഓര്‍മിപ്പിച്ച മുല്ലക്കര രത്നാകരന്‍ കേരളത്തിലെത്തുന്ന പണത്തില്‍ വലിയൊരളവ് പണം കുറ്റവാളിസ്വഭാവമുള്ളതാണെന്നും നിരീക്ഷിച്ചു. അന്യസംസ്ഥാനങ്ങളിലെ നിക്ഷേപതട്ടിപ്പുകാരാകെ കേരളത്തിലേക്ക് ഒഴുകുന്നതിനെക്കുറിച്ച് വി എസ് സുനില്‍കുമാര്‍ മുന്നറിയിപ്പ് നല്‍കി. തട്ടിപ്പുപരസ്യങ്ങളില്‍ വരുന്ന സിനിമാതാരങ്ങളെയടക്കം നിയമത്തിന്റെ പരിധിയില്‍പെടുത്തണമെന്നായിരുന്നു കെ മുരളീധരന്റെ ആവശ്യം. ഇത്തരം പരസ്യങ്ങള്‍ നല്‍കുന്നത് മാധ്യമങ്ങള്‍ വേണ്ടെന്നുവയ്ക്കണമെന്ന് ആവശ്യപ്പെട്ട പി സി വിഷ്ണുനാഥ് ധാര്‍മികതയിലേക്കാണ് വിരല്‍ചൂണ്ടിയത്. ക്ഷീരകര്‍ഷക ക്ഷേമനിധി (ഭേദഗതി), ചുമട്ടുതൊഴിലാളി ക്ഷേമനിധി (ഭേദഗതി), ടോള്‍ (ഭേദഗതി) ബില്ലുകളും സഭ അംഗീകരിച്ചു. ക്ഷീരകര്‍ഷകരുടെ പെന്‍ഷന്‍ ആയിരം രൂപയാക്കണമെന്ന് ചര്‍ച്ചയില്‍ ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു. എസ് ശര്‍മ, ജയിംസ്മാത്യു, ഷാഫി പറമ്പില്‍ എന്നിവരും സംസാരിച്ചു. രണ്ടാഴ്ച നിശ്ചയിച്ച സമ്മേളനം രണ്ടുദിവസം നേരത്തെ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് ചൊവ്വാഴ്ച പിരിഞ്ഞത്.
സൂര്യനെല്ലി കേസിലെ പെണ്‍കുട്ടിയുടെ നീതിക്കായുള്ള നിലവിളിയും പി ജെ കുര്യനെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരായ പ്രതിഷേധവുമാണ് പന്ത്രണ്ടുനാളത്തെ സമ്മേളനത്തെ ഇളക്കിമറിച്ചത്. അഞ്ചുദിവസം ഈ പ്രശ്നത്തില്‍ സഭ സ്തംഭിച്ചു. കുര്യനെതിരെ നടപടി ഉന്നയിച്ച് സമരംചെയ്ത വനിതാ എംഎല്‍എമാരെ പൊലീസ് മര്‍ദിച്ചതും സഭയെ പ്രക്ഷുബ്ധമാക്കി. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എംഎല്‍എമാര്‍ നടുത്തളത്തില്‍ സത്യഗ്രഹമിരുന്നതിനും സഭ സാക്ഷിയായി. സഹകരണമേഖലയെ തകര്‍ക്കുന്ന കേരള സഹകരണസംഘ (ഭേദഗതി) ബില്ലടക്കം പത്ത് ബില്ല് അംഗീകരിച്ചാണ് സമ്മേളനം പിരിഞ്ഞത്. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങിയ സമ്മേളനം സൂര്യനെല്ലിപ്രശ്നം കത്തിനിന്നതിനാല്‍ നന്ദിപ്രമേയത്തില്‍ നാലുപേരുടെ ചര്‍ച്ചയാണുണ്ടായത്. ഉപധനാഭ്യര്‍ഥനകള്‍ ചര്‍ച്ചകൂടാതെ അംഗീകരിക്കുന്ന അപൂര്‍വതയുമുണ്ടായി. ബജറ്റ് അവതരണത്തോടെ മാര്‍ച്ച് രണ്ടാംവാരം സമ്മേളനം ആരംഭിക്കും.
deshabhimani 200213
Labels:
നിയമസഭ
Subscribe to:
Post Comments (Atom)
No comments:
Post a Comment