Wednesday, February 20, 2013

കോഴപ്പണം കൈമാറിയത് കോണ്‍. നേതാവിന്റെ സഹോദരന്റെ കമ്പനി വഴി


ഇറ്റാലിയന്‍ ഹെലികോപ്റ്റര്‍ ഇടപാടില്‍ വിദേശത്തു നിന്ന് കോഴപ്പണം സ്വീകരിച്ച കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ സഹോദരനും മക്കളും. മുന്‍ കേന്ദ്രമന്ത്രികൂടിയായ സന്തോഷ് ബഗ്രോദിയയുടെ അനുജന്‍ സതീഷ് ബഗ്രോദിയയും മക്കളുമാണ് വിവാദമായ ഐഡിഎസ് ഇന്‍ഫോടെക് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലുള്ളത്. കോഴപ്പണം ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് ഇടപാടുകാര്‍ മുഖ്യമായും ആശ്രയിച്ചത് ചണ്ഡീഗഢ് കേന്ദ്രമായുള്ള ഈ ഐടി കമ്പനിയെയാണ്. സോഫ്റ്റ്വെയര്‍ കയറ്റുമതിക്കുള്ള പ്രതിഫലമെന്ന നിലയിലായിരുന്നു പണം കൈമാറ്റം. പ്രതാപ്കൃഷന്‍ അഗര്‍വാള്‍ എന്ന വ്യക്തിയാണ് ഐഡിഎസിന്റെ മാനേജിങ് ഡയറക്ടര്‍. സതീഷ് ബഗ്രോദിയ, മക്കളായ ആശിഷ്, മനീഷ് എന്നിവര്‍ ഡയറക്ടര്‍ ബോര്‍ഡിലുണ്ട്. ഇവര്‍ക്കുപുറമെ യോഗ്പ്രകാശ് അഗര്‍വാള്‍, നരീന്ദര്‍ അഗര്‍വാള്‍ എന്നിവരും ഡയറക്ടര്‍ ബോര്‍ഡിലുണ്ട്. കമ്പനിയുടെ ഇടപാടുകളെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന നിലപാടിലാണ് ബഗ്രോദിയ. തങ്ങളെല്ലാം വെവ്വേറെ ബിസിനസുകള്‍ നടത്തുന്നവരാണ്. തന്റെ സഹോദരന്റെ ബിസിനസ് ഇടപാടുകള്‍ താന്‍ ശ്രദ്ധിക്കാറില്ല- ബഗ്രോദിയ പറഞ്ഞു.

നേരത്തെ കല്‍ക്കരി കുംഭകോണ ഇടപാടിലും ബഗ്രോദിയയുടെ പേര് ഉയര്‍ന്നു. 2008-09 കാലയളവില്‍ കേന്ദ്രത്തില്‍ കല്‍ക്കരി വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രിയായിരുന്നു ബഗ്രോദിയ. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കമ്പനിയുമായി ഐഡിഎസ് ഇന്‍ഫോടെക്ക് സോഫ്റ്റ്വെയര്‍ ഇടപാടുകള്‍ നടത്തിയിരുന്നതായി സതീഷ് ബഗ്രോദിയ സ്ഥിരീകരിച്ചു. 2009 വരെയാണ് അഗസ്റ്റയുമായി ബിസിനസ് ബന്ധമുണ്ടായിരുന്നത്. പിന്നീടത് ചണ്ഡീഗഢിലെ തന്നെ മറ്റൊരു സ്ഥാപനമായ ഏറോമെട്രിക്സിന് കൈമാറുകയായിരുന്നു- ബഗ്രോദിയ വിശദീകരിച്ചു. എന്നാല്‍, ഏറോമെട്രിക്സ്സ് കമ്പനി ഐഡിഎസ് ഇന്‍ഫോടെക്കിന്റെ ബിനാമി സ്ഥാപനമാണെന്ന ആക്ഷേപം ശക്തമാണ്. ഐഡിഎസില്‍ ജോലിയെടുത്തിരുന്ന പ്രവീണ്‍ ബക്ഷിയാണ് ഏറോമെട്രിക്സിന്റെ സിഇഒ. ഏറോമെട്രിക്സിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഹെലികോപ്റ്റര്‍ ഇടപാടിലെ മുഖ്യ ഇടനിലക്കാരായ ഗിഡോ റാല്‍ഫ് ഹാഷ്ക്കെയും കാര്‍ലൊ ഗെരോസയും ഡയറക്ടര്‍മാരാണ്. ബഗ്രോദിയയുടെ ഐഡിഎസ് കമ്പനിയും അഗസ്റ്റ വെസ്റ്റ്ലാന്‍ഡും തമ്മില്‍ ബിസിനസ് ഇടപാടുകള്‍ നടന്നിട്ടില്ലെന്ന് ഇറ്റാലിയന്‍ അന്വേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. സോഫ്റ്റ്വെയര്‍ കയറ്റുമതി കരാറില്‍ 2007 മാര്‍ച്ച് ഒന്നിന് ഇരുകമ്പനികളും ഒപ്പുവച്ചിട്ടുണ്ട്. ഇത് പണം കൈമാറുന്നതിനുള്ള ഒരു മറ മാത്രമെന്നാണ് അന്വേഷകരുടെ വിശദീകരണം. ഐഡിഎസ് ഇന്‍ഫോടെക്കിന്റെ ഉടമസ്ഥതയില്‍ ടുണീഷ്യയിലുള്ള ഐഡിഎസ് ടുണീഷ്യ കമ്പനിയും ഇടപാടില്‍ പങ്കുകാരാണ്. 156 കോടി രൂപയാണ് ഇന്ത്യയില്‍ കോഴയായി വിതരണംചെയ്യുന്നതിന് ഐഡിഎസ് കമ്പനികള്‍ വഴി കൈമാറിയത്. 2010 ഫെബ്രുവരി 27 വരെ പണമിടപാട് നടന്നിരുന്നു.

കാമറണുമായുള്ള ചര്‍ച്ചയില്‍ നിന്ന് ആന്റണിയെ ഒഴിവാക്കി

ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണുമായി നടത്തിയ ചര്‍ച്ചകളില്‍നിന്ന് പ്രതിരോധമന്ത്രി എ കെ ആന്റണിയെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഒഴിവാക്കി. കോപ്റ്റര്‍ ഇടപാട് തിരക്കിട്ട് റദ്ദാക്കാന്‍ ആന്റണി ശ്രമിച്ചതില്‍ പ്രധാനമന്ത്രി കാര്യാലയം അസന്തുഷ്ടി പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ചര്‍ച്ചകളില്‍നിന്ന് പ്രതിരോധമന്ത്രിയെ ഒഴിവാക്കിയത്. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് പ്രശ്നവും പുതിയ പ്രതിരോധ കരാറുകളും ചര്‍ച്ചയില്‍ അജണ്ടയായിട്ടും കേന്ദ്ര മന്ത്രിസഭയില്‍ രണ്ടാമനായ പ്രതിരോധമന്ത്രിയെ ഒഴിവാക്കിയതിന് സര്‍ക്കാരിന് വിശദീകരണമില്ല. ഹെലികോപ്റ്റര്‍ ഇടപാടിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരില്‍ രൂക്ഷമായ അഭിപ്രായഭിന്നതയുണ്ടെന്ന് പ്രകടമാക്കുന്നതായി ആന്റണിയെ ഒഴിവാക്കിയ സംഭവം. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കരാര്‍ റദ്ദാക്കാനുള്ള നടപടികള്‍ ആന്റണി ഏകപക്ഷീയമായി സ്വീകരിച്ചുവെന്ന വിമര്‍ശമാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനും വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനുമുള്ളത്. കോപ്റ്റര്‍ ഇടപാടിന് അനുമതി നല്‍കിയത് മന്ത്രിസഭയുടെ സുരക്ഷാകാര്യസമിതിയാണ്. ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ച ശേഷമേ തീരുമാനമെടുക്കാവൂ എന്ന നിലപാടിലാണ് പ്രധാനമന്ത്രി അടക്കമുള്ളവര്‍.

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടിന് പുറമെ യൂറോഫൈറ്റര്‍ യുദ്ധവിമാനങ്ങളുടെ വില്‍പ്പനയും കാമറണുമായുള്ള ചര്‍ച്ചയില്‍ വിഷയമായിരുന്നു. 126 യൂറോഫൈറ്റര്‍ വിമാനം വ്യോമസേനയ്ക്കായി വാങ്ങാന്‍ നടപടി തുടരുകയാണ്. കരാര്‍ വേഗത്തിലാക്കണമെന്ന് കാമറണ്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സുപ്രധാനമായ ഈ കരാര്‍ ചര്‍ച്ചാവിഷയമായിരിക്കെ, പ്രതിരോധമന്ത്രിയും ചര്‍ച്ചയില്‍ പങ്കാളിയാകേണ്ടതാണ്. എന്നാല്‍, പ്രതിരോധ വിഷയങ്ങളടക്കം ചര്‍ച്ചചെയ്തത് പ്രധാനമന്ത്രി തന്നെയാണ്. ഇടപാടില്‍ വിവാദങ്ങള്‍ ഉയര്‍ന്നതില്‍ പ്രധാനമന്ത്രി ചര്‍ച്ചയില്‍ ആശങ്ക പ്രകടിപ്പിച്ചു. കരാര്‍ നേടാന്‍ നിയമവിരുദ്ധ മാര്‍ഗം തേടിയതില്‍ ആശങ്ക അറിയിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. ഇടപാടിന്റെ ഭാഗമായുള്ള വിശ്വാസ്യതാ കരാര്‍ ലംഘിക്കപ്പെട്ടോയെന്ന് കണ്ടെത്താന്‍ ബ്രിട്ടന്റെ സഹായം അഭ്യര്‍ഥിച്ചു. വിഷയത്തില്‍ പൂര്‍ണ സഹകരണം കാമറണ്‍ വാഗ്ദാനംചെയ്തു. ഹെലികോപ്റ്റര്‍ വിഷയത്തില്‍ സര്‍ക്കാരില്‍ ഭിന്നതയൊന്നുമില്ലെന്ന് വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് അവകാശപ്പെട്ടു. കരാര്‍ റദ്ദാക്കണോ വേണ്ടയോ എന്ന വിഷയത്തില്‍ പ്രതിരോധ മന്ത്രാലയം തന്നെയാണ് തീരുമാനം എടുക്കേണ്ടതെന്നും ഖുര്‍ഷിദ് പറഞ്ഞു.

രാജിയില്ലെന്ന് ആന്റണി; ഭിന്നതയില്ലെന്നും അവകാശവാദം

ഹെലികോപ്റ്റര്‍ അഴിമതിയുടെ പേരില്‍ രാജിവയ്ക്കില്ലെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി. പാര്‍ലമെന്റ് സമ്മേളനത്തെ അഭിമുഖീകരിക്കാന്‍ തയ്യാറാണെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. കോപ്റ്റര്‍ ഇടപാട് വിഷയത്തില്‍ സര്‍ക്കാരില്‍ ഭിന്നതയൊന്നുമില്ലെന്നും ആന്റണി അവകാശപ്പെട്ടു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചകളില്‍ എന്തുകൊണ്ട് പങ്കാളിയായില്ലെന്ന് വിശദീകരിക്കാന്‍ മന്ത്രി തയ്യാറായില്ല. ഈ വിഷയത്തില്‍ ഒന്നും ഒളിക്കാനില്ല. പാര്‍ലമെന്റിനെ അഭിമുഖീകരിക്കാന്‍ ഒരുങ്ങി. എല്ലാ മുന്‍കരുതലുകളും എടുത്തിട്ടും ഇടപാടില്‍ കോഴ ആരോപണം ഉയര്‍ന്നതില്‍ ദുഖിതനാണെന്നും ആന്റണി പറഞ്ഞു.

സര്‍ക്കാരിനുള്ളില്‍ പ്രശ്നങ്ങളൊന്നുമില്ല. പൂര്‍ണമായും യോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സിബിഐയുടെ അന്വേഷണറിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. ഇടപാടിന്റെ സത്യാസ്ഥ അറിയാനാണ് ശ്രമിക്കുന്നത്. ഫിന്‍മെക്കാനിക്കയുമായുളള കരാര്‍ റദ്ദാക്കുമോയെന്നത് ഇപ്പോള്‍ പറയാവുന്ന കാര്യമല്ല. ഈ വിഷയത്തില്‍ മാധ്യമറിപ്പോര്‍ട്ടുകളെ സര്‍ക്കാര്‍ പിന്തുടരില്ല. ക്രമക്കേടുകള്‍ക്ക് തെളിവുണ്ടോയെന്നത് പരിശോധിക്കും. പ്രതിരോധ ഇടപാടുകളില്‍ അഴിമതി കണ്ടാല്‍ കര്‍ശന നടപടിയെടുക്കും. അന്തിമഘട്ടത്തിലാണ് ക്രമക്കേട് കണ്ടെത്തുന്നതെങ്കിലും കരാര്‍ റദ്ദാക്കും. കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തും. അന്താരാഷ്ട്രതലത്തില്‍ ശക്തരായ നാല് കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍, മനുഷ്യരുടെ ആര്‍ത്തിക്ക് ഇപ്പോഴും കുറവില്ല- ആന്റണി പറഞ്ഞു. കേസ് അന്വേഷണത്തിന് ചുമതലപ്പെട്ട സിബിഐ സംഘം ചൊവ്വാഴ്ച ഇറ്റലിയിലെത്തി. പ്രതിരോധ- വിദേശമന്ത്രാലയ ഉദ്യോഗസ്ഥരും സംഘത്തിനൊപ്പമുണ്ട്. പ്രതിരോധ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ജോയിന്റ് സെക്രട്ടറി എ കെ ബാലാണ് പോയിട്ടുള്ളത്.

deshabhimani 200213

No comments:

Post a Comment