സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി 48 മണിക്കൂര്‍ നീളുന്ന ദേശീയ പണിമുടക്ക് തുടങ്ങി. 11 കേന്ദ്ര തൊഴിലാളി സംഘടനകളും സ്വതന്ത്ര തൊഴിലാളി ഫെഡറേഷനുകളും ആഹ്വാനം ചെയ്ത പണിമുടക്കിന് ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് തുടക്കമായത്. ദ്വിദിന പണിമുടക്ക് പല സംസ്ഥാനങ്ങളിലും ബന്ദായി മാറും. രാജ്യത്തെ സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്തംഭിപ്പിക്കുന്നതാകും പണിമുടക്ക്.
തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച പത്ത് ആവശ്യത്തില്‍ ഒന്നുപോലും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് പണിമുടക്കുമായി മുന്നോട്ടുപോകാന്‍ ചൊവ്വാഴ്ച ബിഎംഎസ് ഓഫീസില്‍ ചേര്‍ന്ന കേന്ദ്ര ട്രേഡ്യൂണിയനുകളുടെ യോഗം തീരുമാനിച്ചത്. സമാധാനപരമായി നടക്കുന്ന പണിമുടക്കിനെ പിന്തുണക്കാനും വിജയിപ്പിക്കാനും ട്രേഡ്യൂണിയനുകള്‍ അഭ്യര്‍ഥിച്ചു. തിങ്കളാഴ്ച രാത്രി പ്രതിരോധമന്ത്രി എ കെ ആന്റണി തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. തൊഴില്‍മന്ത്രി മല്ലികാര്‍ജുനഖാര്‍ഗെ നടത്തിയ ചര്‍ച്ചയും ഫലം കണ്ടില്ല.
സിഐടിയു, ബിഎംഎസ്, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി, സേവ എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. വിലക്കയറ്റം തടയുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, മിനിമം കൂലി പ്രതിമാസം 10,000 രൂപയാക്കുക, തുല്യജോലിക്ക് തുല്യവേതനം ഉറപ്പുവരുത്തുക, ട്രേഡ്യൂണിയനുകളെ അംഗീകരിക്കുക, എല്ലാ തൊഴിലാളികള്‍ക്കും പെന്‍ഷന്‍ അനുവദിക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, ഓഹരിവില്‍പ്പന തടയുക, കരാര്‍വല്‍ക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. സ്വകാര്യ-പൊതുമേഖലാ വ്യവസായങ്ങള്‍ പൂര്‍ണമായും സ്തംഭിക്കും. റോഡ്-ട്രാന്‍സ്പോര്‍ട്ട് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ഗതാഗതസംവിധാനവും തടസ്സപ്പെടും. എന്നാല്‍, റെയില്‍വേയെ പണിമുടക്ക് ബാധിക്കില്ല.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റെയില്‍വേ യൂണിയനുകള്‍ പ്രായോഗികപ്രശ്നം കാരണം പണിമുടക്കുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള അധ്യാപകരും ജീവനക്കാരും പങ്കെടുക്കുന്നതിനാല്‍ സ്കൂളുകളും ഓഫീസുകളും അടഞ്ഞുകിടക്കും. പലയിടത്തും വഴിതടയല്‍ സമരങ്ങളുമുണ്ടാകും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ പത്തുലക്ഷത്തോളം ജീവനക്കാര്‍ രണ്ടുദിവസം ജോലിക്ക് ഹാജരാകില്ല. ടെലികോം, പോസ്റ്റല്‍, തുറമുഖം എന്നീ മേഖഖലകളും സ്തംഭിക്കും. ആശ, സര്‍വശിക്ഷാ അഭിയാന്‍ പ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുക്കുന്നു.
എണ്ണശുദ്ധീകരണശാല, കല്‍ക്കരി ഖനികള്‍ എന്നിവ നിശ്ചലമാകും. 1991ല്‍ മന്‍മോഹന്‍സിങ് ധനമന്ത്രിയായിരിക്കെ ആരംഭിച്ച നവഉദാരനയത്തിനെതിരെ നടക്കുന്ന 15-ാം പണിമുടക്കാണ് ഇത്. 2010 സെപ്തംബര്‍ ഏഴിനു നടന്ന പണിമുടക്കില്‍ ഐഎന്‍ടിയുസിയും കഴിഞ്ഞവര്‍ഷം ഫെബ്രുവരി 28നു നടന്ന പണിമുടക്കില്‍ ബിഎംഎസും പങ്കെടുത്തിരുന്നു. ദിനംതോറും പണിമുടക്കിന് പിന്തുണ വര്‍ധിക്കുകയുമാണ്. ആന്ധ്രപ്രദേശില്‍ തെലുങ്ക്നാട് ട്രേഡ്യൂണിയനും ഒഡിഷയില്‍ ബിജെഡിയുടെയും അസമില്‍ എജിപിയുടെയും ട്രേഡ്യൂണിയന്‍ വിഭാഗവും പിന്തുണ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ ശിവസേനയുടെ കാംഗാര്‍സേനയും പങ്കെടുക്കുന്നു. പണിമുടക്കിന് പിന്തുണയേകി ഒരുലക്ഷത്തോളം പേര്‍ തിങ്കളാഴ്ച മുംബൈയില്‍ പ്രകടനം നടത്തി. ഉത്തരേന്ത്യയിലെമ്പാടും തൊഴിലാളികള്‍ പന്തംകൊളുത്തി പ്രകടനം നടത്തി. കൊല്‍ക്കത്തയിലും പതിനായിരങ്ങള്‍ പങ്കെടുത്ത പ്രകടനം നടന്നു.
(വി ബി പരമേശ്വരന്‍)
നിശ്ചലം കേരളം
തിരു: ജനദ്രോഹനയങ്ങള്‍ക്കെതിരെ ചൊവ്വാഴ്ച അര്‍ധരാത്രി ആരംഭിച്ച ദ്വിദിന ദേശീയപണിമുടക്ക് സംസ്ഥാനത്തെ നിശ്ചലമാക്കും. നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുയരുന്നതില്‍ വലഞ്ഞ ജനം കക്ഷിരാഷ്ട്രീയഭേദമെന്യേ സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനംചെയ്ത പണിമുടക്കില്‍ അണിചേരുകയാണ്. സര്‍വമേഖലയിലെയും തൊഴിലാളികള്‍ 48 മണിക്കൂര്‍ പണിമുടക്കില്‍ അണിനിരന്നതോടെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ അര്‍ധരാത്രി മുതല്‍ കേരളത്തിന്റെ ഗതാഗതമേഖല നിശ്ചലമായി.
സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍വീസ്, അധ്യാപകസംഘടനകളും സംസ്ഥാനതല ട്രേഡ് യൂണിയനുകളും കേന്ദ്ര ട്രേഡ് യൂണിയനുകളുമായി അഫിലിയേഷന്‍ ഇല്ലാത്ത സ്വതന്ത്ര സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ആശുപത്രി, പത്രം, പാല്‍ എന്നിവയെ ഒഴിവാക്കി. വ്യാപാരി വ്യവസായി സംഘടനകള്‍ കടകമ്പോളങ്ങള്‍ അടച്ചും പൊതുജനങ്ങള്‍ യാത്ര ഒഴിവാക്കിയും സഹകരിച്ചു തുടങ്ങിയതോടെ രണ്ടുദിനം കേരളം നിശ്ചലമാകുമെന്നുറപ്പായി. സംസ്ഥാനത്തുടനീളം ബന്ദിന്റെ പ്രതീതിയാണ്.
കേരളം അഭിമുഖീകരിക്കുന്ന വൈദ്യുതി, കെഎസ്ആര്‍ടിസി പ്രതിസന്ധിയും തൊഴിലാളികളുടെ ക്ഷേമപദ്ധതികള്‍ തകര്‍ക്കുന്ന സര്‍ക്കാര്‍ നിലപാടും ജനലക്ഷങ്ങളെ പണിമുടക്കിന് അനുകൂലമായി ചിന്തിപ്പിച്ചു. കര്‍ഷകരും പണിമുടക്കുന്നുണ്ട്. ബാങ്ക്-ഇന്‍ഷുറന്‍സ്-പ്രതിരോധമേഖലകളിലെ സ്വതന്ത്ര ഫെഡറേഷനുകളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യ ചരിത്രത്തിലാദ്യമായി മുഴുവന്‍ കേന്ദ്ര ട്രേഡ് യൂണിയനുകളും മറ്റു സംഘടനകളും ഒരുമിച്ച് ആരംഭിച്ച പണിമുടക്ക് സംസ്ഥാനത്ത് ചരിത്രസമരമാക്കാന്‍ മുഴുവന്‍ ആളുകളും സഹകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാനസമിതി അഭ്യര്‍ഥിച്ചു.
deshabhimani
No comments:
Post a Comment