Monday, February 18, 2013

അവകാശപോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം


ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള തൊഴിലാളിവര്‍ഗത്തിന്റെ പോരാട്ടത്തിന് കരുത്തേകി സ്വതന്ത്രഇന്ത്യയിലെ ആദ്യ ദ്വിദിനപണിമുടക്കിന് ബുധനാഴ്ച തുടക്കമാകും. ലോകത്തിലെ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ പങ്കെടുക്കുന്ന പ്രക്ഷോഭമാകും ഇത്. നയപരമായ പ്രശ്നങ്ങളോടൊപ്പം ആഗോളവല്‍ക്കരണ കാലത്ത് തൊഴിലാളികള്‍ക്ക് നിഷേധിക്കപ്പെടുന്ന അവകാശങ്ങള്‍ സംരക്ഷിക്കുകയെന്ന മുദ്രാവാക്യവും പണിമുടക്ക് ഉയര്‍ത്തുന്നു.

വിലക്കയറ്റം തടയുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ഓഹരിവില്‍പ്പന തടയുക, സാമൂഹ്യസുരക്ഷാ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുക തുടങ്ങി നയപരമായ പ്രശ്നങ്ങളാണ് ട്രേഡ്യൂണിയനുകള്‍ ഈ പണിമുടക്കില്‍ ഉയര്‍ത്തുന്നത്. 1991 മുതല്‍ ഇടതുപക്ഷ ട്രേഡ്യൂണിയനുകള്‍ നടത്തിയ 12 പണിമുടക്കിലും 2010 സെപ്തംബറില്‍ ഐഎന്‍ടിയുസികൂടി പങ്കെടുത്ത പണിമുടക്കിലും നയപരമായ ആവശ്യങ്ങളാണ് പ്രധാനമായും ഉയര്‍ത്തിയത്. പിന്നീട് 2012 ഫെബ്രുവരി 28 ന്റെ പണിമുടക്കിലാണ് തൊഴിലാളികളുടെ അവകാശങ്ങളും പ്രധാന മുദ്രാവാക്യമായി ഉയര്‍ന്നത്. ഇതില്‍ ബിഎംഎസും തമിഴ്നാട്ടിലെ എല്‍പിഎഫും അണിനിരന്നു. കേന്ദ്രസര്‍ക്കാര്‍ മിനിമം മാസക്കൂലി 10,000 രൂപയായി ഉടന്‍ നിശ്ചയിക്കണമെന്നാണ് ഏറ്റവും പ്രധാനപ്പെട്ട ആവശ്യം. എല്ലാ മേഖലയ്ക്കും പ്രത്യേക നയമുള്ള രാജ്യത്ത് വേതനയം മാത്രമാണ് ഇല്ലാത്തത്. 1937 ലെ ഇടക്കാല സര്‍ക്കാരിന്റെ കാലത്ത് തൊഴിലാളികള്‍ക്ക് ജീവിക്കാനുള്ള വേതനം നല്‍കണമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍, സ്വാതന്ത്ര്യം കിട്ടി 65 വര്‍ഷം പിന്നിട്ടിട്ടും മിനിമം കൂലി നിശ്ചയിച്ചിട്ടില്ല.

കരാര്‍ തൊഴില്‍ അവസാനിപ്പിക്കണമെന്നതാണ് ട്രേഡ്യൂണിയനുകളുടെ മറ്റൊരു പ്രധാന ആവശ്യം. തുടര്‍ച്ച സ്വഭാവമുള്ള ജോലികളില്‍ കരാര്‍ തൊഴില്‍ അനുവദിക്കരുതെന്ന് നിയമം പാസാക്കിയ രാജ്യമായിട്ടും സര്‍ക്കാര്‍ സര്‍വീസില്‍പോലും കരാര്‍ തൊഴില്‍ വ്യാപകമാവുകയാണ്. ഇവര്‍ക്ക് മറ്റ് തൊഴിലാളികള്‍ക്കുള്ള വേതനമോ ജോലി സുരക്ഷയോ ഇല്ലതാനും. തുല്യജോലിക്ക് തുല്യവേതനം എന്ന ആവശ്യം ട്രേഡ്യൂണിയനുകള്‍ മുന്നോട്ടു വയ്ക്കുന്നതും ഈ സാഹചര്യത്തിലാണ്. ഇതുസംബന്ധിച്ച നിയമ ഭേദഗതി കൊണ്ടുവരാമെന്ന് കേന്ദ്രസര്‍ക്കാര്‍ 2010 ല്‍ തന്നെ വാഗ്ദാനം ചെയ്തെങ്കിലും ഇതുവരെയും ഭേദഗതി കൊണ്ടുവന്നിട്ടില്ല. തൊഴില്‍മന്ത്രാലയം ഇതു സംബന്ധിച്ച നിര്‍ദേശം തയ്യാറാക്കിയെങ്കിലും വാണിജ്യ-ധന മന്ത്രാലയങ്ങള്‍ അനുമതി നല്‍കിയിട്ടില്ല. തൊഴിലാളികളുടെ അവകാശങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്രതൊഴില്‍ സംഘടനയുടെ 87-ാം ചട്ടവും കൂട്ടായ വിലപേശല്‍ സംബന്ധിച്ച 98-ാം ചട്ടവും നടപ്പാക്കണമെന്നാണ് മറ്റൊരു ആവശ്യം.

1926 ല്‍ തന്നെ ട്രേഡ്യൂണിയന്‍ നിയമം ഇന്ത്യ പാസാക്കിയെങ്കിലും ട്രേഡ്യൂണിയനുകള്‍ രജിസ്റ്റര്‍ചെയ്യുന്നത് നിര്‍ബന്ധമാക്കാനോ, രജിസ്റ്റര്‍ചെയ്യപ്പെട്ട സംഘടനകളുമായി തൊഴിലുടമകള്‍ ചര്‍ച്ച നടത്തണമെന്ന് ഉറപ്പാക്കാനോ ഇന്ത്യയില്‍ വ്യവസ്ഥയില്ല. ഐഎല്‍ഒ ചട്ടം അംഗീകരിക്കുന്ന പക്ഷം ട്രേഡ്യൂണിയന്‍ രജിസ്റ്റര്‍ചെയ്യാന്‍ അപേക്ഷ നല്‍കിയാല്‍ 45 ദിവസത്തിനകം അംഗീകാരം നല്‍കേണ്ടിവരും. കേരളം, ബംഗാള്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍മാത്രമാണ് ട്രേഡ്യൂണിയനുകള്‍ക്ക് അംഗീകാരം നല്‍കുന്ന സമ്പ്രദായംപോലും ഉള്ളത്. ട്രേഡ്യൂണിയനുകളെ അംഗീകരിക്കാത്തതാണ് മനേസറിലെ മാരുതിയിലും മറ്റുമുണ്ടായ പ്രശ്നങ്ങള്‍ക്ക് കാരണമായത്. തൊഴില്‍നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും എല്ലാ തൊഴിലാളികള്‍ക്കും പെന്‍ഷന്‍ നല്‍കണമെന്നുമുള്ള ആവശ്യങ്ങളും പണിമുടക്കില്‍ പങ്കെടുക്കുന്ന 11 കേന്ദ്ര ട്രേഡ്യൂണിയനുകളും ആവശ്യപ്പെടുന്നു.
(വി ബി പരമേശ്വരന്‍)

deshabhimani

No comments:

Post a Comment