362 കോടി രൂപയുടെ ഹെലികോപ്റ്റര്‍ കുംഭകോണ ഇടപാടിലെ വിദേശികളായ രണ്ട് ഇടനിലക്കാര്‍ക്കും കോണ്‍ഗ്രസ് നേതൃത്വവുമായി അടുത്തബന്ധം. കോഴപ്പണത്തില്‍ 60 ശതമാനത്തിന്റെയും വിതരണച്ചുമതല നിര്‍വഹിച്ച ബ്രിട്ടീഷ് പൗരന്‍ ക്രിസ്ത്യന്‍ മിഷലിനും മറ്റൊരു പ്രധാന ഇടനിലക്കാരനായ ഗിഡോ റാള്‍ഫ് ഹാഷ്കെയ്ക്കുമാണ് കോണ്‍ഗ്രസ് നേതൃത്വവുമായി അടുത്ത സൗഹൃദമുള്ളത്. ക്രിസ്ത്യന്‍ മിഷലിന്റെ അച്ഛന്‍ വൂള്‍ഫ്ഗാങ് മാക്സ് മിഷല്‍ റിച്ചാര്‍ഡിന് എണ്‍പതുകള്‍ മുതല്‍ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വവുമായി അടുപ്പമുണ്ടെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ഗാന്ധിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കനിഷ്കസിങ്ങിന്റെ കുടുംബം നടത്തുന്ന എമ്മാര്‍ എംജിഎഫ് റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ ഡയറക്ടറായിരുന്നു ഇടനിലക്കാരില്‍ രണ്ടാമനായ ഹാഷ്കെ. 2005ല്‍ ഇറ്റാലിയന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഹാഷ്കെ ഔദ്യോഗിക സംഘത്തിലുണ്ടായിരുന്നെന്ന വാര്‍ത്തയും പുറത്തുവന്നു. ഇറ്റാലിയന്‍ കോടതി മുമ്പാകെ നടത്തിയ കുറ്റസമ്മത സത്യവാങ്മൂലത്തില്‍ ഹാഷ്ക്കെ തന്നെയാണ് ഇത് വെളിപ്പെടുത്തിയത്. ഈ അവസരത്തില്‍ വ്യോമസേനാ തലവനായിരുന്ന എസ് പി ത്യാഗിയുമായും ഫിന്‍മെക്കാനിക്ക കമ്പനിയുടെ പ്രതിനിധികളുമായും കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടായി. കരാര്‍ നീക്കങ്ങളില്‍ പുരോഗതി വന്നത് ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ്. ത്യാഗിയുടെ ബന്ധു ജൂലി ത്യാഗി മുഖാന്തരമാണ് ചര്‍ച്ചകള്‍ നടന്നതെന്നും ഹാഷ്കെ പറഞ്ഞു. ഇറ്റാലിയന്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ള ക്രിസ്ത്യന്‍ മിഷലിനെയും ഹാഷ്കെയെയും ചോദ്യംചെയ്ത്വരികയാണ്.
കോഴപ്പണമായ 362 കോടിയില്‍ 210 കോടിയാണ് ക്രിസ്ത്യന്‍ മിഷല്‍ വഴി അഗസ്ത വെസ്റ്റ്ലാന്‍ഡ് കമ്പനി വിതരണം ചെയ്തത്. ഈ പണം ആര്‍ക്കൊക്കെയാണ് നല്‍കിയതെന്ന് മിഷല്‍ വെളിപ്പെടുത്തിയിട്ടില്ല. അഗസത് വെസ്റ്റ്ലാന്‍ഡിന് പുറമെ മറ്റു പല വിദേശ പ്രതിരോധ കമ്പനികളുടെയും ഇടനിലക്കാരനാണ് മിഷല്‍. ഇന്ത്യ ഉടന്‍ ഒപ്പുവയ്ക്കാന്‍ പോകുന്ന ലോകത്തിലെ ഏറ്റവുംവലിയ പ്രതിരോധ ഇടപാടിലും മിഷലാണ് ഇടനിലക്കാരന്‍. ഫ്രാന്‍സിലെ ദസൗള്‍ട്ട് കമ്പനിയില്‍ നിന്ന് റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് ഇന്ത്യ ഏര്‍പ്പെടാന്‍ പോകുന്ന കരാര്‍ 1000 കോടി അമേരിക്കന്‍ ഡോളറിന്റേതാണ് ( 53,500 കോടിയോളം രൂപ). ദസൗള്‍ട്ടില്‍ നിന്ന് നേരത്തെ ഇന്ത്യ മിറാഷ് യുദ്ധവിമാനങ്ങള്‍ വാങ്ങിയപ്പോഴും മിഷലായിരുന്നു ഇടനിലക്കാരന്‍. മിഷലിന്റെ അച്ഛന്‍ വൂള്‍ഫ്ഗാങ് മാക്സ് മിഷല്‍ റിച്ചാര്‍ഡിന് ഇന്ത്യയില്‍ സജീവമായ ബിസിനസ് ഇടപാടുകളുണ്ടായിരുന്നു. ഇദ്ദേഹം കഴിഞ്ഞ ആഗസ്തില്‍ അന്തരിച്ചു. അച്ഛന്റെ ബിസിനസ് ഇടപാടുകള്‍ കുറേവര്‍ഷമായി ക്രിസ്ത്യന്‍ മിഷലിന്റെ മേല്‍നോട്ടത്തിലാണ്.
പ്രതിരോധമേഖലയില്‍ പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ കമ്പനികള്‍ക്ക് വേണ്ടി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ദല്ലാള്‍ ജോലിയാണ് മിഷല്‍ കുടുംബം നടത്തുന്നത്. പ്രതിരോധസാമഗ്രികള്‍ കൂടുതലായും ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യയാണ് ഇവരുടെ മുഖ്യപ്രവര്‍ത്തന കേന്ദ്രം. അനധികൃത ഇടപാടുകള്‍ നടത്തുന്നതുകൊണ്ട് മുഖ്യധാരയില്‍ നിന്നൊഴിഞ്ഞാണ് മിഷലിന്റെ പ്രവര്‍ത്തനങ്ങള്‍. മിഷലിന്റെ ഒരു ഫോട്ടോ പോലും എവിടെയും ലഭ്യമല്ല. ഇയാളുടേതായി ഏതെങ്കിലും കമ്പനി നിലവിലുള്ളതായും രേഖയില്ല. ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളിലും മിഷല്‍ കുടുംബത്തിന് വന്‍ രാഷ്ട്രീയസ്വാധീനമുണ്ട്.
(എം പ്രശാന്ത്)
deshabhimani 180213
No comments:
Post a Comment