Friday, February 8, 2013

ചാര്‍ളിയും മാറ്റിപ്പറഞ്ഞു; കുര്യന്‍ കൂടുതല്‍ കുടുങ്ങി


 പി ജെ കുര്യനെ തിരുവല്ലയിലെ ഇടിക്കുളയുടെ വീട്ടില്‍ കണ്ടത് 1996 ഫെബ്രുവരി 18 നാണെന്ന് കോണ്‍ഗ്രസ് നേതാവ് ചാര്‍ളി എബ്രഹാമിന്റെ സംഭാഷണം പുറത്തായി. പെണ്‍കുട്ടി ഫെബ്രുവരി 19 നാണ് കുര്യന്‍ തന്നെ പീഡിപ്പിച്ചതെന്ന് മൊഴി നല്‍കിയതുകൊണ്ടാണ് തങ്ങള്‍ അതേദിവസം കുര്യനെ കണ്ടുവെന്ന് മൊഴി നല്‍കിയത്. ദിലീപന്‍ എന്നയാളുമായി ചാര്‍ളി നടത്തിയ സൗഹൃദസംഭാഷണമാണ് പുറത്തായത്. ദിലീപനാണ് ചാര്‍ളിയുടെ സംഭാഷണം പുറത്തുവിട്ടത്. കുര്യന്‍ ബി ജെ പി നേതാവ് കെ എസ് രാജന് പണം വാഗ്ദാനം ചെയ്തിരുന്നതായും ചാര്‍ളി പറയുന്നു. എന്നാല്‍ രാജന്‍ പണം വാങ്ങിയില്ല. എത്ര തുകയാണെന്നു മാത്രം പറഞ്ഞില്ല. ചില്ലിക്കാശുപോലും ആവശ്യമില്ലെന്ന് രാജന്‍ പറഞ്ഞു.

ചാര്‍ളി പ്രസിഡന്റായ ഉമയാറ്റുകര സര്‍വീസ് സഹകരണബാങ്കിന്റെ ഡയറക്ടറാണ് ദിലീപന്‍. ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി സംസാരിക്കുന്നതിനായി ചാര്‍ളിയുടെ വീട്ടിലെത്തിയ ദിലീപന്‍ സാന്ദര്‍ഭികമായി സൂര്യനെല്ലി കാര്യങ്ങള്‍ കൂടി ചോദിച്ചു. അപ്പോള്‍ ചാര്‍ളി പറഞ്ഞ കാര്യങ്ങള്‍ ദിലീപന്‍ സ്വന്തം ഫോണില്‍ റെക്കോഡു ചെയ്തു. ഒ രാജഗോപാല്‍ ഈ വിഷയത്തില്‍ ഇടപെട്ടിരുന്നുവെന്നും ദിലീപനുമായുള്ള സംഭാഷണമധ്യേ ചാര്‍ളി വെളിപ്പെടുത്തുന്നു.

പി ജെ കുര്യനെ താന്‍ കണ്ടത് വൈകിട്ട് അഞ്ചിനാണെന്നും ഏഴിനെന്ന് അന്വേഷണോദ്യോഗസ്ഥനായ സിബി മാത്യുസ് ചേര്‍ത്തുവെന്നും രാജന്‍ വെള്ളിയാഴ്ച രാവിലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. തന്റെ മൊഴി തെറ്റായി രേഖപ്പെടുത്തിയതിന് സിബി മാത്യൂസിനെതിരായ നിയമനടപടി സ്വീകരിക്കുമെന്ന് കേസില്‍ പ്രധാന സാക്ഷിയായ രാജന്‍ അറിയിച്ചു. വിധി വന്നപ്പോള്‍ പോലും താന്‍ ഇക്കാര്യം അറിഞ്ഞിട്ടില്ല. സാക്ഷിയെന്ന നിലയില്‍ തന്നെ കോടതിയില്‍ ഹാജരാക്കിയിട്ടില്ല. നിയമനടപടികള്‍ ആരംഭിക്കുന്നതിനായി അഭിഭാഷകന്റെ ഉപദേശം തേടിയിട്ടുണ്ടെന്നും രാജന്‍ അറിയിച്ചു.

പത്തൊമ്പതിന് വൈകിട്ട് അഞ്ചിന് കുര്യനെ കണ്ടുവെന്ന രാജന്റെയും ചാര്‍ളിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്ന് കുര്യന്‍ രക്ഷപ്പെട്ടത്. ഇതോടെ സൂര്യനെല്ലി പെണ്‍കുട്ടി പറയുന്ന കാര്യങ്ങള്‍ ശരിയാണെന്നു തെളിയുകയാണ്. കഴിഞ്ഞദിവസം ചാര്‍ളി നടത്തിയ പത്രസമ്മേളനത്തില്‍ രാജനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തിന്റെ താല്‍പര്യപ്രകാരമാണ് രാജന്‍ മൊഴി മാറ്റുന്നതെന്നാണ് ചാര്‍ളി പറഞ്ഞത്.

deshabhimani

No comments:

Post a Comment