Tuesday, February 19, 2013

ഇത് പെണ്‍ കാഴ്ചയുടെ വര്‍ണ പ്രപഞ്ചം


കൊല്ലം: ചിത്രമെഴുത്ത് പുരുഷന്മാരുടെ മാത്രമല്ല, തങ്ങളുടെതുമാണെന്ന സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനം കൂടിയാവുകയാണ് പബ്ലിക് ലൈബ്രറിയിലെ സോപാനം മംഗളം ഹാളില്‍ ആരംഭിച്ച 12 സ്ത്രീകളുടെ ചിത്രപ്രദര്‍ശനം. ചിത്രകല അഭ്യസിച്ചവരും അല്ലാത്തവരുമായവര്‍ ഇക്കൂട്ടത്തിലുണ്ട്. അവരില്‍ വീട്ടമ്മമാരും അധ്യാപകരും ഡോക്ടറും ഉദ്യോഗസ്ഥകളും വിദ്യാര്‍ഥിനികളുമുണ്ട്. അസോസിയേഷന്‍ ഓഫ് ലേഡി ആര്‍ടിസ്റ്റിന്റെ (അല) നേതൃത്വത്തില്‍ ആരംഭിച്ച പ്രദര്‍ശനം ഞായറാഴ്ച സിനിമാ സംവിധായകന്‍ രാജീവ് അഞ്ചല്‍ ഉദ്ഘാടനംചെയ്തു.

സ്ത്രീ സമൂഹത്തോടുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു കൂട്ടായ ചിത്രപ്രദര്‍ശനത്തിലൂടെ സ്ത്രീപക്ഷ കാഴ്ചപ്പാടുകളും ആനുകാലിക സംഭവങ്ങളോടുള്ള നിലപാടുകളും നിറങ്ങളിലൂടെ നിശബ്ദം പ്രഖ്യാപിക്കുകയാണിവര്‍. എണ്ണഛായവും അക്രിലിക്കും ജലഛായവും പെന്‍സിലുമൊക്കെ മാധ്യമമായി ഉപയോഗിച്ചിട്ടുണ്ട്. ക്യാരറ്റിന്റെ ചാറില്‍ കോറിയിട്ട പരീക്ഷണ ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. ചിത്രകലയില്‍ തന്റേതായ ഇരിപ്പിടം നേടിയവര്‍ക്കൊപ്പം നവാഗതരായ ജൂഡിത്ത് വര്‍ഗീസ്, കെ എസ് രജനി തുടങ്ങിയവരുടെ ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. ഇവരെ കൂടാതെ അലയുടെ പ്രസിഡന്റ് കൂടിയായ നീണ്ടകര ഗവണ്‍മെന്റ് ആശുപത്രിയിലെ ദന്തല്‍ സര്‍ജന്‍ ഡോ. കെ വി ശ്രീകല, സെക്രട്ടറി വിദ്യാഭ്യാസ വകുപ്പില്‍നിന്ന് അക്കൗണ്ട്സ് ഓഫീസറായി വിരമിച്ച രമണിക്കുട്ടി (അമ്മാമ്മ), വീട്ടമ്മയായ അനിത രാജന്‍, വഴുതക്കാട് ചിന്മയ വിദ്യാലയത്തിലെ ചിത്രകലാ അധ്യാപിക സാവിത്രി സുധാകരന്‍, തഴുത്തല ഇന്ത്യന്‍ പബ്ലിക് സ്കൂളിലെ ചിത്രകലാ അധ്യാപിക അനിത, ചാത്തന്നൂര്‍ ശ്രീനികേതന്‍ സെന്‍ട്രല്‍ സ്കൂളിലെ ചിത്രകലാ അധ്യാപിക ബിന്ദു റിഷി, അമൃത ആയുര്‍വേദ സ്കൂളിലെ ലൈബ്രേറിയന്‍ രാഖി ജയദേവ്, ബികോം വിദ്യാര്‍ഥിനി ഇള എസ് രതീഷ്, ഫൈന്‍ ആര്‍ട്സ് കോളേജില്‍നിന്ന് പെയിന്റിങ്ങ് ബിരുദം നേടിയ രശ്മി ശിവ, മാര്‍ത്താണ്ഡം സിഗ്മ കോളേജ് ഓഫ് ആര്‍ക്കിടെക്ടിലെ അധ്യാപിക ആര്‍ രേവതിരാജ് എന്നിവരുടെയും പെയിന്റിങ്ങുകളാണ് പ്രദര്‍ശനത്തിലുള്ളത്. പ്രദര്‍ശനം ചൊവ്വാഴ്ച വൈകിട്ട് സമാപിക്കും.

deshabhimani 190213

No comments:

Post a Comment