Tuesday, February 19, 2013

രണ്ടാംഘട്ടത്തിന് തിരക്കുകൂട്ടുന്നത് ഭൂമികച്ചവടത്തിന്


കൊച്ചി മെട്രോയുടെ ഒന്നാംഘട്ട നിര്‍മാണം തുടങ്ങുംമുമ്പേ ആരംഭിച്ച രണ്ടാംഘട്ടത്തിന്റെ സാധ്യതാപഠനത്തിലൂടെ കെഎംആര്‍എല്‍ ലക്ഷ്യമിടുന്നത് രാജ്യത്തെ വന്‍കിട റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി ചേര്‍ന്നുള്ള ഭൂമികച്ചവടം. കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള ബന്ധത്തിന്റെ പേരില്‍ വിവാദത്തിലായ റിയല്‍ എസ്റ്റേറ്റ് സ്ഥാപനവുമായി ചേര്‍ന്നാണ് കൂട്ടുകച്ചവടം. ഒന്നാംഘട്ടത്തിന്റെ നിര്‍മാണം തുടങ്ങുംമുമ്പേ രണ്ടാംഘട്ടത്തിന്റെ സാധ്യതകള്‍ ആരായുന്ന തിരക്കിലാണ് കെഎംആര്‍എല്‍ ബോര്‍ഡ്. 27നു ചേരുന്ന ബോര്‍ഡ് യോഗത്തിലെ പ്രധാന അജന്‍ഡ ഇതാണ്. കാക്കനാട്, അങ്കമാലി, തൃപ്പൂണിത്തുറ, മട്ടാഞ്ചേരി, ഫോര്‍ട്ട്കൊച്ചി പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് രണ്ടാംഘട്ട മെട്രോപാത. കഴിഞ്ഞമാസം ഡല്‍ഹിയില്‍ ചേര്‍ന്ന കെഎംആര്‍എലിന്റെ ബോര്‍ഡ് യോഗം ഇതിന്റെ സാധ്യതാപഠനം നടത്താന്‍ തീരുമാനിച്ചിരുന്നു. പഠനം നടത്തേണ്ട ഏജന്‍സിയെ കണ്ടെത്താനുള്ള നടപടികള്‍ ഉള്‍പ്പെടെ തീരുമാനങ്ങള്‍ 27ലെ യോഗത്തിലുണ്ടാകും. രണ്ടാംഘട്ടത്തില്‍ ഡിഎംആര്‍സിയും ഇ ശ്രീധരനും പൂര്‍ണമായി ഒഴിവാക്കപ്പെടുമെന്നതിനാല്‍ മുഴുവന്‍ ചുമതലയും കെഎംആര്‍എലിനായിരിക്കും. അതുകൊണ്ടാണ് കെഎംആര്‍എല്‍ നേരത്തേ തയ്യാറെടുപ്പു നടത്തുന്നത്. കൊച്ചി മെട്രോ എന്ന ആശയം രൂപപ്പെട്ടതുമുതല്‍ പദ്ധതിയോടൊപ്പമുള്ള ഡിഎംആര്‍സിയെ ഒന്നാംഘട്ടത്തില്‍ ഒഴിവാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍,രണ്ടാംഘട്ടം പൂര്‍ണമായി സ്വന്തം മേല്‍നോട്ടത്തില്‍ നടപ്പാക്കാനാണ് കെഎംആര്‍എല്‍ ഉദ്ദേശിക്കുന്നത്.

രണ്ടാംഘട്ടത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്ത(പിപിപി)മാണ് പരിഗണിക്കുക. സ്വകാര്യ പങ്കാളിത്തത്തിലൂടെ റിയല്‍ എസ്റ്റേറ്റ് വികസിപ്പിച്ച് മെട്രോ നിര്‍മാണത്തിന് പണം കണ്ടെത്തുന്നതിനെ ഡിഎംആര്‍സി അനുകൂലിക്കുന്നില്ല. മെട്രോപോലുള്ള പദ്ധതികള്‍ പിപിപിയില്‍ സാമ്പത്തികവിജയമാകില്ലെന്ന ഡിഎംആര്‍സിയുടെയും ശ്രീധരന്റെയും അഭിപ്രായവും ഇവര്‍ തള്ളി. റോബര്‍ട്ട് വധേരയുമായി ബന്ധപ്പെട്ട് വിവാദത്തിലായ റിയല്‍ എസ്റ്റേറ്റ് കമ്പനിയെയാണ് പങ്കാളിയായി പരിഗണിക്കുന്നത്. അങ്കമാലി, നെടുമ്പാശേരി, കാക്കനാട്, തൃപ്പൂണിത്തുറ, ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി എന്നീ നഗരഭാഗങ്ങളിലെ വിലപിടിച്ച ഭൂമി ഇവരുടെ കൈവശമെത്തും. തിരക്കിട്ട് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സാമ്പത്തികനേട്ടമുണ്ടാക്കാനുള്ള ലക്ഷ്യത്തോടെയാണെന്ന ആക്ഷേപവുമുണ്ട്. ഒന്നാംഘട്ട നിര്‍മാണത്തിന്റെ ഏതാനും ടെന്‍ഡറുകള്‍ ക്ഷണിക്കല്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. ഡിഎംആര്‍സിയുടെ സഹകരണത്തിനുള്ള ധാരണപത്രത്തിന് അന്തിമരൂപം ഇപ്പോഴുമായിട്ടില്ല. സ്ഥലമേറ്റെടുക്കലും കടലാസിലാണ്. ഡിഎംആര്‍സിയുമായി ഒരുമാസത്തിനകം ധാരണപത്രത്തില്‍ ഒപ്പിടാന്‍ കഴിഞ്ഞ ജനുവരി എട്ടിന് തീരുമാനിച്ചിരുന്നു. ഒന്നരമാസത്തിനു ശേഷവും ഇതുണ്ടായിട്ടില്ല. 27ന് ചേരുന്ന യോഗത്തിലും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകില്ല. ഡിഎംആര്‍സിയുമായി ധാരണപത്രം ഒപ്പിടുന്നതിന് അടിയന്തര പരിഗണനയില്ലെന്നാണ് കെഎംആര്‍എല്‍ എംഡി ഏല്യാസ് ജോര്‍ജ് പറഞ്ഞത്. ടെന്‍ഡറുകള്‍ പൂര്‍ത്തിയായാല്‍ ഡിഎംആര്‍സിയുടെ പങ്ക് നാമമാത്രമായി ഒതുങ്ങുമെന്ന സൂചനയാണ് ഈ പ്രതികരണത്തിലുള്ളത്.

deshabhimani 200213

No comments:

Post a Comment