Tuesday, February 19, 2013

അഫ്സല്‍ഗുരു: പാര്‍ലമെന്റ് തീരുമാനിക്കട്ടെയെന്ന് പ്രധാനമന്ത്രി


അഫ്സല്‍ഗുരുവിന്റെ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കുന്നത് പാര്‍ലമെന്റ് തീരുമാനിക്കട്ടെയെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്.വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നശേഷം തീരുമാനമെടുക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആദ്യമായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞ ഒമ്പതിന് തിഹാര്‍ ജയിലില്‍ തൂക്കിലേറ്റിയ അഫ്സലിന്റെ മൃതദേഹം ജയില്‍ വളപ്പില്‍ തന്നെ മറവുചെയ്തു. അഫ്സലിന്റെ ജന്മനാടായ കശ്മീര്‍ സോപോറിലേക്ക് മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. കുടുംബാംഗങ്ങളെപ്പോലും അറിയിക്കാതെ അഫ്സല്‍ഗുരുവിനെ തൂക്കിക്കൊന്നത് വലിയ വിമര്‍ശത്തിന് ഇടയാക്കി. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയ വിവരം അഫ്സലിന്റെ കുടുംബാംഗങ്ങളെ കൃത്യസമയത്ത് അറിയിക്കാത്തതിനാല്‍ അപ്പീല്‍ നല്‍കാനുള്ള അവകാശവും നിഷേധിക്കപ്പെട്ടു. അഫ്സലിന്റെ വധശിക്ഷ നടപ്പാക്കിയ രീതിയോട് പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെ അസന്തുഷ്ടി അറിയിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തിഹാര്‍ ജയിലില്‍ മരണാനന്തരപ്രാര്‍ഥന നടത്താന്‍ കുടുംബാംഗങ്ങള്‍ക്ക് അനുമതി നല്‍കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ജയില്‍ സന്ദര്‍ശനത്തേക്കാള്‍ പ്രധാനം മൃതദേഹം വിട്ടുകിട്ടുന്നതിനാണെന്ന് അഫ്സലിന്റെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. മൃതദേഹം കശ്മീരില്‍ കൊണ്ടുപോയാല്‍ അഫ്സല്‍ഗുരുവിന് രക്തസാക്ഷി പരിവേഷം ലഭിക്കുമെന്നും അദ്ദേഹത്തിനുവേണ്ടി സ്മാരകം ഉയരുമെന്നും സര്‍ക്കാര്‍ ഭയക്കുന്നു.

deshabhimani 190213

No comments:

Post a Comment