ഷുക്കൂര്‍ കേസ്: തെളിഞ്ഞത് ലീഗ് എംഎല്‍എയുടെയും പൊലീസിന്റെയും ഗൂഢാലോചന- പി ജയരാജന്‍
ഷുക്കൂര്‍ കേസിലെ വ്യാജസാക്ഷികള്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതോടെ തെളിഞ്ഞത് കെ എം ഷാജി എംഎല്‍എയുടെയും പൊലീസിന്റെയും ഗൂഢാലോചനയും ആസൂത്രണവുമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. തളിപ്പറമ്പിലെ ലീഗ് കോട്ടയില്‍ താമസിക്കുന്ന സാക്ഷികളെ സിപിഐ എം ഭീഷണിപ്പെടുത്തിയെന്ന പച്ചനുണയാണ് എഴുന്നള്ളിക്കുന്നത്. സാക്ഷികളെ സംരക്ഷിക്കുമെന്ന പ്രഖ്യാപനവും ഷാജിയുടെ ഇടപെടലിന് തെളിവാണ്. സത്യം വെളിപ്പെട്ടപ്പോള്‍ ലീഗ് നേതാക്കള്‍ കാട്ടുന്ന വെപ്രാളം ജനം തിരിച്ചറിയുന്നുണ്ട്. കണ്ണൂരിലെ ക്വട്ടേഷന്‍-ഗുണ്ടാസംഘങ്ങള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച കാല്‍നടജാഥ സമാപനം മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അരിയില്‍ പ്രദേശത്ത് ലീഗുകാര്‍ തുടര്‍ച്ചയായി നടത്തിയ അതിക്രമങ്ങള്‍ക്കിടെയാണ് ഷുക്കൂര്‍ വധം എന്ന ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായത്. ഈ കേസ് സിപിഐ എമ്മിനെ അടിച്ചൊതുക്കാനുള്ള മാര്‍ഗമായി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വളച്ചൊടിച്ചു. കണ്ണൂരിലെ പൊലീസും ഇതിന് ഒത്താശചെയ്തു. കേട്ടുകേള്‍വിയില്ലാത്ത വകുപ്പ് ഉപയോഗിച്ചാണ് എന്നെയും ടി വി രാജേഷിനെയും പ്രതിചേര്‍ത്തത്. അതിനുപയോഗിച്ച രണ്ടുസാക്ഷികളെയും വ്യാജമായി സൃഷ്ടിച്ചതാണെന്ന് അവരുടെ സത്യവാങ്മൂലത്തിലൂടെ വെളിപ്പെട്ടു. അരിയില്‍ സംഭവമെന്നാല്‍ ഷുക്കൂര്‍വധം മാത്രമാണ് എന്ന് അച്ചുനിരത്തിയ വലതുപക്ഷ മാധ്യമങ്ങള്‍ ഇനിയെങ്കിലും വസ്തുത അന്വേഷിച്ചറിയണം. കോണ്‍ഗ്രസുകാര്‍ക്കുപോലും കൊടിയുയര്‍ത്താന്‍ അനുവാദമില്ലാത്ത അരിയില്‍ ലീഗ് തീവ്രവാദികള്‍ തലയോട്ടി വെട്ടിപ്പിളര്‍ന്ന സിപിഐ എം അനുഭാവി മോഹനന്റെ ഇപ്പോഴത്തെ അവസ്ഥ കാണണം. വീടും സ്ഥലവുംവിറ്റ് വിടണമെന്ന ലീഗ് തിട്ടൂരം അനുസരിക്കാത്തതിന് സകലതും നശിപ്പിക്കപ്പെട്ട സാധാരണമനുഷ്യരുടെ ജീവിതം കാണണം. മലയാളത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് സംഭാവനചെയ്ത പാര്‍ടിക്കോടതിയെന്ന പദം എന്തുകൊണ്ടാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ ഇല്ലാതെപോയതെന്നും മനസിലാക്കണം. കണ്ണൂരില്‍ നിയമം നിയമത്തിന്റെ വഴിക്കല്ല, ലീഗിന്റെയും കോണ്‍ഗ്രസിന്റെയും വഴിക്കാണ് നീങ്ങിയതെന്നും തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.
കള്ളസാക്ഷ്യത്തിന്റെ നാണക്കേട് മറയ്ക്കാന്‍ സിബിഐ അന്വേഷണാവശ്യവുമായി ലീഗ്
കണ്ണൂര്‍ പട്ടുവം അരിയിലെ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷൂക്കൂര്‍ വധക്കേസ് സിബിഐക്ക് വിടണമെന്ന് ഉമ്മ പി സി ആത്തിക്കയും ലീഗ് നേതാക്കളും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേസില്‍ സിപിഐ എം നേതാക്കളെ പ്രതിചേര്‍ക്കാനായി പൊലീസ് കള്ളസാക്ഷി മൊഴി ചമച്ചത് സാക്ഷികള്‍ തന്നെ കോടതിയില്‍ വ്യക്തമാക്കിയതിന്റെ നാണക്കേട് മറയ്ക്കാനുള്ള ലീഗിന്റെ നീക്കങ്ങളുടെ ഭാഗമാണിത്. പൊലീസിനെ ഇതുവരെ പുകഴ്ത്തിപ്പറഞ്ഞ ലീഗ് ജില്ലാ നേതൃത്വവും കെ എന്‍ ഷാജി എംഎല്‍എയും കേസ് നടത്തിപ്പില്‍ പൊലീസ് ഒത്തുകളിച്ചെന്ന ആരോപണവുമായി രംഗത്തെത്തി. ഷുക്കൂര്‍ വധക്കേസ് നടത്തിപ്പില്‍ പൊലീസില്‍ വിശ്വാസമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ തുടക്കംമുതല്‍ കേസ് അട്ടിമറിച്ചുവെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതായി കെ എന്‍ ഷാജി, വി കെ അബ്ദുള്‍ഖാദര്‍ മൗലവി, കെ എം സൂപ്പി, ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദ് എന്നിവര്‍ പറഞ്ഞു.
deshabhimani 190213
No comments:
Post a Comment