Tuesday, February 19, 2013
പ്രഭാകരന്റെ മകനോടും ക്രൂരപ്രതികാരം
കൊളംബോ: തമിഴ്പുലികളെ ഉന്മൂലനം ചെയ്യാനുള്ള അന്തിമയുദ്ധത്തിനിടെ എല്‍ടിടിഇ തലവന്‍ വേലുപ്പിള്ള പ്രഭാകരന്റെ മകന്‍ ബാലചന്ദ്രനെ ശ്രീലങ്കന്‍ സൈന്യം നിഷ്ഠുരമായി കൊലപ്പെടുത്തിയതാണെന്നതിന്റെ തെളിവ് പുറത്തായി. വെറും 12 വയസ്സുണ്ടായിരുന്ന ബാലനെ ആസൂത്രിതമായി കൊല്ലുകയായിരുന്നെന്ന വെളിപ്പെടുത്തല്‍ ശ്രീലങ്കയിലെ മഹിന്ദ രജപക്സെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. ബാലചന്ദ്രന്റെ വധവുമായി ബന്ധപ്പെട്ട നിഗൂഢത മറനീക്കുന്ന ചിത്രങ്ങള്‍ ചാനല്‍ 4 ടെലിവിഷന്റെ ഡോക്യുമെന്ററിയുടെ ഭാഗമായാണ് പുറത്തുവിട്ടത്.
"യുദ്ധരഹിതമേഖല: ശ്രീലങ്കയിലെ കൊലക്കളങ്ങള്‍" എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തത് കല്ലം മക്റേയാണ്. മൂന്നുവര്‍ഷത്തെ ഗവേഷണത്തിലൂടെ നിര്‍മിച്ച ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം അടുത്തമാസം ജനീവയില്‍ ഐക്യരാഷ്ട്ര മനുഷ്യാവകാശസമിതി യോഗത്തില്‍ നടക്കും. സൈന്യവും പുലികളുമായി രൂക്ഷ ഏറ്റുമുട്ടലിനിടെയാണ് ബാലചന്ദ്രനും പ്രഭാകരന്റെ മറ്റു കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതെന്നായിരുന്നു ശ്രീലങ്കന്‍ സര്‍ക്കാരിന്റെ വാദം. എന്നാല്‍, ബാലചന്ദ്രന്‍ കൊല്ലപ്പെടുന്നതിനുമുമ്പ് സൈന്യത്തിന്റെ ബങ്കറില്‍ ഇരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മണല്‍ച്ചാക്ക് അടുക്കി നിര്‍മിച്ച ബങ്കറില്‍ തോക്കേന്തിയ സൈനികര്‍ കാവല്‍ നില്‍ക്കുന്നതും ചിത്രത്തില്‍ വ്യക്തമാണ്. നെഞ്ചില്‍ അഞ്ച് വെടിയുണ്ടയേറ്റ് കൊല്ലപ്പെട്ടു കിടക്കുന്ന ബാലചന്ദ്രന്റെ ചിത്രവും ഇക്കൂട്ടത്തിലുണ്ട്. ഈ ചിത്രമെല്ലാം ഒരേ ക്യാമറയില്‍ ഒരേ ചുറ്റുപാടില്‍ എടുത്തതാണെന്ന് ഡിജിറ്റല്‍ ഇമേജ് അപഗ്രഥനത്തില്‍ വിദഗ്ധര്‍ കണ്ടെത്തിയതായി സംവിധായകന്‍ പറഞ്ഞു.
യുദ്ധത്തിന്റെ "വിജയചിഹ്"മായി സൈനികര്‍ തന്നെ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഹ്രസ്വചിത്രത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. കുട്ടിയുടെ മൃതദേഹത്തിനു സമീപം തലയില്‍ വെടിയേറ്റു മരിച്ച നിലയില്‍ അഞ്ചുപേരുടെ മൃതദേഹം കൂടിയുണ്ടെന്ന് വീഡിയോ ശകലത്തില്‍ കാണാം. ബാലചന്ദ്രന്റെ അംഗരക്ഷകരായ തമിഴ്പുലികളാണ് ഇവരെന്ന് കരുതുന്നു. ഇവരെ വിവസ്ത്രരാക്കി കണ്ണുകള്‍ മറയ്ക്കുകയും കൈകാലുകള്‍ ബന്ധിക്കുകയും ചെയ്ത നിലയിലാണ്. ഫോട്ടോകള്‍ അപഗ്രഥിച്ച് ബാലചന്ദ്രനെ കൊലപ്പെടുത്തിയ രീതി കണ്ടെത്തിയത് പ്രശസ്ത ഫോറന്‍സിക് പതോളജിസ്റ്റായ പ്രൊഫ. ഡെറിക് പൗണ്ടറാണ്. രണ്ടോമൂന്നോ അടി മാത്രം അകലെ നിന്നാണ് വെടിയുതിര്‍ത്തതെന്ന് കുട്ടിയുടെ ശരീരത്തിലെ മുറിവുകളില്‍നിന്ന് വ്യക്തമാണെന്ന് അദ്ദേഹം വിലയിരുത്തി. കൈയകലത്തില്‍നിന്ന് ആദ്യ വെടിയേറ്റതോടെ മലര്‍ന്നുവീണ കുട്ടിയുടെ നെഞ്ചിലേക്ക് നാലുവട്ടം കൂടി നിറയൊഴിച്ചു. കുട്ടിയുടെ കൈകാലുകള്‍ കെട്ടുകയോ കണ്ണ് മൂടുകയോ ചെയ്തിരുന്നില്ല. അംഗരക്ഷകരെ വധിക്കുന്നത് കാട്ടിക്കൊടുത്തശേഷമാണ് കുട്ടിയെയും കൊലപ്പെടുത്തിയതെന്ന് വ്യക്തമാണ്.
പ്രസിഡന്റ് മഹിന്ദ രജപക്സെയുടെയും അദ്ദേഹത്തിന്റെ സഹോദരനും പ്രതിരോധ സെക്രട്ടറിയുമായ ഗോതബയ രജപക്സെയുടെയും നേരിട്ടുള്ള കാര്‍മികത്വത്തിലാണ് എല്‍ടിടിക്കെതിരായ അവസാനയുദ്ധം 2009 മെയില്‍ ശ്രീലങ്കന്‍ സൈന്യം പൂര്‍ത്തിയാക്കിയത്. എല്‍ടിടിഇയെ ഉന്മൂലനം ചെയ്യാനുള്ള നീക്കം തമിഴ്ന്യൂനപക്ഷത്തോടുള്ള പ്രതികാരമായി രജപക്സെ മാറ്റുകയായിരുന്നെന്ന ആരോപണത്തിന് ബലമേകുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന തെളിവുകള്‍. എന്നാല്‍, അസത്യങ്ങളും അര്‍ധസത്യങ്ങളും ഊഹാപോഹങ്ങളും മാത്രം നിറഞ്ഞതാണ് പുതിയ വെളിപ്പെടുത്തലെന്ന് ശ്രീലങ്കന്‍ സൈന്യം പ്രതികരിച്ചു. അന്വേഷണം നടത്താന്‍ പര്യാപ്തമായ തെളിവൊന്നും ഇതില്‍ ഇല്ലെന്നും സൈനിക വക്താവ് ബ്രിഗേഡിയര്‍ റുവാന്‍ വണിഗസൂരിയ പറഞ്ഞു.
പ്രഭാകരന്റെ മകനെ വധിച്ചത് സൈന്യത്തിന്റെ കസ്റ്റഡിയില്‍ ?
ലണ്ടന്‍: എല്‍ടിടി തലവന്‍ വേലുപ്പിള്ളൈ പ്രഭാകരന്റെ മകന്‍ ബാലചന്ദ്രനെ ലങ്കന്‍സേന പിടികൂടി വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. പന്ത്രണ്ടുകാരനായ ബാലചന്ദ്രന്‍ കൊല്ലപ്പെടുന്നതിനു മുമ്പുള്ള ദൃശ്യങ്ങള്‍ ലണ്ടനിലെ ചാനല്‍ ഫോര്‍ ടി വി പുറത്തുവിട്ടു. മൂന്നു ചിത്രങ്ങളില്‍ രണ്ടെണ്ണം കുട്ടി സൈന്യത്തിന്റെ കസ്റ്റഡിയിലിരിക്കുന്നതാണ്. ബിസ്കറ്റ് കഴിച്ചു കൊണ്ട് നിഷ്കളങ്കനായിരിക്കുന്ന രണ്ടു ചിത്രങ്ങളും നെഞ്ചില്‍ വെടിയേറ്റ് മരിച്ചു കിടക്കുന്ന ഒരു ചിത്രവുമാണ് അവര്‍ പുറത്തുവിട്ടത്. കുട്ടിയുടെ മൂന്നു ചിത്രങ്ങളും ദ ഹിന്ദു പ്രസിദ്ധീകരിച്ചിട്ടുണ്ട്. "നോ വര്‍സോണ്‍: ദ കില്ലിങ്ങ് ഫീല്‍ഡ്സ് ഓഫ് ശ്രീലങ്ക" എന്ന ഡോക്യുമെന്ററിയുടെ ഭാഗമായാണ് ചാനല്‍ ചിത്രം പുറത്തുവിട്ടത്.
ഒരേ ക്യാമറ ഉപയോഗിച്ചാണ് ചിത്രമെടുത്തത്. പ്രഭാകരനും മകനും ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്നാണ് സൈന്യം വിശദീകരിച്ചത്. ഇതോടെ കുട്ടിയെ ജീവനോടെ പിടികൂടി കസ്റ്റഡിയില്‍ വച്ച് വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നത് വെളിവായി. ചിത്രം പ്രസിദ്ധീകരിച്ചതോടെ കടുത്ത പ്രതികരണങ്ങള്‍ വന്നുതുടങ്ങി. ചിത്രം വലിയ അസ്വസ്ഥതയുണ്ടാക്കുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകള്‍ പ്രതികരിച്ചു. വാര്‍ത്തയും ചിത്രങ്ങളും ഇന്ത്യന്‍ സര്‍ക്കാരിനും പ്രതിസന്ധി സൃഷ്ടിക്കും. ലങ്കന്‍ സര്‍ക്കാരിന് അനുകൂല നിലപാടെടുത്ത കേന്ദ്രസര്‍ക്കാരിനെതിരെ തമിഴര്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ട്. തമിഴ്നാട്ടിലും ഇതിന്റെ പ്രതികരണങ്ങള്‍ ഉണ്ടായേക്കും.
deshabhimani 200213
Subscribe to:
Post Comments (Atom)
No comments:
Post a Comment