Tuesday, February 19, 2013

ഹിന്ദിമേഖലയില്‍ ആദ്യമായി സിപിഐ എം ദേശീയജാഥ


ബദല്‍ രാഷ്ട്രീയനയം ഉയര്‍ത്തി സിപിഐ എം നാല് അഖിലേന്ത്യാ ജാഥകള്‍ നടത്തുന്നത് കോഴിക്കോട്ട് ചേര്‍ന്ന 20-ാം പാര്‍ടി കോണ്‍ഗ്രസ് തീരുമാനത്തിന്റെ ഭാഗമായി. ആഗോളവല്‍ക്കരണത്തിന്റെ കഷ്ടതകള്‍ അനുഭവിക്കുന്ന ജനവിഭാഗങ്ങളെ അണിനിരത്തി വന്‍ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ടി തയ്യാറെടുക്കണമെന്നായിരുന്നു പാര്‍ടി കോണ്‍ഗ്രസ് തീരുമാനം. തൊഴിലാളികള്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, അസംഘടിതമേഖലയിലെ തൊഴിലാളികള്‍, ഇടത്തരം ;വരുമാനക്കാര്‍ തുടങ്ങിയവരാണ് ആഗോളവല്‍ക്കരണകാലത്ത് ബുദ്ധിമുട്ടുന്നത്. ഇവരുടെ പ്രശ്നങ്ങളുയര്‍ത്തി സമരങ്ങളും പോരാട്ടങ്ങളും സംഘടിപ്പിക്കാനാണ് 20-ാം പാര്‍ടി കോണ്‍ഗ്രസ് പ്രധാനമായും ആഹ്വാനംചെയ്തത്. ശക്തമായ ബദല്‍ രാഷ്ട്രീയനയം മുന്നോട്ടുവച്ച് എല്ലാ വിഭാഗം ജനങ്ങളുടെയും ആവശ്യങ്ങളുയര്‍ത്തി പോരാട്ടം സംഘടിപ്പിച്ച്, ബൂര്‍ഷ്വാ സ്വാധീനത്തില്‍പ്പെട്ട ജനങ്ങളെ ഇടതുപക്ഷ ശക്തികള്‍ക്കൊപ്പം അണിനിരത്താന്‍ ശ്രമിക്കണമെന്നും പാര്‍ടി കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരുന്നു.

ഇതനുസരിച്ചുള്ള വന്‍ പ്രക്ഷോഭങ്ങള്‍ക്ക് മുന്നോടിയായിട്ടാണ് ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് നാലു ജാഥയും അഞ്ച് ഉപജാഥകളും നടത്തുന്നത്. സിപിഐ എമ്മിന് ശക്തികുറഞ്ഞ സ്ഥലങ്ങളില്‍, പ്രത്യേകിച്ചും ഹിന്ദിമേഖലയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയെന്നതും സമരസന്ദേശജാഥയുടെ ലക്ഷ്യമാണ്. ഹിന്ദിമേഖലയില്‍ സിപിഐ എം കേന്ദ്രനേതാക്കളുടെ നേതൃത്വത്തിലുള്ള ജാഥ കടന്നുപോകുന്നത് ആദ്യമാണ്. ജാഥ വിജയിപ്പിക്കാന്‍ സിപിഐ എമ്മിന്റെ വിവിധ സംസ്ഥാന സെക്രട്ടറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളും നടന്നു. പിബി അംഗങ്ങളും കേന്ദ്ര സെക്രട്ടറിയറ്റ് അംഗങ്ങളും ഈ യോഗങ്ങളില്‍ പങ്കെടുത്തു. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉത്തര്‍പ്രദേശിലും പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള ബിഹാര്‍, പഞ്ചാബ് എന്നിവിടങ്ങളിലും സീതാറാം യെച്ചൂരി മഹാരാഷ്ട്രയിലും വൃന്ദ കാരാട്ട് ജാര്‍ഖണ്ഡിലും കേന്ദ്രസെക്രട്ടറിയറ്റ് അംഗങ്ങളായ ഹനന്‍മുള്ള രാജസ്ഥാനിലും നീലോത്പല്‍ ബസു ഹരിയാനയിലും സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുത്തു. പാര്‍ടി പ്രവര്‍ത്തകര്‍ ആവേശത്തോടെ ജാഥയെ സ്വീകരിക്കാന്‍ ഒരുങ്ങിയെന്ന് എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. മാര്‍ച്ച് 19ന് ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടക്കുന്ന സമാപന റാലയില്‍ പുതിയ പ്രക്ഷോഭസമരങ്ങള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

deshabhimani 190213

No comments:

Post a Comment