Tuesday, February 19, 2013

മന്ത്രി മുനീറിനെ ഒരു കേസില്‍ക്കൂടി ഒഴിവാക്കി


മലപ്പുറം ജില്ലയിലെ റോഡ് നിര്‍മാണ അഴിമതിക്കേസില്‍ മന്തി എം കെ മുനീറിനെ കുറ്റവിമുക്തനാക്കിയ തുടരന്വേഷണ റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതി ശരിവച്ചു. ടെന്‍ഡര്‍ ക്ഷണിക്കാതെ അമിത നിരക്കില്‍ റോഡ് നിര്‍മാണത്തിന് അനുമതി നല്‍കുകയും പിന്നീട് പത്തു ശതമാനം തുക മന്ത്രി സ്വന്തം ഇഷ്ടപ്രകാരം കൂടുതല്‍ നല്‍കി സര്‍ക്കാരിന് 27.83 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയെന്നുമാണ് കേസ്. തൃശൂര്‍ വിജിലന്‍സ് ജഡ്ജി വി ഭാസ്കരനാണ് കുറ്റവിമുക്തനാക്കിയത്. മലപ്പുറം ജില്ലയിലെ മറ്റൊരു റോഡ് നിര്‍മാണ അഴിമതിക്കേസിലും മന്ത്രി മുനീറിനെ കുറ്റവിമുക്തനാക്കിയിരുന്നു.

മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കരാര്‍ നല്‍കിയ മൊറയൂര്‍- വളാഞ്ചേരി-അരിമ്പ്ര-നെടിയിരുപ്പ് റോഡ് നിര്‍മാണത്തിന്റെ ആദ്യ അന്വേഷണത്തില്‍ മന്ത്രി കുറ്റക്കാരനാണെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയതാണ്. മന്ത്രി ഒന്നാം പ്രതിയായി പൊതുമരാമത്ത് ഉദ്യോഗസ്ഥരടക്കം 11 പേര്‍ക്കെതിരെ കുറ്റപത്രവും സമര്‍പ്പിച്ചു. യുഡിഎഫ് അധികാരത്തില്‍ വന്ന ശേഷം നടത്തിയ തുടരന്വേഷണത്തിലാണ് മന്ത്രിയെ കുറ്റവിമുക്തനാക്കിയത്.

29 ശതമാനം അധികം തുകയ്ക്കാണ് മലബാര്‍ ടെക് എന്ന കമ്പനിക്ക് നിര്‍മാണത്തിന് കരാര്‍ നല്‍കിയതെന്ന് ആദ്യ അന്വേഷണത്തില്‍ കണ്ടിരുന്നു. ഇതുകൂടാതെ മന്ത്രിയുടെ താല്‍പ്പര്യപ്രകാരം പത്ത് ശതമാനം അധികതുകയും അനുവദിച്ചു. കരാര്‍ പ്രകാരം 2007ല്‍ തീരേണ്ട നിര്‍മാണം 2009ലാണ് പൂര്‍ത്തിയായത്. നിര്‍മാണത്തില്‍ വന്‍ അഴിമതി നടന്നെന്ന ആരോപണത്തെത്തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാരാണ് അന്വേഷണത്തിന് ഉത്തരവായത്. പൊതുമരാമത്ത് മാന്വലിന് വിരുദ്ധമായ നടപടികളാണ് നിര്‍മാണത്തിലുണ്ടായതെന്നും ആദ്യ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ കോഴിക്കോട് നോര്‍ത്തേണ്‍ റേഞ്ച് വിജിലന്‍സ് ഡിവൈഎസ്പി ടി പി പ്രേമരാജന്‍ കൂടുതല്‍ തെളിവുകളെന്ന പേരില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടിലാണ് മന്ത്രി കുറ്റക്കാരനല്ലെന്ന് സ്ഥാപിച്ചത്. സര്‍ക്കാരിന് 4.22ലക്ഷം രൂപയുടെ നഷ്ടമുണ്ടായി എന്ന മഞ്ചേരി-ആലുംകുന്ന്-മറുകര റോഡ് നിര്‍മാണ അഴിമതിക്കേസിലും ഇതുപോലെ തുടരന്വേഷണം നടത്തി മന്ത്രിയെ കുറ്റവിമുക്തനാക്കിയിരുന്നു.

മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന മലപ്പുറം ജില്ലയിലെ നിരവധി റോഡുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രിയായിരുന്ന മുനീര്‍ പ്രതിയായി കേസുകളുണ്ട്. ഇവയെല്ലാം തുടരന്വേഷണ പ്രഹസനത്തിലൂടെ ഇല്ലാതാക്കുന്നതായാണ് സൂചന. പാമൊലിന്‍ അഴിമതിക്കേസില്‍ ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും യുഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷമാണ്.

deshabhimani 190213

No comments:

Post a Comment