Tuesday, February 19, 2013

ഡീസല്‍ വിലവര്‍ധന തുടര്‍ന്നാല്‍ കെഎസ്ആര്‍ടിസി നിന്ന് പോകും


ഡീസല്‍ വിലവര്‍ധന ഇന്നത്തെ നിലയില്‍ തുടര്‍ന്നാല്‍ കെഎസ്ആര്‍ടിസി സര്‍വീസ് തനിയെ നിന്നുപോകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഡീസല്‍ വില വര്‍ധനമൂലം കെഎസ്ആര്‍ടിസിയ്ക്ക് 91.5 കോടി രൂപയുടെ അധികബാധ്യത വരുന്നുണ്ട്. 1,908 കോടി രൂപയാണ് കോര്‍പ്പറേഷന്റെ വാര്‍ഷിക നഷ്ടം. അടിക്കടിയുള്ള ഡീസല്‍ വിലവര്‍ധനയുമായി ബന്ധപ്പെട്ടുള്ള കേന്ദ്രനയം അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസി നിലവില്‍ നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കാനായി ഒന്നും ചെയ്യാന്‍ കഴിയാത്ത ആര്യാടന്‍ മുഹമ്മ് എന്തിനാണ് മന്ത്രിസ്ഥാനത്ത് തുടരുന്നതെന്ന് മനസിലാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിസന്ധി ചൂണ്ടിക്കാണിച്ച് കെഎസ്ആര്‍ടിസി നിരക്ക് വര്‍ധിപ്പിക്കുകയോ സര്‍വീസ് വെട്ടിച്ചുരുക്കുകയോ ചെയ്താല്‍ പ്രതിപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.

സൂപ്പര്‍ ടാക്സ് ഒഴിവാക്കണമെന്ന്  കെഎസ്ആര്‍ടിസി

തിരു: ഡീസലിന് സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്ന സൂപ്പര്‍ ടാക്സ് ഒഴിവാക്കണമെന്ന് കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് ആവശ്യപ്പെടും. 15 കോടി ലിറ്റര്‍ ഡീസലാണ് വര്‍ഷം കെഎസ്ആര്‍ടിസി വാങ്ങുന്നത്. 950 കോടി രൂപയാണ് ചെലവ്. 24 ശതമാനം സൂപ്പര്‍ ടാക്സായി നല്‍കണം. 250 കോടിയോളം രൂപയാണ് ഇങ്ങനെ സര്‍ക്കാരിന് ലഭിക്കുന്നത്. സൂപ്പര്‍ ടാക്സ് ഒഴിവാക്കണമെന്ന് മുമ്പും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാസംതോറും ഡീസല്‍വില ലിറ്ററിന് 50 പൈസ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി രൂക്ഷമാകും.

വന്‍കിട ഉപഭോക്താവ് എന്ന നിലയില്‍ എണ്ണക്കമ്പനികള്‍ നിശ്ചയിക്കുന്ന വിലയുടെ മൂന്നിരട്ടിയോളം നല്‍കേണ്ടിവരും. ലിറ്ററിന് 50 പൈസ വര്‍ധിപ്പിച്ചാല്‍ കെഎസ്ആര്‍ടിസി രണ്ടു രൂപ അധികം നല്‍കേണ്ടിവരും. ഇതോടെ കൂടുതല്‍ പ്രതിസന്ധിയിലേക്കാവും കെഎസ്ആര്‍ടിസിയുടെ യാത്ര. ഡീസല്‍വില മാസംതോറും വര്‍ധിക്കുന്ന സ്ഥിതിയുണ്ടായാല്‍ യാത്രാനിരക്ക് ഉയര്‍ത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാമെന്നാണ് കോര്‍പറേഷന്‍ കണക്കുകൂട്ടുന്നത്. എന്നാല്‍, ഇത് പ്രായോഗികമല്ല. കെഎസ്ആര്‍ടിസിയ്ക്കും സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ക്കും രണ്ട് വിലയ്ക്ക് ഇന്ധനം ലഭിക്കുന്നത് യാത്രാനിരക്കില്‍ മാറ്റത്തിനും തടസമാകും. പ്രതിസന്ധി പരിഹരിക്കാന്‍ യാത്രാനിരക്ക് വര്‍ധിപ്പിക്കില്ലെന്നു ഗതാഗതമന്ത്രി ഉറപ്പുനല്‍കിയെങ്കിലും ഇതു നടപ്പാകുമെന്ന് തോന്നുന്നില്ല. ഡീസല്‍വില മാസംതോറും വര്‍ധിക്കുന്ന സ്ഥിതിയുണ്ടായാല്‍ യാത്രാനിരക്ക് ഉയര്‍ത്താമെന്നാണ് അധികൃതരുടെ ആലോചന. പ്രതിസന്ധി എങ്ങനെ പരിഹരിക്കാമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പഠിക്കവെയാണ് ഇന്ധന വിലവര്‍ധന കെഎസ്ആര്‍ടിസിക്ക് മൂന്നുകോടിയുടെ അധിക ബാധ്യത അടിച്ചേല്‍പ്പിച്ചത്.

deshabhimani

No comments:

Post a Comment