അഗസ്ത വെസ്റ്റ്ലാന്‍ഡ് കമ്പനിയുമായുള്ള ഹെലികോപ്റ്റര്‍ ഇടപാട് റദ്ദാക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടുതട്ടില്‍. ഇടപാട് പെട്ടെന്ന് റദ്ദാക്കുകയെന്ന നിര്‍ദേശത്തോട് പ്രധാനമന്ത്രി കാര്യാലയത്തിന് (പിഎംഒ) യോജിപ്പില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. കരാര്‍ റദ്ദാക്കലിലേക്ക് നീങ്ങാനുള്ള തീരുമാനം പ്രതിരോധമന്ത്രി എ കെ ആന്റണിയുടേതാണ്. പ്രധാനമന്ത്രി കാര്യാലയവുമായും മറ്റും ചര്‍ച്ച ചെയ്യാതെയാണ് തീരുമാനമെന്ന വിമര്‍ശം കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിനുണ്ട്. വിദേശമന്ത്രാലയത്തിനും ഈ വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായമാണ്. കരാര്‍ റദ്ദാക്കുമോയെന്ന കാര്യത്തില്‍ ഉറപ്പുപറയാന്‍ വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് വിസമ്മതിച്ചു. കാരണം കാണിക്കല്‍ നോട്ടീസ് എന്നത് ആദ്യ ചുവടുമാത്രമാണെന്ന് ഖുര്‍ഷിദ് പറഞ്ഞു. റദ്ദാക്കുമോ ഇല്ലയോ എന്ന കാര്യം തനിക്കറിയില്ല. റദ്ദാക്കലിനുള്ള വകുപ്പുകള്‍ കരാറില്‍ തന്നെ പറയുന്നുണ്ട്. അതിന്റെ ഭാഗമായാണ് കാരണം കാണിക്കല്‍. എന്നാല്‍, പല വശങ്ങളും പരിഗണിച്ചുവേണം തുടര്‍നടപടികള്‍ സ്വീകരിക്കാന്‍-ഖുര്‍ഷിദ് പറഞ്ഞു.
കരാര്‍ റദ്ദാക്കലിന്റെ കാര്യത്തില്‍ ആന്റണി തിടുക്കത്തില്‍ തീരുമാനം എടുക്കേണ്ടിയിരുന്നില്ലെന്ന അഭിപ്രായമാണ് പ്രധാനമന്ത്രിയുടെ ഓഫീസിനും വിദേശ മന്ത്രാലയത്തിനുമുള്ളത്. ഇറ്റാലിയന്‍ കമ്പനി ഉള്‍പ്പെട്ട കേസായതുകൊണ്ടുതന്നെ ശ്രദ്ധാപൂര്‍വം നീങ്ങണമെന്ന അഭിപ്രായമാണ് പല കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുള്ളത്. മാത്രമല്ല, മന്ത്രിസഭയിലോ സുരക്ഷാകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതിയിലോ ചര്‍ച്ച ചെയ്യാതെ പ്രതിച്ഛായ ലക്ഷ്യമിട്ട് ആന്റണി സ്വയം തീരുമാനമെടുക്കുന്നത് കീഴ്വഴക്കങ്ങള്‍ക്ക് വിരുദ്ധമാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അഗസ്ത വെസ്റ്റ്ലാന്‍ഡ് കരാറിന് അന്തിമാനുമതി നല്‍കിയത് സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയായിരുന്നു. 1000 കോടി രൂപയ്ക്ക് മുകളിലുള്ള പ്രതിരോധ കരാറിന് ഈ സമിതിയാണ് അനുമതി നല്‍കേണ്ടത്. കരാര്‍ റദ്ദാക്കാന്‍ പ്രതിരോധ മന്ത്രാലയം താല്‍പ്പര്യപ്പെട്ടാല്‍ തന്നെ സുരക്ഷാസമിതിയാണ് ആദ്യം ചര്‍ച്ച ചെയ്യേണ്ടത്. എന്നാല്‍, ഈ മര്യാദ ആന്റണി പാലിച്ചില്ലെന്നതാണ് വിമര്‍ശം. തന്റെ പ്രതിച്ഛായക്ക് കോട്ടമുണ്ടാകരുതെന്ന ചിന്ത മാത്രമാണ് ആന്റണിക്ക് ഉള്ളതെന്നും സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തം മറക്കുകയാണെന്നും വിമര്‍ശകര്‍ പറഞ്ഞു.
ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇറ്റാലിയന്‍ ഹെലികോപ്റ്റര്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് ഒളിക്കാനൊന്നുമില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. കോപ്റ്റര്‍ ഇടപാട് പാര്‍ലമെന്റില്‍ വിശദമായി ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും ഈ സംഭവവുമായി ബന്ധപ്പെട്ട ഏതുകാര്യവും ചര്‍ച്ചചെയ്യാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹെലികോപ്റ്റര്‍ കരാര്‍ റദ്ദാക്കുന്നതില്‍ പ്രധാനമന്ത്രി കാര്യാലയത്തിന് താല്‍പ്പര്യമില്ലെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
കുംഭകോണത്തിനു പിന്നില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലെ ഉന്നതരുണ്ടെന്ന ആക്ഷേപം പ്രതിപക്ഷ പാര്‍ടികള്‍ ഉന്നയിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ സെക്രട്ടറി കനിഷ്ക സിങ്ങിന് ഇടപാടിലുള്ള പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മുന്‍ എംപി സിബിഐക്ക് കത്തയക്കുകയും ചെയ്തു. സോണിയയുടെ ഇറ്റലിയിലുള്ള സഹോദരിമാര്‍ക്കും കോഴപ്പണം ലഭിച്ചിട്ടുണ്ടെന്ന ആക്ഷേപം ജനതാ പാര്‍ടി അധ്യക്ഷന്‍ സുബ്രഹ്മണ്യം സ്വാമി ഉയര്‍ത്തി. കോപ്റ്റര്‍ ഇടപാട് അന്വേഷിക്കാന്‍ ഇറ്റലിയിലേക്ക് പോകേണ്ട സിബിഐ സംഘത്തിന്റെ യാത്ര നീളുകയാണ്. തിങ്കളാഴ്ച ഇറ്റലിയിലേക്ക് യാത്ര തീരുമാനിച്ചിരുന്നെങ്കിലും ചൊവ്വാഴ്ചത്തേക്ക് മാറ്റി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായില്ലെന്ന ന്യായമാണ് സിബിഐ മുന്നോട്ടുവയ്ക്കുന്നത്. ഇറ്റലി സര്‍ക്കാര്‍ മുമ്പാകെ ഇന്ത്യയുടെ ആവശ്യങ്ങള്‍ വയ്ക്കുന്നതിന് അവിടെ ഒരു അഭിഭാഷകന്റെ സേവനം സിബിഐ തേടിയിട്ടുണ്ട്. ഇറ്റലിയിലെത്തുന്ന സംഘം അവിടെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ നേരില്‍ കണ്ട് വിശദാംശങ്ങള്‍ ആരായുമെന്ന് സിബിഐ വൃത്തങ്ങള്‍ പറഞ്ഞു.
അതിനിടെ കുംഭകോണത്തിലെ മുഖ്യ ഇടനിലക്കാര്‍ ഒളിവില്‍ പോയതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കനിഷ്ക സിങ്ങിന്റെ കുടുംബവക കമ്പനിയായ എമ്മാര്‍ എംജിഎഫില്‍ ഡയറക്ടറായിരുന്ന ഗിഡോ റാല്‍ഫ് ഹാഷ്കെ, കാര്‍ലോസ് ഗെരോസ എന്നിവരാണ് മുങ്ങിയത്. ഇവരെ വീട്ടുതടങ്കലില്‍ സൂക്ഷിക്കാന്‍ ഇറ്റലിയിലെ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു. ഹാഷ്കെ തെളിവുകള്‍ നശിപ്പിച്ചതായും വാര്‍ത്തകളുണ്ട്. ഇടപാട് സമയത്ത് ഉപയോഗിച്ചിരുന്ന കംപ്യൂട്ടറിലെ എല്ലാ വിവരങ്ങളും മായ്ച്ചുകളയാന്‍ ഹാഷ്കെ ശ്രമിച്ചിരുന്നു. എന്നാല്‍, ഹാര്‍ഡ്ഡിസ്കില്‍നിന്ന് ഇടപാടുമായി ബന്ധപ്പെട്ട ചുരുക്കം വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. കോഴപ്പണം ലഭിച്ചെന്ന വാര്‍ത്തകള്‍ മുന്‍ വ്യോമസേനാ തലവന്‍ എസ് പി ത്യാഗിയുടെ ബന്ധുക്കള്‍ തുടര്‍ച്ചയായി നിഷേധിക്കുകയാണ്. കോഴ കൈപ്പറ്റിയ മറ്റാരെയോ സംരക്ഷിക്കാന്‍ തങ്ങളെ ബലിയാടാക്കുകയാണെന്ന് ത്യാഗിയുടെ ബന്ധുക്കള്‍ വാദിക്കുന്നു.
(എം പ്രശാന്ത്)
deshabhimani 190213
No comments:
Post a Comment