Tuesday, February 19, 2013

ശല്യം ചെയ്തവര്‍ക്കെതിരെ പ്രതികരിച്ച അമൃതയ്ക്കെതിരെ കേസ്


തന്നെയും കുടുംബത്തെയും ശല്യം ചെയ്തവര്‍ക്കെതിരെ പ്രതികരിച്ച ഓള്‍സെയിന്റ്സ് കോളേജിലെ ബിരുദ വിദ്യാര്‍ഥിനി അമൃതയ്ക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അമൃതയ്ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. പെണ്‍കുട്ടിയെ ശല്യം ചെയ്ത അനൂപിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് മൂക്കിന്റെ എല്ല് തകര്‍ത്തെന്നാണ് അനൂപ് പരാതി നല്‍കിയത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്തോടെ ബേക്കറി ജങ്ഷനിലാണ് അമൃതയെയും കുടുംബത്തെയും ഐടി അറ്റ് സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഔദ്യോഗിക വാഹനത്തില്‍ എത്തിയവര്‍ അസഭ്യം പറഞ്ഞ് അപമാനിക്കുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തത്. പിതാവിനെ അക്രമിക്കാന്‍ തുനിഞ്ഞപ്പോള്‍ അമൃത തിരിച്ചടിച്ചതോടെയാണ് അക്രമികളില്‍ രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടത്. അക്രമിസംഘത്തില്‍ മൂന്നു പേരുണ്ടായിരുന്നെന്ന് പരാതിക്കാരും ദൃക്സാക്ഷികളും പറഞ്ഞിട്ടും രണ്ടുപേര്‍ക്കെതിരെ മാത്രമാണ് പൊലീസ് കേസെടുത്തിരുന്നത്. നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച ഒരു പ്രതിയെ മദ്യപിച്ചിട്ടുണ്ടോ എന്ന് വൈദ്യപരിശോധനയ്ക്ക് പോലും വിധേയമാക്കാതെ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. ഐടി അറ്റ് സ്കൂളിലെ ദിവസവേതന ജീവനക്കാരായ അനൂപും ഡയറക്ടറുടെ ഡ്രൈവറുമാണ് അറസ്റ്റിലായത്.

അക്രമി സംഘത്തിലെ മൂന്നാമന്‍ ഐടി അറ്റ് സ്കൂള്‍ മേധാവിയെന്ന് വ്യക്തമായ സൂചന ലഭിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഡയറക്ടര്‍ അബ്ദുള്‍നാസര്‍ കൈപ്പഞ്ചേരിയില്ലാതെ ഈ വാഹനം ഒരിക്കലും പുറത്തുപോകാറില്ലെന്ന് ജീവനക്കാര്‍ വ്യക്തമാക്കി. സമയത്തും അസമയത്തും ഡയറക്ടര്‍ വാഹനം ദുരുപയോഗം ചെയ്യുന്നതായും നേരത്തെ പരാതിയുണ്ടായിരുന്നു. ഔദ്യോഗിക ആവശ്യത്തിനല്ലാതെ വാഹനം ഉപയോഗിക്കുകയാണെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തവും ഡയറക്ടര്‍ക്കാണ്. ഡയറക്ടര്‍ അറിയാതെ വിശ്വസ്തനായ ഡ്രൈവര്‍ വണ്ടിയെടുക്കാറില്ല. മുസ്ലിംലീഗ് പ്രാദേശിക നേതാവായിരുന്ന അബ്ദുള്‍നാസര്‍ കൈപ്പഞ്ചേരി നേരത്തെ മന്ത്രി എം കെ മുനീറിന്റെ പഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നു. സംഘത്തില്‍ മൂന്ന് പേരുണ്ടായിരുന്നോ എന്ന കാര്യം അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കഴിഞ്ഞദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു.

deshabhimani

No comments:

Post a Comment