Monday, June 11, 2012
"പുറത്തുവരുന്നത് യക്ഷിക്കഥകള്‍ക്കു സമാനമായ കാര്യങ്ങള്‍"
ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരുടെ മൊഴികള്‍ എന്ന പേരില്‍ ദിവസേന വരുന്നത് യക്ഷിക്കഥകള്‍ക്ക് സമാനമായ കള്ളക്കഥകളാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എളമരം കരീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിപിഐ എമ്മിനുമേല്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം അടിച്ചേല്‍പ്പിക്കണമെന്ന വാശിയോടെയാണ് ഒരു സംഘം മാധ്യമങ്ങളും കോണ്‍ഗ്രസ് അനുകൂല പൊലീസുദ്യോഗസ്ഥരും പ്രവര്‍ത്തിക്കുന്നത്. സി എച്ച് അശോകന്‍, കെ കെ കൃഷ്ണന്‍ എന്നീ നിരപരാധികളായ പാര്‍ടി നേതാക്കളെ ചോദ്യം ചെയ്യാന്‍ 14 ദിവസം കസ്റ്റഡിയില്‍ വാങ്ങിയ പൊലീസിന് മുഖ്യ കൊലയാളി എന്നുപറഞ്ഞ ടി കെ രജീഷിനെ ഒരു ദിവസംപോലും കസ്റ്റഡിയില്‍ വേണമെന്ന് തോന്നാതിരുന്നത് എന്തുകൊണ്ട്? മുംബൈയില്‍ അന്വേഷണസംഘം സിനിമാസ്റ്റൈലില്‍ രജീഷിനെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു എന്ന വാര്‍ത്ത പൊലീസും മാധ്യമസംഘവും സൃഷ്ടിച്ചതാണ്. രജീഷിന്റേതെന്ന് പറഞ്ഞ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെല്ലാം ബോധപൂര്‍വം മെനഞ്ഞെടുത്ത കള്ളക്കഥകളാണ്. പൊലീസ് നേരത്തെ തയ്യാറാക്കിയ തിരക്കഥയനുസരിച്ചുള്ള മൊഴി രജീഷിനെക്കൊണ്ട് പറയിപ്പിക്കുകയാണ് ചെയ്തത്. സിപിഐ എമ്മിനെ കേസുമായി ബന്ധപ്പെടുത്താന്‍ ഒരു തെളിവും പൊലീസിന് ലഭിച്ചിട്ടില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഗൂഢാലോചന, അന്ത്യേരി സുരയുടെ വീട്ടിലെ ഗൂഢാലോചന എന്നീ കള്ളക്കഥകളെല്ലാം പൊളിഞ്ഞു. പാര്‍ടി ഓഫീസുകളിലാണ് ഗൂഢാലോചന നടന്നതെന്ന പുതിയ കഥയുണ്ടാക്കി അതിന് തെളിവ് സൃഷ്ടിക്കാനാണ് ഏതാനും പേരെ മാപ്പുസാക്ഷികളാക്കിയത്. തങ്ങള്‍ പറയുന്നതുപോലെ ചെയ്തില്ലെങ്കില്‍ കൊലക്കേസില്‍ പ്രതികളാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവരെ പൊലീസ് മാപ്പുസാക്ഷികളാക്കിയത്. പൊലീസ് തയ്യാറാക്കിയ മൊഴി തങ്ങളുടെ കുറ്റമൊഴി എന്ന നിലയില്‍ അവര്‍ നാദാപുരം മജിസ്ട്രേറ്റ് മുമ്പാകെ നല്‍കി. ഈ മാപ്പുസാക്ഷികളെ സൃഷ്ടിക്കാന്‍ മുല്ലപ്പള്ളിരാമചന്ദ്രന്റെ സജീവ ഇടപെടലുകളുണ്ടായെന്ന് വ്യക്തം.
കൊലപാതകം നടന്ന ഉടന്‍ മുഖ്യപ്രതി എന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ച വായപ്പടച്ചി റഫീഖ് ഇപ്പോള്‍ എവിടെയാണ്. കീഴടങ്ങിയ റഫീഖിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ട്. ഇയാളെ വിട്ടയച്ചോ എന്ന് പൊലീസ് വ്യക്തമാക്കണം. റഫീഖ് സിപിഐ എം അനുഭാവിയാണെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. അത് കളവാണെന്ന് തെളിയുകയും റഫീഖിന്റെ യുഡിഎഫ് ബന്ധം വ്യക്തമാവുകയും ചെയ്തപ്പോള്‍ പ്രതിസ്ഥാനത്തുനിന്ന് മാറ്റി. കൊലയാളികള്‍ സഞ്ചരിച്ച വാഹനഉടമ നവീന്‍ദാസ് കോണ്‍ഗ്രസുകാരനും വയലാര്‍ രവിയുടെ ബന്ധുവുമായതിനാല്‍ ഒരു നടപടിയുമില്ല. റഫീഖില്‍നിന്ന് കാര്‍ വാങ്ങിയ ആള്‍ എന്ന് പൊലീസ് പറഞ്ഞ ഹാരിസിനെപ്പറ്റിയും ഇപ്പോള്‍ ഒന്നും കേള്‍ക്കുന്നില്ല. കസ്റ്റഡിയില്‍ ചോദ്യം ചെയ്യപ്പെടുന്നവര്‍ നല്‍കുന്ന മൊഴി പൊലീസ് തയ്യാറാക്കുന്ന തിരക്കഥയനുസരിച്ചുള്ളതാണ്. ചോദ്യം ചെയ്യലിനിടയില്‍ സി എച്ച് അശോകന്‍ കുറ്റസമ്മതം നടത്തി എന്നത് പച്ചക്കള്ളമാണ്. പടയംകണ്ടി രവീന്ദ്രന്‍ ചോദ്യം ചെയ്യലിനിടയില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് നല്‍കിയ മൊഴി എന്ന പേരില്‍ പുറത്തുവന്നത് തല്‍പ്പരകക്ഷികളുടെ ഭാവനാസൃഷ്ടി മാത്രമായിരുന്നു. സിപിഐ എമ്മിനുമേല്‍ കുറ്റം ചാര്‍ത്താന്‍ അത്യധ്വാനം ചെയ്യുന്ന മുല്ലപ്പള്ളി രാമചന്ദ്രനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ദാസ്യവേല ചെയ്യുകയാണ് ഒരുപറ്റം പൊലീസുദ്യോഗസ്ഥരും ചില മാധ്യമങ്ങളും. ചന്ദ്രശേഖരന്‍ കൊലക്കേസ് അന്വേഷണം വഴിതെറ്റി എന്ന് സിപിഐ എം പറഞ്ഞത് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ അനുഭവങ്ങള്‍. യുഡിഎഫിനും ആര്‍എംപിക്കാര്‍ക്കും യഥാര്‍ഥ കൊലയാളികളെ കണ്ടെത്താന്‍ താല്‍പ്പര്യമില്ല. അവര്‍ക്കെല്ലാം വേണ്ടത് സിപിഐ എമ്മിന്റെ രക്തമാണെന്നും എളമരം കരീം പറഞ്ഞു. ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ്കുമാര്‍ എംഎല്‍എ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം ഭാസ്കരന്‍, പി മോഹനന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ചോദ്യംചെയ്യലിന്റെ പേരില്‍ ക്രൂരമര്‍ദനം, മൂന്നാംമുറ
വടകര: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായവരെ മര്‍ദിച്ചും മൂന്നാംമുറ പ്രയോഗിച്ചും മൊഴിയെടുക്കുകയാണെന്ന ആരോപണം പ്രബലമാകുന്നു. ക്രൂരമായി അടിച്ചും പീഡിപ്പിച്ചുമാണ് മൊഴികളില്‍ ഒപ്പിടുവിക്കുന്നതെന്ന പരാതി നീതിപീഠത്തിന് മുന്നിലടക്കമുണ്ട്. പടയങ്കണ്ടി രവീന്ദ്രന്‍, കെ സി രാമചന്ദ്രന്‍ എന്നിവര്‍ മര്‍ദനത്തെപ്പറ്റി കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്. പാനൂര്‍ വടക്കേയില്‍ മനോജന്‍, ജോതിബാബു എന്നിവരുടെ ബന്ധുക്കള്‍ മര്‍ദനത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കയാണ്. അന്വേഷകസംഘത്തിന്റെ പ്രാകൃത ശൈലി തുറന്നുകാട്ടുന്നതാണ് യുവാവിന് മര്‍ദനംമൂലം മനോനില തെറ്റിയെന്ന പരാതി.
കേസിന്റെ തുടക്കത്തില്‍ കസ്റ്റഡിയിലെടുത്ത സിപിഐ എം കൂത്തുപറമ്പ് ഏരിയാ ഓഫീസ് സെക്രട്ടറി സി ബാബുവിലൂടെയാണ് പൊലീസ് മര്‍ദനവും ക്രൂരതയും പുറംലോകമറിഞ്ഞത്. സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള നിരന്തരമായ ശ്രമത്തിലാണ് കേസ് അന്വേഷിക്കുന്ന ഒരുസംഘം പൊലീസ് ഉദ്യോഗസ്ഥര്‍. ഇതിനായി അടിയന്തരാവസ്ഥക്ക് സമാനമായ ഭീകരതയും പ്രാകൃതരീതികളും ആയുധമാക്കി കള്ളമൊഴിയും കള്ളസാക്ഷിയുമെടുപ്പിക്കയാണ് ചെയ്യുന്നത്. പടയങ്കണ്ടി രവീന്ദ്രനാണ് പൊലീസ് അന്വേഷണക്യാമ്പില്‍ പീഡനമേറ്റുവാങ്ങിയ ആദ്യ ഇര. ക്രൂരമര്‍ദനവും മാനസിക-ശാരീരിക പീഡനവുമായിരുന്നു രവീന്ദ്രന് നേരെയുണ്ടായത്. രവീന്ദ്രനെ വടകര സബ്ജയിലില്‍ പോയി കണ്ട എംഎല്‍എമാരായ എളമരം കരീമും കെ കെ ലതികയും ഈ പൊലീസ് ക്രൂരതയുടെ പാടുകള്‍ കണ്ടതാണ്. താന്‍ പറയാത്ത കാര്യങ്ങള്‍ സമ്മര്‍ദംചെലുത്തിയും ഭീഷണിപ്പെടുത്തിയും മൊഴിയായി രേഖപ്പെടുത്തിയതായും വെളിപ്പെടുത്തിയിരുന്നു. രവീന്ദ്രന്‍ ഗൃഹപ്രവേശന കത്ത് കൊടുത്ത് ചന്ദ്രശേഖരനെ കൊലയാളികള്‍ക്ക് കാട്ടിക്കൊടുത്തുവെന്നാണ് അന്വേഷകസംഘത്തില്‍നിന്നുള്ള വിവരമെന്ന വിധം ചില ചാനലുകളും പത്രങ്ങളും പ്രചരിപ്പിച്ചിരുന്നത്. എനാലിത് കള്ളക്കഥയാണെന്ന് രവീന്ദ്രന്‍ പറഞ്ഞു. കൈവിരലുകള്‍ക്കിടയില്‍ പേനകള്‍ തിരുകിവെപ്പിച്ച് അമര്‍ത്തിയാണ് ചോദ്യം ചെയ്തത്. ഇതേത്തുടര്‍ന്ന് വിരല്‍ പൊട്ടി ചോര കട്ടപിടിച്ചു. കസ്റ്റഡിയിലുള്ള ഗുണ്ടകളെക്കൊണ്ടും തല്ലിച്ചു. ഇരുചെകിടത്തും ചെവിയിലും ചേര്‍ത്തടിച്ച് തലകറങ്ങിവീണതടക്കം പലവിധ മര്‍ദനങ്ങളുണ്ടായെന്നാണ് രവീന്ദ്രന്‍ എംഎല്‍എമാരോട് പറഞ്ഞത്.
രാമചന്ദ്രനും മര്‍ദനാനുഭവം കോടതിയില്‍ വിശദീകരിച്ചുരുന്നു. ഭക്ഷണം നല്‍കാതെ നിരന്തരം ചോദ്യംചെയ്ത് അവശനാക്കിയതായി കൂത്തുപറമ്പ് ഏരിയാ ഓഫീസ് സെക്രട്ടറി സി ബാബു പറഞ്ഞിരുന്നു. മര്‍ദനമേറ്റ് പാനൂര്‍ ചെറുപ്പറമ്പ് വടക്കേയില്‍ മനോജന്റെ ശാരീരിക-മാനസിക നില അപകടത്തിലാണെന്നും മാനസികാരോഗ്യവിദഗ്ധന്റെ സേവനം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ പുഷ്പ കോടതിയെ സമീപിച്ചിട്ടുണ്ട്. പള്ളേരി വടക്കേയില്‍ ജോതിബാബുവിന്റെ ഭാര്യ സ്മിതയുടെ ഹര്‍ജിയും കോടതിക്ക് മുന്നിലുണ്ട്. പൊലീസ് ചോദ്യംചെയ്യാനാരംഭിച്ചയുടന്‍ നെഞ്ചുവേദന അനുഭവപ്പെട്ട തലശേരി ഏരിയാകമ്മിറ്റി അംഗം പി പി രാമകൃഷ്ണന്‍ ഇപ്പോഴും ആശുപത്രിയിലാണ്. ക്രൂരമായ മുറകളിലൂടെ ചോദ്യംചെയ്യുക, പൊലീസ് നിശ്ചയിച്ച മൊഴികളെടുത്ത് ഒപ്പിടുവിക്കുക, കള്ളസാക്ഷികളെ സൃഷ്ടിക്കുക അങ്ങനെ തങ്ങളാഗ്രഹിക്കുന്ന വഴിയിലൂടെ കേസ് നീക്കാനാണ് ഈ മര്‍ദനരീതികളെന്ന് പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു.
deshabhimani 110612
Subscribe to:
Post Comments (Atom)
No comments:
Post a Comment