Friday, June 8, 2012

നിയമസഭ തിങ്കളാഴ്ച മുതല്‍; വെബ്സൈറ്റിലും കാണാം


നിയമസഭയുടെ അഞ്ചാമത് സമ്മേളനം ജൂണ്‍ 11 മുതല്‍ ജൂലൈ 31 വരെ നടക്കും. 32 ദിവസമാണ് ഇക്കുറി സമ്മേളനം. 201213 സാമ്പത്തിക വര്‍ഷത്തെ ബജറ്റിന്‍മേലുള്ള ധനാഭ്യര്‍ഥന ചര്‍ച്ചയും വോട്ടെടുപ്പുമാണ് സമ്മേളനത്തിന്റെ പ്രധാന പരിപാടിയെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബജറ്റിന്‍മേലുള്ള ധനാഭ്യഭഥന ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി 13 ദിവസമാണ് (ജൂണ്‍ 18,19,20,21,25,26,27,28,ജൂലൈ നാല്, അഞ്ച്, ഒന്‍പത്, 10,11) നീക്കിവച്ചിരിക്കുന്നത്.നിയമനിര്‍മാണത്തിനായി 11 ദിവസവും (ജൂണ്‍ 11,12,13,14,ജൂലൈ 12,17,23,25,26,30,31), അനൌദേ്യാഗിക അംഗങ്ങളുടെ കാര്യങ്ങള്‍ക്കായി ആറുദിവസം (ജൂണ്‍ 15,22,29,ജൂലൈ ആറ്, 13,27) നീക്കി വച്ചിട്ടുണ്ട്. ജൂലൈ 24ന് 201213 വര്‍ഷത്തെ ഉപധനാഭ്യര്‍ഥനകളുടെ ചര്‍ച്ചയും വോട്ടെടുപ്പും.

നിയമസഭാ നടപടികള്‍ വെബ് സൈറ്റില്‍ ഓണ്‍ ഡിമാന്‍ഡില്‍ ലഭ്യമാക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു. സമ്മേളനം നടക്കുന്ന ഹാളിലെ ദൃശ്യശ്രവ്യ സംവിധാനം നവീനമാക്കി. ഇതിനായി ആറ് കോടി രൂപയുടെ പരിഷ്കാരങ്ങളാണ് വരുത്തിയത്. ആധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ചും ഡിജിറ്റല്‍ സംവിധാനം ഉപയോഗിച്ചുമാണ് സംവിധാനങ്ങള്‍ക്ക് കൂടുതല്‍ പൂര്‍ണത കൈവരുത്തിയിരിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. ഈ സമ്മേളനം മുതല്‍ സഭാനടപടികള്‍ ഓണ്‍ ഡിമാന്റില്‍ ലഭ്യമാക്കുന്നതോടൊപ്പം ചോദ്യങ്ങളും ഉത്തരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാക്കുന്ന രീതി തുടരും. നിയമസഭാ രേഖകള്‍ ഡിജിറ്റലൈസ് ചെയ്ത് നിയമസഭഭ വെബ്സൈറ്റിലുണ്ട്.

നിയമസഭാ മന്ദിരത്തില്‍ സൌരോര്‍ജ്ജത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനും മഴവെള്ളസംഭരണി സ്ഥാപിക്കുന്നതിനുമുള്ള പ്രവര്‍ത്തനം ആരംഭിച്ചു. ഇത് താമസിയാതെ പൂര്‍ത്തിയാക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. നിയമസഭാ മ്യൂസിയത്തില്‍ ഗാന്ധിജിക്കുവേണ്ടി ഒരു പ്രത്യേക വിഭാഗം ഉണ്ടാക്കും. ഇവിടെ ഗാന്ധിജിയുടെ അപൂര്‍വ്വ ചിത്രങ്ങള്‍, മറ്റ് രേഖകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കും.

deshabhimani 090612

No comments:

Post a Comment