Sunday, June 10, 2012
കാര്‍ കൊടുത്ത റഫീഖ് എവിടെ?
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഒരു വിഭാഗം മാധ്യമങ്ങളും പൊലീസും ഒന്നിച്ചുനീങ്ങുമ്പോള്‍ പുറത്തുവരുന്നത് നുണകളുടെ പെരുമഴ. സിപിഐ എം വിരുദ്ധ പ്രചാരണം മാധ്യമങ്ങള്‍ മുഖ്യ അജണ്ടയാക്കിയതുകൊണ്ട് ഈ കേസില്‍ പൊലീസിന് എന്തും ചെയ്യാമെന്ന അവസ്ഥ. കേസിലെ മുഖ്യപ്രതിയെന്നും മുഖ്യ ആസൂത്രകനെന്നും മാധ്യമങ്ങള്‍ ഒരു മാസമായി വിശേഷിപ്പിക്കുന്ന ടി കെ രജീഷിനെ ജൂണ്‍ 5ന് പുലര്‍ച്ചെ ഗോവ-മഹാരാഷ്ട്ര അതിര്‍ത്തിയിലെ കരിമ്പിന്‍ തോട്ടത്തില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ പൊലീസുകാര്‍ പിടിച്ചുവെന്ന കഥ എല്ലാ മാധ്യമങ്ങളും ഒരുപോലെ പ്രചരിപ്പിച്ചു. എന്നാല്‍, ഒരാഴ്ച മുമ്പ് മുംബൈയില്‍നിന്ന് രജീഷിനെ പൊലീസ് പിടികൂടിയിരുന്നു. ഒരാഴ്ചയായി കസ്റ്റഡിയിലുള്ള പ്രതിയെപ്പറ്റി പൊലീസ് പറഞ്ഞുകൊടുത്തതൊക്കെ മാധ്യമങ്ങള്‍ അപ്പടി വാര്‍ത്തയാക്കി. രജീഷിനെ എപ്പോള്‍ പിടിച്ചു എന്ന ചോദ്യം ഒരു കോണില്‍ നിന്നുമില്ല.
മുംബൈയില്‍ നിന്ന് പിടികൂടിയ രജീഷിനെ അവിടെ തന്നെയുള്ള അജ്ഞാതകേന്ദ്രത്തില്‍ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. സിപിഐ എം പാനൂര്‍ ഏരിയാകമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ പേര് പറയിപ്പിക്കാന്‍ നന്നായി തല്ലിയെന്നാണ് രജീഷ് ജയിലില്‍ എത്തിയ ശേഷമുള്ള വിവരം. പിടിച്ചപാടെ രജീഷ് എല്ലാം തുറന്നുപറഞ്ഞു എന്ന് പൊലീസ് പ്രചരിപ്പിക്കുന്നത്, പ്രതി ഒരാഴ്ചയായി തങ്ങളുടെ കസ്റ്റഡിയിലാണെന്ന വിവരം മറച്ചുവയ്ക്കാനുള്ള തന്ത്രമാണ്. വ്യാഴാഴ്ച അറസ്റ്റ് ചെയ്ത രജീഷിനെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയെന്ന് പൊലീസിന്റെ രീതി അറിയുന്ന ആരും വിശ്വസിക്കില്ല. പതിവില്‍ നിന്ന് വ്യത്യസ്തമായി രജീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതുമില്ല. അതിന് പൊലീസ് പറഞ്ഞ കാരണം, തിരിച്ചറിയല്‍ പരേഡ് നടത്താനുണ്ടെന്നാണ്. പ്രതിയുടെ പല പോസിലുള്ള പുതിയ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ശേഷം, തലയാകെ മൂടി കോടതിയില്‍ ഹാജരാക്കിയത് കോടതിയെ കബളിപ്പിക്കാനാണെന്ന് വ്യക്തം. മുഖം മറയ്ക്കുന്നത് പ്രതിയെ ആളുകള്‍ മനസ്സിലാക്കാതിരിക്കാനാണ്. തിരിച്ചറിയല്‍ പരേഡില്‍ സാക്ഷികള്‍ പ്രതിയെ തിരിച്ചറിയുമ്പോള്‍ അതിന് വിശ്വാസ്യത കിട്ടണം. എന്നാല്‍ പത്രങ്ങളിലൂടെയും ടിവികളിലൂടെയും പരിചിതനായ ഒരാളുടെ തിരിച്ചറിയല്‍ പരേഡിന് നിയമപരമായി പ്രസക്തിയില്ല.
കൊല ആസൂത്രണം ചെയ്തത്, കൊടി സുനിക്ക് ഇന്നോവ കാര്‍ കൊടുത്ത റഫീഖാണെന്നായിരുന്നു കൊല നടന്നതുമുതലുള്ള പ്രചാരണം. പിന്നീട്, റഫീഖ് പിറകിലേക്ക് പോയി. ആസൂത്രണം നടത്തിയത് കൊടി സുനിയാണെന്ന് മാധ്യമങ്ങള്‍ വിധിച്ചു. അതിനിടെ സിപിഐ എം തലശേരി ഏരിയാകമ്മിറ്റി അംഗം പി പി രാമകൃഷ്ണന്റെ തലയില്‍ വന്നു ആസൂത്രണം. പിന്നീട് കുഞ്ഞനന്തനായി ആസൂത്രകന്‍. ക്വട്ടേഷന്‍ കൊലയാളികളെ പിടിച്ചിട്ടു പൊലീസിന് കാര്യമില്ല. ഗൂഢാലോചനയും ആസൂത്രണവും സിപിഐ എമ്മിന്റെ ആളുകള്‍ക്കാണെന്ന് വരണം. അതുകൊണ്ടാണ് മാധ്യമങ്ങളുടെ നിഗമനങ്ങളും കണ്ടെത്തലുകളും നിത്യേന മാറുന്നത്. മുഖ്യആസൂത്രകനെന്ന് തുടക്കത്തില്‍ മാധ്യമങ്ങള്‍ പറഞ്ഞ റഫീഖ് മെയ് 30ന് പൊലീസ് മുമ്പാകെ കീഴടങ്ങി. പക്ഷേ, റഫീഖിനെ കോടതിയില്‍ ഹാജരാക്കിയില്ല. ആസൂത്രണത്തിലും നിര്‍വഹണത്തിലും റഫീഖിന് പങ്കില്ലെന്നും കൊടി സുനിയുടെ സംഘത്തിന് വാഹനം നല്‍കുക മാത്രമാണ് ചെയ്തതെന്നുമാണ് ഇപ്പോള്‍ പറയുന്നത്. കൊലയാളി സംഘത്തിന് വണ്ടി സംഘടിപ്പിച്ചുകൊടുക്കുന്നത് കുറ്റമല്ലേ? മൊബൈല്‍ ഫോണിന് സിം കാര്‍ഡ് കൊടുത്തവരെപ്പോലും പ്രതികളാക്കിയ കേസിലാണ് വാഹനം കൊടുത്ത ആളെ നിരപരാധിയാക്കുന്നത്. റഫീഖിനെ പ്രതിയാക്കിയില്ലെന്ന് മാത്രമല്ല, ഇപ്പോള്‍ റഫീഖിനെക്കുറിച്ച് ഒരു വിവരവുമില്ല. ഇയാളെ പൊലീസ് എന്തുചെയ്തു? റഫീഖിനെ പൊലീസ് തന്നെ ഒളിപ്പിച്ചിരിക്കയാണെന്ന് സംശയിക്കാന്‍ കാരണമുണ്ട്.
സംഘത്തലവനാണെന്ന് വിശേഷിപ്പിക്കപ്പെട്ട കൊടിസുനിയെപ്പറ്റി കുറച്ചുദിവസമായി വാര്‍ത്തകളൊന്നുമില്ല. ഇയാള്‍ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സംശയം. സിപിഐ എമ്മിനെതിരെ വാര്‍ത്തകള്‍ കൊടുക്കുന്നതിന് പൊലീസിന് കൃത്യമായ ആസൂത്രണമുണ്ട്. ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിന്റെ വാര്‍ത്തകള്‍ വന്ന് മൂന്നോ നാലോ ദിവസം കഴിഞ്ഞേ മറ്റൊരാളുടെ വിവരം പുറത്തുവിടൂ. മാധ്യമങ്ങള്‍ ഇഷ്ടപ്പെടുന്നതും അതുതന്നെയാണ്. ചന്ദ്രശേഖരനെ കൊല്ലാനുള്ള ക്വട്ടേഷന്‍ തുക 35 ലക്ഷം രൂപയാണെന്നും 45 ലക്ഷം രൂപയാണെന്നുമൊക്കെ ടിവി ചാനലുകള്‍ തുടക്കത്തില്‍ വിളിച്ചുകൂവിയിരുന്നു. എന്നാല്‍ പാര്‍ടി പറഞ്ഞതുകൊണ്ട് പണം വാങ്ങാതെ കൊല നടത്തിയെന്നാണ് പുതിയ ഭാഷ്യം. "പാര്‍ടി പറഞ്ഞു, കൊന്നു" എന്ന് രജീഷ് മൊഴി നല്‍കിയെന്ന കഥ എങ്ങനെയെങ്കിലും സിപിഐ എമ്മിനെ പിടിക്കണമെന്ന ലക്ഷ്യത്തോടെയാണ്. രജീഷ് പൊലീസിനോട് സ്വമേധയാ എന്തൊക്കെ പറഞ്ഞുവെന്നോ പൊലീസ് എന്തൊക്കെ അടിച്ചുപറയിപ്പിച്ചുവെന്നോ അറിയാന്‍ കേസിന്റെ വിവരങ്ങള്‍ കോടതിയിലെത്തണം. അതുവരെ എന്തു ഭാവനാവിലാസവുമാകാം.
(പി പി അബൂബക്കര്‍)
deshabhimani 100612
Labels:
ഓഞ്ചിയം
Subscribe to:
Post Comments (Atom)

ReplyDelete