Monday, June 11, 2012
കള്ളപ്രചാരണം ഒറ്റക്കെട്ടായി ചെറുക്കും: സിപിഐ എം
ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിന് മേല്‍ അടിച്ചേല്‍പ്പിക്കണമെന്ന വാശിയോടെ ഒരുസംഘം മാധ്യമങ്ങളും കോണ്‍ഗ്രസ് അനുകൂല പൊലീസുദ്യോഗസ്ഥരും പ്രവര്‍ത്തിക്കുകയാണെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. പാര്‍ടിക്കെതിരെ ഹീനമായ പ്രചാരണമാണ് തുടരുന്നത്്. അന്വേഷണം വഴിതെറ്റി എന്ന് സിപിഐ എം പറഞ്ഞത് ശരിവെക്കുന്നതാണ് ഇപ്പോഴത്തെ അനുഭവം. കസ്റ്റഡിയിലെടുത്തവരുടെ മൊഴികള്‍ എന്ന പേരില്‍ യക്ഷിക്കഥകള്‍ക്ക് സമാനമായ കള്ളക്കഥകളാണ് ദിവസേന പുറത്തുവരുന്നത്. സിപിഐ എം വിരോധംകൊണ്ട് കണ്ണുകാണാതായ ഒരുകൂട്ടം മാധ്യമങ്ങള്‍ യുഡിഎഫിനെ തൃപ്തിപ്പെടുത്താന്‍ അത്യധ്വാനം ചെയ്യുകയാണ്. കൊലപാതക സംഘത്തില്‍ പ്രമുഖന്‍ എന്ന് പൊലീസ് വിശേഷിപ്പിച്ചതായി മാധ്യമങ്ങള്‍ പ്രചരിപ്പിച്ച രജീഷ് എന്നയാളെ മുംബൈയില്‍വെച്ച് കസ്റ്റഡിയിലെടുത്തതായി വെള്ളിയാഴ്ച വാര്‍ത്തവന്നു. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയ രജീഷിനെ 14 ദിവസത്തേക്ക് റിമാന്‍ഡ്ചെയ്തു. സി എച്ച് അശോകന്‍, കെ കെ കൃഷ്ണന്‍ എന്നീ നിരപരാധികളായ പാര്‍ടി നേതാക്കന്മാരെ ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങിയ പൊലീസിന് മുഖ്യ കൊലയാളിയെന്ന് പറഞ്ഞവനെ കസ്റ്റഡിയില്‍ വേണമെന്ന് തോന്നാതിരുന്നത് എന്തുകൊണ്ടാണ്? വേണ്ട വിവരങ്ങളെല്ലാം നേരത്തെ തന്നെ കിട്ടിയിരുന്നോ. അങ്ങനെയെങ്കില്‍ എത്രദിവസം ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍വച്ചു? ഇതില്‍നിന്ന് വ്യക്തമാകുന്നത് മുംബൈയില്‍ അന്വേഷകസംഘം സിനിമാസ്റ്റൈലില്‍ രജീഷിനെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു എന്ന വാര്‍ത്ത പൊലീസും മാധ്യമസംഘവും സൃഷ്ടിച്ചതാണെന്നാണ്. രജീഷിന്റേതെന്ന് പറഞ്ഞ് വന്ന വാര്‍ത്തകളെല്ലാം മെനഞ്ഞെടുത്തതാണ്.
പടയംകണ്ടി രവീന്ദ്രന്‍, കൂത്തുപറമ്പ് ഓഫീസ് സെക്രട്ടറി ബാബു എന്നിവരെ ചോദ്യംചെയ്ത ശൈലിയിലാണ് രജീഷിനെയും ചോദ്യംചെയ്തത്. പൊലീസിന്റെ തിരക്കഥയനുസരിച്ചുള്ള മൊഴി രജീഷിനെക്കൊണ്ട് പറയിപ്പിച്ചതാണ്. യുഡിഎഫിനെയും കേന്ദ്ര ആഭ്യന്തരമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെയും സന്തോഷിപ്പിക്കാനാണിത്. സിപിഐ എമ്മിനെ കേസുമായി ബന്ധപ്പെടുത്താന്‍ ഒരു തെളിവും പൊലീസിന് ലഭിച്ചിട്ടില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഗൂഢാലോചന, അന്ത്യേരി സുരയുടെ വീട്ടിലെ ഗൂഢാലോചന എന്നീ കള്ളക്കഥകളെല്ലാം പൊളിഞ്ഞു. പിന്നീട് പാര്‍ടി ഓഫീസുകളിലാണ് ഗൂഢാലോചന നടന്നതെന്ന കഥയുണ്ടാക്കി. അതിന് തെളിവുണ്ടാക്കാനാണ് ചിലരെ മാപ്പുസാക്ഷികളാക്കിയത്. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തശേഷം വിട്ടയച്ച സുബിന്‍, അന്‍സിത്, പൊലീസ് കസ്റ്റഡിയിലുള്ള മാഹി സ്വദേശി സുമേഷ് എന്നിവരെ മാപ്പുസാക്ഷികളാക്കി. പൊലീസ് തയ്യാറാക്കിയ മൊഴി തങ്ങളുടെ കുറ്റമൊഴി എന്ന നിലയില്‍ അവര്‍ നാദാപുരം മജിസ്ട്രേറ്റ് മുമ്പാകെ നല്‍കി. മാപ്പുസാക്ഷികളെ സൃഷ്ടിക്കാനും മുല്ലപ്പള്ളി രാമചന്ദ്രന്റെ ഇടപെടലുണ്ടായി. കൊലപാതകം നടന്ന ഉടനെ മുഖ്യപ്രതി എന്ന് പ്രചരിപ്പിച്ച വായപ്പടച്ചി റഫീഖ് ഇപ്പോള്‍ എവിടെയാണ്. ഒരാഴ്ചമുമ്പ് കീഴടങ്ങിയ റഫീഖിനെ എന്തുചെയ്തു? അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ട്? ഇത്രയും ദിവസം കസ്റ്റഡിയിലാണെങ്കില്‍ അത് നിയമവിരുദ്ധമല്ലേ? റഫീഖിനെ വിട്ടയച്ചോ? ഇത്തരം കാര്യങ്ങള്‍ പൊലീസ് വ്യക്തമാക്കണം. റഫീഖ് സിപിഐ എം അനുഭാവിയാണെന്നാണ് പ്രചരിപ്പിച്ചത്. റഫീഖിന്റെ യുഡിഎഫ് ബന്ധം വ്യക്തമായതോടെ റഫീഖ് പ്രതിസ്ഥാനത്ത് നിന്ന് മാറിയോ?
കൊലയാളികള്‍ എന്ന് വിശേഷിപ്പിച്ചവര്‍ക്ക് സിംകാര്‍ഡുകള്‍ വാങ്ങിക്കൊടുത്തവര്‍, ഓട്ടോറിക്ഷയില്‍ കൊണ്ടുപോയവര്‍ എന്നെല്ലാം പറഞ്ഞ് ചിലരെ പ്രതികളാക്കി. ഇങ്ങനെയാണ് കേസില്‍ സിപിഐ എമ്മുകാരുടെ എണ്ണം കൂട്ടിയത്. അതേസമയം കൊലയാളികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഉടമ നവീന്‍ദാസ് കോണ്‍ഗ്രസുകാരനും വയലാര്‍ രവിയുടെ ബന്ധുവുമായതിനാല്‍ ഒരു പരിക്കുമില്ലാതെ രക്ഷപ്പെട്ടു. റഫീഖില്‍നിന്ന് കാര്‍ വാങ്ങിയ ആള്‍ എന്ന് പൊലീസ് പറഞ്ഞ ഹാരിസിനെപ്പറ്റിയും ഇപ്പോള്‍ ഒന്നും കേള്‍ക്കുന്നില്ല. യുഡിഎഫിനും ചന്ദ്രശേഖരന്റെ പാര്‍ടിക്കാര്‍ക്കും യഥാര്‍ഥ കൊലയാളികളെ കണ്ടെത്താന്‍ താല്‍പ്പര്യമില്ല. അവര്‍ക്ക് വേണ്ടത് സിപിഐ എമ്മിന്റെ രക്തമാണ്. ഇത്തരം വെല്ലുവിളികളെ സിപിഐ എം അതിജീവിക്കുമെന്നും ജില്ലാകമ്മിറ്റി പറഞ്ഞു.
പിണറായി നാളെ ഓര്‍ക്കാട്ടേരിയില്‍
ഒഞ്ചിയം: സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചൊവ്വാഴ്ച ഓര്‍ക്കാട്ടേരിയില്‍ പൊതുയോഗത്തില്‍ സംസാരിക്കും. ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് സിപിഐ എമ്മിനെതിരെ വലതുപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും നടത്തുന്ന നെറികെട്ട പ്രചാരണങ്ങള്‍ തുറന്നുകാട്ടാനും രാഷ്ട്രീയ നിലപാട് വിശദീകരിക്കാനുമാണ് യോഗം. കൊലയ്ക്ക്ശേഷം ഒഞ്ചിയം, ഓര്‍ക്കാട്ടേരി മേഖലയില്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്കും വീടുകള്‍, പാര്‍ടി ഓഫീസുകള്‍ എന്നിവക്കും നേരെ വ്യാപകമായ അക്രമമുണ്ടായി. 79 വീടുകള്‍ തീയിട്ടും എറിഞ്ഞും തകര്‍ത്തു. പത്തോളം പ്രവര്‍ത്തകര്‍ക്ക് നേരെ വധശ്രമവുമുണ്ടായി. റവലൂഷനറിക്കാരെന്ന പേരിലറിയപ്പെടുന്ന പാര്‍ടി വിരുദ്ധര്‍ ധീരരക്തസാക്ഷി മണ്ടോടി കണ്ണന്റെ സ്മാരകമടക്കം ആക്രമിച്ച് തകര്‍ത്തു. സിപിഐ എമ്മില്‍നിന്ന് രാജിവച്ചില്ലെങ്കില്‍ നാടുവിടണമെന്ന് വീടുകളിലെത്തി ഭീഷണിയുമുയര്‍ത്തി. പൊലീസ് സാന്നിധ്യത്തില്‍ അരങ്ങേറിയ ഈ അതിക്രമങ്ങള്‍ക്കെതിരെ ഒഞ്ചിയം മേഖലയില്‍ പ്രതിഷേധം വ്യാപകമാണ്്. പാര്‍ടിക്ക് പങ്കില്ലാത്ത കൊലയുടെ മറവിലായിരുന്നു പ്രദേശത്തെ മാര്‍ക്സിസ്റ്റ്വേട്ട. ഇപ്പോള്‍ ബഹുജന ഇടപെടല്‍ സജീവമാവുകയും തകര്‍ത്ത പാര്‍ടി ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തിട്ടുണ്ട്. ചന്ദ്രശേഖരന്‍ വധം ആഘോഷമാക്കി മാധ്യമങ്ങളും പാര്‍ടി വിരുദ്ധരും നടത്തിയ അക്രമങ്ങളും കള്ളക്കഥകളും വിശദീകരിക്കാനാണ് പൊതുയോഗം. 12-ന് വൈകിട്ട് അഞ്ചരക്ക് ഓര്‍ക്കാട്ടേരി കച്ചേരി മൈതാനത്താണ് യോഗം. അതിനിടെ പൊതുയോഗത്തിന്റെ പ്രചാരണാര്‍ഥം പ്രദേശത്ത് സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളും പോസ്റ്ററുകളുമെല്ലാം വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.
അക്രമപ്രദേശങ്ങള്‍ സന്ദര്‍ശിക്കും
ഒഞ്ചിയം: അക്രമബാധിത പ്രദേശങ്ങള്‍ ചൊവ്വാഴ്ച സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സന്ദര്‍ശിക്കും. രാവിലെ 10ന് ഒഞ്ചിയത്തുനിന്ന് പര്യടനം തുടങ്ങും. 11 ന് കുന്നുമ്മക്കര, 12 ന് മുയിപ്ര, 1ന് മണ്ടോടി കണ്ണന്‍ സ്മാരകം(ഓര്‍ക്കാട്ടേരി) എന്നിങ്ങനെയാണ് പര്യടനം. തുടന്‍ന്ന് വൈകിട്ട് 5.30ന് ഓര്‍ക്കാട്ടേരി കച്ചേരി മൈതാനിയില്‍ ചേരുന്ന പൊതുയോഗത്തില്‍ അദ്ദേഹം സംസാരിക്കും.
deshabhimani 110612
Labels:
ഓഞ്ചിയം
Subscribe to:
Post Comments (Atom)
No comments:
Post a Comment