Sunday, June 10, 2012

ഡെപ്യൂട്ടി കമീഷണര്‍ക്കെതിരെ നടപടിക്ക് നീക്കം


 മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്ത പരിപാടിയില്‍ സുരക്ഷാവീഴ്ച ഉണ്ടായതിന്റെ പേരില്‍ ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ പുട്ട വിമലാദിത്യക്കെതിരെ നടപടിക്ക് സാധ്യത. മസ്കറ്റ് ഹോട്ടലില്‍ ബുധനാഴ്ച നടന്ന പരിപാടിയില്‍ സുരക്ഷാവീഴ്ച വരുത്തിയെന്നാണ് ആരോപണം. മുഖ്യമന്ത്രി പങ്കെടുക്കുമ്പോള്‍ സുരക്ഷാമേല്‍നോട്ടത്തിന് എസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ ഉണ്ടാകണമെന്ന് ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. ഡിസിപി ഇല്ലെങ്കില്‍ എസിപിക്കാണ് ചുമതല. എന്നാല്‍, മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാന്‍ എത്തിയത് രണ്ട് എസ്ഐമാരും പൊലീസുകാരും മാത്രം. ഇത് ഗുരുതരവീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിസിപിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഡിസിപിയും എസിയും സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് സിറ്റി പൊലീസ് കമീഷണര്‍ ടി ജെ ജോസ് ഇന്റലിജന്‍സ് എഡിജിപി ടി പി സെന്‍കുമാറിനും റെയ്ഞ്ച് ഐജി ഷേഖ് ദര്‍വേസ് സാഹിബിനും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇത് പരിശോധിക്കുകയാണെന്ന് ഇന്റലിജന്‍സ് മേധാവി അറിയിച്ചു.

അസിസ്റ്റന്റ് കമീഷണര്‍മുതല്‍ മ്യൂസിയം പ്രിന്‍സിപ്പല്‍ എസ്ഐവരെയുള്ളവര്‍ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിന് എത്തിയിരുന്നില്ല. ഇവരെയെല്ലാം ഒഴിവാക്കി ഡിസിപിക്കെതിരെ നടപടി എടുക്കാനാണ് നീക്കം. രണ്ട് അഡീഷണല്‍ എസ്ഐമാര്‍ ഉള്‍പ്പെടെ 20 പൊലീസുകാരും സിറ്റിയിലെ മുഴുവന്‍ മൊബൈല്‍ പട്രോളിങ് വാഹനങ്ങളും ഉണ്ടായിരുന്നെങ്കിലും മതിയായ സുരക്ഷ ഒരുക്കിയില്ലെന്നാണ് ആരോപണം. നഗരത്തിലെ കുറ്റകൃത്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ രണ്ടാഴ്ചമുമ്പ് എസിതലംവരെയുള്ള ഉദ്യോഗസ്ഥരുടെ യോഗം ഡിസിപി വിളിച്ചിരുന്നു. ഇതിനാലാണ് സര്‍ക്കാരിന്റെ ടൂറിസംനയം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനെത്താന്‍ കഴിയാത്തതെന്ന് ഡിസിപി വിശദീകരണം നല്‍കി. മുഖ്യമന്ത്രിയുടെ പരിപാടി നടന്ന സമയത്ത് യോഗം വിളിച്ചത് അനാസ്ഥയാണെന്നാണ് കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ പരിപാടി മുന്‍കൂട്ടി അറിയിച്ചില്ലെന്നും ഇതാണ് യോഗം വിളിക്കാന്‍ ഇടയാക്കിയതെന്നും വിശദീകരിച്ചെങ്കിലും ഡിസിപിക്കെതിരെ നടപടി എടുത്തേ മതിയാകൂവെന്ന വാശിയിലാണ് കോണ്‍ഗ്രസ് നേതൃത്വം.

deshabhimani 100612

1 comment:

  1. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്ത പരിപാടിയില്‍ സുരക്ഷാവീഴ്ച ഉണ്ടായതിന്റെ പേരില്‍ ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ പുട്ട വിമലാദിത്യക്കെതിരെ നടപടിക്ക് സാധ്യത. മസ്കറ്റ് ഹോട്ടലില്‍ ബുധനാഴ്ച നടന്ന പരിപാടിയില്‍ സുരക്ഷാവീഴ്ച വരുത്തിയെന്നാണ് ആരോപണം. മുഖ്യമന്ത്രി പങ്കെടുക്കുമ്പോള്‍ സുരക്ഷാമേല്‍നോട്ടത്തിന് എസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ ഉണ്ടാകണമെന്ന് ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. ഡിസിപി ഇല്ലെങ്കില്‍ എസിപിക്കാണ് ചുമതല. എന്നാല്‍, മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാന്‍ എത്തിയത് രണ്ട് എസ്ഐമാരും പൊലീസുകാരും മാത്രം. ഇത് ഗുരുതരവീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിസിപിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

    ReplyDelete