Sunday, June 10, 2012
വഖഫ് ഭേദഗതി ബില്‍ ഉടന്‍: മന്ത്രി
വഖഫ് ഭേദഗതി ബില്‍ വൈകാതെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന ന്യൂനപക്ഷക്ഷേമ മന്ത്രിമാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എന്നാല്‍, പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമോ എന്നത് മന്ത്രി വ്യക്തമാക്കിയില്ല.
പ്രധാനമന്ത്രിയുടെ പുതിയ പതിനഞ്ചിന പദ്ധതിയുടെ വ്യാപ്തി കൂട്ടും. തുല്യ അവകാശ കമീഷന്‍ രൂപീകരിക്കുന്ന കാര്യം പരിഗണനയിലാണെന്നും സല്‍മാന്‍ ഖുര്‍ഷിദ് അറിയിച്ചു. പതിനൊന്നാം പഞ്ചവത്സര പദ്ധതിയില്‍ നടപ്പാക്കിയ പദ്ധതികള്‍ വിശകലനംചെയ്യാനും പന്ത്രണ്ടാം പദ്ധതി പ്രവര്‍ത്തനത്തിന് രൂപം നല്‍കാനുമാണ് യോഗം ചേര്‍ന്നത്. പതിനൊന്നാം പദ്ധതിക്കാലത്ത് ന്യൂനപക്ഷ ക്ഷേമത്തിനായി അനുവദിച്ച തുകയില്‍ പകുതിപോലും ചെലവഴിച്ചില്ലെന്ന് വിവിധ സാമൂഹ്യ സംഘടനകള്‍ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. ചില സംസ്ഥാനങ്ങള്‍ പദ്ധതി നിര്‍വഹണത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്ന് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. ന്യൂനപക്ഷ ക്ഷേമ പരിപാടികള്‍ ജില്ലകള്‍ക്കു പകരം ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കാന്‍ യോഗത്തില്‍ ധാരണയായി. പദ്ധതി ആസൂത്രണത്തിന് നിലവില്‍ ജില്ലകളെയാണ് അടിസ്ഥാന ഘടകമായി സ്വീകരിക്കുന്നത്. ജനസംഖ്യയുടെ 15 ശതമാനം ന്യൂനപക്ഷസമുദായ അംഗങ്ങളുള്ള ജില്ലകളെ ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളായി (എംസിഡി) പ്രഖ്യാപിക്കും. നിലവില്‍ 25 ശതമാനം എന്നതാണ് മാനദണ്ഡം. എംസിഡിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത വില്ലേജുകളെയും പട്ടണങ്ങളെയും ന്യൂനപക്ഷ വികസനപദ്ധതികള്‍ക്ക് പ്രത്യേകം പരിഗണിക്കും. പദ്ധതി നിര്‍വഹണ പ്രവര്‍ത്തനങ്ങളില്‍ എന്‍ജിഒ, സ്വകാര്യ സ്ഥാപനങ്ങള്‍, സ്വയം സഹായ ഗ്രൂപ്പുകള്‍ എന്നിവയെ പങ്കാളികളാക്കും. ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ സാമൂഹ്യ ഓഡിറ്റിങ് സമ്പ്രദായം ഉറപ്പുവരുത്തും. സ്കോളര്‍ഷിപ് അവശ്യാധിഷ്ഠിതമാക്കാനും സ്കോളര്‍ഷിപ് തുക വിദ്യാര്‍ഥികളുടെ അക്കൗണ്ടുകളിലേക്ക് കൃത്യസമയത്ത് എത്തിക്കാനും തീരുമാനമായി. ന്യൂനപക്ഷ കമീഷനുകള്‍ രൂപീകരിക്കാത്ത സംസ്ഥാനങ്ങള്‍ ഉടന്‍ രൂപീകരിക്കണം. സംസ്ഥാന മന്ത്രിമാര്‍ക്കു പുറമെ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി വിന്‍സന്റ് എച്ച് പാല, ന്യൂനപക്ഷകാര്യ സെക്രട്ടറി സുരജിത് മിത്ര എന്നിവരും പങ്കെടുത്തു.
deshabhimani 100612
Labels:
വഖഫ് ബോര്‍ഡ്
Subscribe to:
Post Comments (Atom)
No comments:
Post a Comment