Sunday, June 10, 2012
ഭൂസമരം: ചര്‍ച്ചയിലും സര്‍ക്കാരിന് ഇരട്ടത്താപ്പ്
ആദിവാസികള്‍ക്ക് ഭൂമി നല്‍കി ഭൂസമരം അവസാനിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പ് തുടരുന്നു. മന്ത്രി പി കെ ജയലക്ഷ്മി കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത ആദിവാസി സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ വ്യക്തമായ മറുപടിയോ ഉറപ്പോ നല്‍കാതെ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. സംഘടനാ നേതാക്കളുടെ ആവശ്യാനുസരണം പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിക്കും. അതുവരെ സമരം ചെയ്യുന്നവരെ ഒഴിപ്പിക്കില്ല. പുതിയ സ്ഥലങ്ങളില്‍ സംഘടനകള്‍ സമരം ആരംഭിക്കില്ലെന്ന് ധാരണയായി. ഒഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കുന്നതിന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുമായി സംസാരിക്കുമെന്ന് എംഎല്‍എമാര്‍ പറഞ്ഞു.
വ്യക്തമായ ഉറപ്പുലഭിക്കാത്തതിനാല്‍ സമരം തുടരുമെന്ന് ആദിവാസി ക്ഷേമസമിതി നേതാക്കള്‍ പറഞ്ഞു. സമരരംഗത്തുള്ള മറ്റുസംഘടനകളും ഇതിനോട് യോജിച്ചു. ജയിലിലടച്ചവരെ വിട്ടയക്കണമെന്നും കേസുകള്‍ പിന്‍വലിക്കണമെന്നും ആദിവാസി ക്ഷേമസമിതി ആവശ്യപ്പെട്ടു. മുന്‍സര്‍ക്കാരിന്റെ കാലത്ത് ഭൂമിക്കായി സമരം ചെയ്ത ആദിവാസികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് എകെഎസ് സംസ്ഥാന പ്രസിഡന്റ് കെ സി കുഞ്ഞിരാമന്‍ പറഞ്ഞു. ആദിവാസികളെ ജയിലിലടയ്ക്കുന്നതിനു പകരം അവര്‍ക്ക് ഭൂമി നല്‍കണം. ആദിവാസികള്‍ക്ക് ഭൂമി വാങ്ങി നല്‍കാന്‍ സര്‍ക്കാരിന്റെ കൈയിലുള്ള 50 കോടി രൂപ വിനിയോഗിക്കണമെന്ന് ഭൂസമരസഹായ സമിതി കണ്‍വീനര്‍ സി കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. ജയിലിലടച്ച ആദിവാസികളുടെ കുടുംബങ്ങള്‍ക്ക് സൗജന്യറേഷന്‍ നല്‍കണമെന്നും കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചര്‍ച്ചയില്‍ പങ്കെടുത്ത മുഴുവന്‍ സംഘടനാ പ്രതിനിധികളും സര്‍ക്കാരിനെ വിമര്‍ശിച്ചു. പ്രശ്നത്തില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നതായി ആദിവാസി കോണ്‍ഗ്രസ്സും കുറ്റപ്പെടുത്തി. സമരംചെയ്യുന്നവരെ ചര്‍ച്ചയ്ക്കു വിളിച്ചശേഷം അറസ്റ്റുചെയ്തത് കേട്ടുകേള്‍വിയില്ലാത്തതാണെന്ന് എകെഎസ് ജില്ലാസെക്രട്ടറി പി വാസുദേവന്‍ പറഞ്ഞു. ഓണത്തിനു മുമ്പ് കുറച്ചെങ്കിലും ഭൂമി നല്‍കാന്‍ ശ്രമിക്കുമെന്ന് മാത്രമായിരുന്നു മന്ത്രിക്ക് പറയാനുണ്ടായിരുന്നത്. തോട്ടം ഉടമകളുടെ അനധികൃത ഭൂമി ഏറ്റെടുക്കുന്നത് മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്യും. പട്ടിക വര്‍ഗം, റവന്യു, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും അവര്‍ പറഞ്ഞു. സംഘടനാ പ്രതിനിധികള്‍ക്കു പുറമെ എംഎല്‍എമാരായ ഐ സി ബാലകൃഷ്ണന്‍, എം വി ശ്രേയാംസ്കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ എല്‍ പൗലോസ്, കലക്ടര്‍ കെ ഗോപാലകൃഷ്ണ ഭട്ട്, എകെഎസ് ട്രഷറര്‍ വി കേശവന്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
deshabhimani 100612
Labels:
വയനാട്
Subscribe to:
Post Comments (Atom)
No comments:
Post a Comment