തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ട് അത്യന്തം അപകടാവസ്ഥയിലാണെന്ന് ഡാമിന്റെ അടിത്തട്ടില്‍ വിദഗ്ദ്ധസംഘം നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഒരാഴ്ചയ്ക്കകം ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്ന സംഘം സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതിക്ക് ഉടന്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കും.
സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ സോയില്‍ ആന്റ് മെറ്റീരിയല്‍സ് റിസര്‍ച്ച് വിഭാഗം ഉദ്യോഗസ്ഥരാണ് പ്രത്യേകതരം ക്യാമറകളുപയോഗിച്ച് ഡാമിന്റെ അടിത്തട്ട് പരിശോധിച്ചുകൊണ്ടിരിക്കുന്നത്. 115 വര്‍ഷം പഴക്കമുള്ള അണക്കെട്ടിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന സുര്‍ക്കി മിശ്രിതം അടിത്തട്ടില്‍ വന്‍തോതില്‍ ഒലിച്ചുപോയതായി കണ്ടെത്തിയിട്ടുണ്ട്. സിമന്റ് പ്ലാസ്റ്ററിംഗ് പൂര്‍ണ്ണമായി നശിച്ചിട്ടുമുണ്ട്. അണക്കെട്ട് ഏറ്റവും ദുര്‍ബലാവസ്ഥയിലാവാന്‍ ഈ രണ്ടു കാരണങ്ങള്‍ മാത്രം മതിയെന്നാണ് കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച സെന്‍ട്രല്‍ സോയില്‍ ആന്റ് മെറ്റീരിയല്‍സ് റിസര്‍ച്ച് സ്‌റ്റേഷന്റെ ഡയറക്ടര്‍ മുരാരിരത്‌നം വിലയിരുത്തിയത്. മലയാളിയായ സീനിയര്‍ സയന്റിസ്റ്റ് അലക്‌സ് വര്‍ഗീസ് ഉള്‍പ്പെടെ സംഘത്തിലെ സാങ്കേതിക വിദഗ്ദ്ധരുമായി അദ്ദേഹം രണ്ടു ദിവസം മുമ്പ് ചര്‍ച്ച നടത്തിയിരുന്നു.
പരിശോധനാ ഫലങ്ങള്‍ ഇന്നലെ വീഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെ അപഗ്രഥിച്ചിരുന്നു. മുല്ലപ്പെരിയാറിന്റെ അപകടാവസ്ഥയെക്കുറിച്ച് പുറത്തുവന്ന വിവരങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്ന് വിദഗ്ദ്ധസംഘവുമായി പലവട്ടം ആശയവിനിമയം നടത്തിയ മുല്ലപ്പെരിയാറിലെ കേരള സെല്‍ ചെയര്‍മാനും അണക്കെട്ട് വിദഗ്ദ്ധനുമായ എം കെ പരമേശ്വരന്‍ നായര്‍ വ്യക്തമാക്കി. പരിശോധനാഫലങ്ങള്‍ക്ക് ആദ്യമായി ലഭിക്കുന്ന സ്ഥിരീകരണമാണ് ഇത്. ഡാമിന്റെ അടിത്തട്ടിലെ കല്‍ക്കെട്ടുകള്‍ തകര്‍ന്ന സ്ഥിതിയിലാണ് ക്യാമറാ ദൃശ്യങ്ങളെന്നും അദ്ദേഹം വെളിപ്പെടുത്തി.
അണക്കെട്ടില്‍ ഇതുവരെ 35 സെക്ഷനുകളിലെ പരിശോധനയാണ് പൂര്‍ത്തിയായത്. മൊത്തം 1200 അടി നീളമുള്ള അണക്കെട്ട് പത്ത് അടി വീതമുള്ള 120 സെക്ഷനുകളായിട്ടാണ് ക്യാമറ ഉപയോഗിച്ച് പരിശോധിക്കുന്നത്. ശേഷിക്കുന്ന പരിശോധന ഒരാഴ്ചകൊണ്ടു പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. പകുതി പരിശോധന പോലും തീരുന്നതിനുമുമ്പേ സ്ഥിതി വഷളാണെന്നു തെളിഞ്ഞ സാഹചര്യത്തില്‍ അന്തിമ പരിശോധനാ ഫലത്തെച്ചൊല്ലി സമിതിയംഗങ്ങള്‍ അതീവ ഉല്‍ക്കണ്ഠയിലാണ്. ഇതുകൂടി കണക്കിലെടുത്താണ് പ്രതികൂല കാലാവസ്ഥയായിട്ടുകൂടി പരിശോധന പൂര്‍ത്തിയാക്കാന്‍ വിദഗ്ദ്ധസംഘം തിടുക്കം കാണിക്കുന്നത്.
പരിശോധന നടത്തുന്ന ശാസ്ത്രജ്ഞരുടെ സംഘവുമായി മുല്ലപ്പെരിയാറിലെ കേരള സെല്‍ ചെയര്‍മാന്‍ എം കെ പരമേശ്വരന്‍നായര്‍, അംഗം എന്‍ ശശിധരന്‍, ലെയ്‌സണ്‍ ഓഫീസര്‍ ജെയിംസ് വില്‍സന്‍, ഡാം ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസര്‍ച്ച് വിഭാഗം മേധാവി ലതിക എന്നിവര്‍ ഇതിനകം പലവട്ടം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. തമിഴ്‌നാട് വൈദ്യുതി, ജലവിഭവ വകുപ്പുകളിലെ എഞ്ചിനീയര്‍മാരും പരിശോധന കണക്കിലെടുത്ത് മുല്ലപ്പെരിയാറില്‍ ക്യാമ്പു ചെയ്യുന്നുണ്ട്.
ജലനിരപ്പ് ഉയര്‍ത്തുന്നതടക്കം മുല്ലപ്പെരിയാറിനെച്ചൊല്ലി കേരളവും തമിഴ്‌നാടും തമ്മില്‍ ദീര്‍ഘകാലമായി തുടരുന്ന തര്‍ക്കം തീര്‍ക്കുന്നതിന്റെ ഭാഗമായാണ് സുപ്രീംകോടതി ഉന്നതാധികാര സമിതിയെ നിയോഗിച്ചത്. ഇരു സംസ്ഥാനങ്ങളുടെയും പ്രതിനിധികളുള്ള ഈ സമിതിക്കാണ് സാങ്കേതിക വിദഗ്ദ്ധര്‍ മുല്ലപ്പെരിയാറിലെ പരിശോധനാ റിപ്പോര്‍ട്ട് നല്‍കുന്നത്. മുല്ലപ്പെരിയാറില്‍ 601 കോടി രൂപ ചെലവു വരുന്ന പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ കേരളം പദ്ധതി തയ്യാറാക്കിയ സാഹചര്യത്തില്‍ വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തലിന് ഏറെ പ്രാധാന്യമുണ്ട്.
ടി എന്‍ സുനില്‍ janayugom 030611
മുല്ലപ്പെരിയാര്‍ അണക്കെട്ട് അത്യന്തം അപകടാവസ്ഥയിലാണെന്ന് ഡാമിന്റെ അടിത്തട്ടില്‍ വിദഗ്ദ്ധസംഘം നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഒരാഴ്ചയ്ക്കകം ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്ന സംഘം സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതിക്ക് ഉടന്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കും.
ReplyDelete