സി ബി എസ് ഇ, ഐ സി എസ് ഇ, എസ് എസ് എല്‍ സി വിജയികള്‍ക്ക് സംസ്ഥാന സിലബസില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് സൗകര്യമൊരുക്കാനുളള യു ഡി എഫ് സര്‍ക്കാര്‍ നടപടി പൊതു വിദ്യാഭ്യാസമേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാകും. സംസ്ഥാന സിലബസില്‍ പഠിച്ച് എസ് എസ് എല്‍ സി പാസായ വിദ്യാര്‍ഥികളുടെ പ്ലസ് വണ്‍ പ്രവേശന സാധ്യത സ്വകാര്യ സി ബി എസ് ഇ വിദ്യാലയങ്ങളില്‍ നിന്നുളള കുട്ടികള്‍ക്ക് ലഭിക്കും. ഇതോടെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്ന് പഠിച്ചിറങ്ങിയ മിടുക്കരും മിടുക്കികളും പ്രവേശനം ലഭിക്കാതെ പുറത്താകും.
കഴിഞ്ഞ വര്‍ഷം രണ്ടു തരം പരീക്ഷയാണ് സി ബി എസ് ഇ പത്താം ക്ലാസിലേക്ക് നടത്തിയത്. ബോര്‍ഡ് നേരിട്ട് നടത്തുന്ന പരീക്ഷയും അതാത് വിദ്യാലയങ്ങള്‍ തന്നെ നടത്തുന്ന പരീക്ഷയും. 'ബോര്‍ഡ് പരീക്ഷ' എഴുതുന്നവര്‍ക്ക് മറ്റ് സിലബസുകളിലെ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യതയും 'സ്കൂള്‍ പരീക്ഷ'യിലെ വിജയികള്‍ക്ക് അതാത് സ്കൂളുകളില്‍ മാത്രം ഉന്നത പഠനത്തിന് യോഗ്യതയും എന്നാണ് സി ബി എസ് ഇ സൂചിപ്പിച്ചിരുന്നത്. ഇതില്‍ ഏത് വേണമെന്ന് വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാം. ചെന്നൈയിലെ ബോര്‍ഡിന്റെ മേഖലാ ഓഫീസില്‍ നിന്ന് വിദ്യാലയങ്ങള്‍ക്ക് അയച്ചുകൊടുക്കുന്ന സി ഡിയില്‍ നിന്ന് ചോദ്യപേപ്പര്‍ പ്രിന്റ് എടുത്താണ് സ്കൂള്‍ പരീക്ഷ നടത്തുന്നത്. ബന്ധപ്പെട്ട വിദ്യാലയങ്ങളിലെ അധ്യാപകര്‍ തന്നെ ഉത്തരക്കടലാസ് പരിശോധിച്ച് മാര്ക്ക്ലിസ്റ്റ് ബോര്‍ഡിന് അയച്ചു കൊടുക്കും.
സ്വന്തം വിദ്യാലയത്തിന്റെ വിജയശതമാനം വര്‍ധിപ്പിക്കാന്‍ അധ്യാപകര്‍ യഥേഷ്ടം മാര്‍ക്ക് നല്‍കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇങ്ങനെ 'ഉയര്‍ന്ന മാര്‍ക്ക്' നേടിയ സി ബി എസ് ഇ വിദ്യാര്‍ഥികള്‍ രണ്ടാംഘട്ട അലോട്ട്മെന്റിന് കാത്തിരിക്കുന്ന സംസ്ഥാനത്തെ എസ് എസ് എല്‍ സി വിദ്യാര്‍ഥികളുടെ സീറ്റുകള്‍ സ്വന്തമാക്കും.
ബോര്‍ഡ് പരീക്ഷക്കും സ്കൂള്‍ പരീക്ഷക്കും വ്യത്യസ്ത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് സി ബി എസ് ഇ വിദ്യാര്‍ഥികള്‍ ഹാജരാക്കുന്ന മാര്‍ക്ക് ലിസ്റ്റില്‍ ബോര്‍ഡ് പരീക്ഷയെന്നോ സ്കൂള്‍ പരീക്ഷയെന്നോ വേര്‍തിരിച്ച് വ്യക്തമാക്കുന്നില്ല. ഇത് സ്വകാര്യ സ്കൂളുകള്‍ സ്വന്തമായി നടത്തിയ പരീക്ഷയില്‍ ഉയര്‍ന്നമാര്‍ക്ക് കരസ്ഥമാക്കി എത്തുന്ന വിദ്യാര്‍ഥികള്‍ക്കു മുമ്പില്‍ പൊതു വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പിന്തള്ളപ്പെടുന്ന സാഹചര്യമുളവാക്കും. കേരളം ഉള്‍പ്പെടുന്ന ചെന്നൈ മേഖല സി ബി എസ് ഇ പത്താം ക്ലാസ് ഫലം മെയ് 31-ന് പ്രസിദ്ധീകരിച്ചെങ്കിലും വിജയ ശതമാനം എത്രയാണെന്ന് പുറത്തു വിട്ടിട്ടില്ല. ചെന്നൈ ഒഴികെയുള്ള മേഖലകളിലെ ഫലപ്രഖ്യാപനം വരാത്തതാണ് കാരണമായി പറയുന്നത്.
2011-12 മുതല്‍ ബോര്‍ഡ് നേരിട്ടു നടത്തുന്ന പരീക്ഷയും കേന്ദ്രീകൃത മൂല്യനിര്‍ണയവും ഒഴിവാക്കാനാണ് സി ബി എസ് ഇ തീരുമാനം. ഇതോടെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മൂല്യ നിര്‍ണയം നടത്തി നല്കുന്ന മാര്‍ക്കുമായി വരുന്ന സി ബി ഇസ് ഇ വിദ്യാര്‍ഥികളോട് സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ മത്സരിക്കേണ്ടിവരും.
നേരിയ മാര്‍ക്കിന്റെ വ്യത്യാസത്തില്‍ പ്ലസ് വണ്‍ പ്രവേശനം നിഷേധിക്കപ്പെടാതിരിക്കാന്‍ എയ്ഡഡ്, സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ കേന്ദ്രീകൃതമൂല്യനിര്ണയമില്ലാത്ത സി ബി എസ് ഇ വിദ്യാലയങ്ങളിലേക്ക് മാറുന്ന സാഹചര്യത്തിനും ഇത് ഇടയാക്കിയേക്കുമെന്നും സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാന്‍ ഈ നടപടി വഴിവെക്കുമെന്നും ഈ മേഖലയിലുള്ളവര്‍ ആശങ്കപ്പെടുന്നു.
(സുരേന്ദ്രന് കുത്തനൂര്‍)
ജനയുഗം 030611
സി ബി എസ് ഇ, ഐ സി എസ് ഇ, എസ് എസ് എല്‍ സി വിജയികള്‍ക്ക് സംസ്ഥാന സിലബസില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് സൗകര്യമൊരുക്കാനുളള യു ഡി എഫ് സര്‍ക്കാര്‍ നടപടി പൊതു വിദ്യാഭ്യാസമേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാകും. സംസ്ഥാന സിലബസില്‍ പഠിച്ച് എസ് എസ് എല്‍ സി പാസായ വിദ്യാര്‍ഥികളുടെ പ്ലസ് വണ്‍ പ്രവേശന സാധ്യത സ്വകാര്യ സി ബി എസ് ഇ വിദ്യാലയങ്ങളില്‍ നിന്നുളള കുട്ടികള്‍ക്ക് ലഭിക്കും. ഇതോടെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്ന് പഠിച്ചിറങ്ങിയ മിടുക്കരും മിടുക്കികളും പ്രവേശനം ലഭിക്കാതെ പുറത്താകും.
ReplyDelete