Tuesday, June 5, 2012

നിലവാരമില്ലാത്ത 18 സ്വാശ്രയ കോളേജിനെതിരെ നടപടിയില്ല


പ്രവര്‍ത്തനയോഗ്യമല്ലെന്നു കണ്ടെത്തിയ 18 സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആരോഗ്യസര്‍വകലാശാല തയ്യാറാകുന്നില്ല. അധ്യയന നിലവാരമില്ലായ്മയും കൂട്ടത്തോല്‍വിയും കാരണം പ്രവര്‍ത്തനയോഗ്യമല്ലാതായ ഈ കോളേജുകള്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം സഹായിക്കുന്ന നിലപാടാണ് അധികൃതരില്‍ നിന്നുണ്ടാകുന്നത്. സ്വാശ്രയ മാനേജ്മെന്റുകളുടെ തന്നിഷ്ടം അനുവദിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നയം പിന്തുടരുകയാണ് ആരോഗ്യ സര്‍വകലാശാല. അന്ത്യശാസനം നല്‍കിയിട്ടും തെറ്റുതിരുത്താന്‍ തയ്യാറാകാത്ത സ്വാശ്രയ മാനേജ്മെന്റുകളെ യഥേഷ്ടം പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് ആരോപണമുണ്ട്.

ആരോഗ്യ സര്‍വകലാശാല നടത്തിയ ആദ്യ പരീക്ഷയില്‍ കൂട്ടത്തോല്‍വിയുണ്ടായ കോളജുകളില്‍ അധികൃതര്‍ മിന്നല്‍ പരിശോധന നടത്തി കഴിഞ്ഞ ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. പല സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍, നേഴ്സിങ് കോളേജുകളിലും ഗുരുതരമായ അധ്യയന നിലവാരത്തകര്‍ച്ചയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശങ്ങള്‍ കോളേജുകള്‍ പാലിക്കുന്നില്ല. പല കോളേജിലും എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളുമില്ല. ആവശ്യത്തിന് അധ്യാപകരില്ല. ഉള്ളവര്‍ക്ക് ആവശ്യമായ യോഗ്യതയുമില്ല. ലാബ,് തിയ്യറ്റര്‍, ലൈബ്രറി സൗകര്യങ്ങളും പരിമിതം. കൂട്ടത്തോല്‍വിക്ക് പ്രധാന ഉത്തരവാദികള്‍ കോളജുകളാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ആറുവീതം മെഡിക്കല്‍, ഡന്റല്‍, നേഴ്സിങ് കോളേജുകളാണ് ഏറ്റവും നിലവാരത്തകര്‍ച്ചയുള്ളതായി കണ്ടെത്തിയത്. കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, കൊല്ലം ജില്ലകളിലാണ് മെഡിക്കല്‍ കോളേജുകള്‍. മറ്റു നടപടികളിലേക്ക് കടക്കാതെ ഒരു മാസത്തോളം റിപ്പോര്‍ട്ട് അധികൃതര്‍ പുഴ്ത്തിവച്ചത് "ദേശാഭിമാനി" റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തുടര്‍ന്ന്, സര്‍വകലാശാല നിലവാരം തീരെ മോശമായ സ്ഥാപനങ്ങളിലെ മേധാവികളുടെ യോഗം വിളിച്ചു. പുതിയ അധ്യയന വര്‍ഷത്തിനുമുമ്പ് അപാകതകള്‍ പരിഹരിക്കണമെന്നും നിര്‍ദേശിച്ചു. അധ്യാപകരായി യോഗ്യതയുള്ളവരെ നിയമിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും 18 കോളേജുകള്‍ക്ക് അന്ത്യശാസനം നല്‍കി. എന്നാല്‍, ആരും മറുപടി നല്‍കുകയോ നിര്‍ദേശം പാലിക്കുകയോ ചെയ്തില്ല. വീഴ്ച പരിഹരിച്ചില്ലെങ്കില്‍ അംഗീകാരം റദ്ദാക്കാന്‍ സര്‍വകലാശാലയ്ക്ക് അധികാരമുണ്ട്. എന്നാല്‍, ഈ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതിനു പിന്നില്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങളും ഉന്നത ഇടപെടലുമാണ്. പ്രവേശന നടപടി തുടങ്ങുന്ന സമയമാണിത്. അലോട്ട്മെന്റ് ആയാല്‍ കോളേജുകള്‍ക്കെതിരെ നടപടി പാടില്ലെന്നാണ് നിയമം. അതിനാല്‍ അതുവരെ മിണ്ടാതിരിക്കാനാണ് സര്‍വകലാശാല അധികൃതരുടെ നീക്കമെന്ന് സംശയിക്കുന്നു. ആരോഗ്യസര്‍വകലാശാലയുടെ വ്യാജ സമ്മതപത്രം ഉണ്ടാക്കി മുമ്പ് ഒരു മെഡിക്കല്‍ കോളേജ് പി ജി കോഴ്സിന് അപേക്ഷിച്ചത് കണ്ടെത്തിയിട്ടും നടപടിയുണ്ടായില്ല.
(വി എം രാധാകൃഷ്ണന്‍)

deshabhimani 050612

1 comment:

  1. പ്രവര്‍ത്തനയോഗ്യമല്ലെന്നു കണ്ടെത്തിയ 18 സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആരോഗ്യസര്‍വകലാശാല തയ്യാറാകുന്നില്ല. അധ്യയന നിലവാരമില്ലായ്മയും കൂട്ടത്തോല്‍വിയും കാരണം പ്രവര്‍ത്തനയോഗ്യമല്ലാതായ ഈ കോളേജുകള്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം സഹായിക്കുന്ന നിലപാടാണ് അധികൃതരില്‍ നിന്നുണ്ടാകുന്നത്. സ്വാശ്രയ മാനേജ്മെന്റുകളുടെ തന്നിഷ്ടം അനുവദിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നയം പിന്തുടരുകയാണ് ആരോഗ്യ സര്‍വകലാശാല. അന്ത്യശാസനം നല്‍കിയിട്ടും തെറ്റുതിരുത്താന്‍ തയ്യാറാകാത്ത സ്വാശ്രയ മാനേജ്മെന്റുകളെ യഥേഷ്ടം പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് ആരോപണമുണ്ട്.

    ReplyDelete