Saturday, June 9, 2012

ഡീസലിന് 5 രൂപ കൂട്ടും


പെട്രോളിന്റെ വന്‍ വിലവര്‍ധനയ്ക്കു പിന്നാലെ ഡീസല്‍ വിലയും കൂട്ടുന്നു. ഡീസല്‍ ലിറ്ററിന് നാലോ അഞ്ചോ രൂപ വര്‍ധിപ്പിക്കാനാണ് നീക്കം. ഒരാഴ്ചയ്ക്കുള്ളില്‍ ഇതു സംബന്ധിച്ച തീരുമാനമെടുക്കും. പെട്രോളിയം സബ്സിഡി ഇനത്തില്‍ ചെലവഴിക്കുന്ന തുക കുറയ്ക്കാന്‍ പെട്രോള്‍ വിലവര്‍ധനകൊണ്ടുമാത്രം കഴിയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. പാചകവാതകവില വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ മന്ത്രിസഭാ സമിതി തീരുമാനമെടുക്കുമെന്ന് പെട്രോളിയംമന്ത്രി എസ് ജയ്പാല്‍റെഡ്ഡി പറഞ്ഞു.

ഡീസല്‍ കാറുകള്‍ക്ക് അധികനികുതി ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ഏകദേശ ധാരണയായെന്നും മന്ത്രി പറഞ്ഞു. പെട്രോള്‍വില ഇനി കുറയ്ക്കില്ല. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞെന്ന പ്രചാരണം ഇന്ത്യയെ സംബന്ധിച്ച് ശരിയല്ലെന്ന് മന്ത്രി അവകാശപ്പെട്ടു. ബാസ്കറ്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 98.50 ഡോളറായി താഴ്ന്നെങ്കിലും ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം കുറയുന്നതു കാരണം അന്താരാഷ്ട്രവിപണിയിലെ വിലക്കുറവ് ഇന്ത്യക്ക് പ്രയോജനം ചെയ്യുന്നില്ലെന്നാണ് വാദം. ഡീസല്‍ വിലയില്‍ പത്ത് ശതമാനമെങ്കിലും വര്‍ധന അനിവാര്യമാണെന്നാണ് കേന്ദ്രനിലപാട്. 10-12 രൂപയുടെയെങ്കിലും വര്‍ധനയാണ് എണ്ണക്കമ്പനികള്‍ ആവശ്യപ്പെടുന്നത്. ഈ വര്‍ധന നടപ്പാക്കിയാല്‍ പെട്രോളിയം സബ്സിഡിയില്‍ 25 ശതമാനം കുറവു വരുത്താന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. ഡീസലിന്റെ വിലനിയന്ത്രണം എടുത്തുകളഞ്ഞാല്‍ മാത്രമേ പ്രതിസന്ധിക്ക് പരിഹാരമാകൂവെന്ന് കേന്ദ്രം പറയുന്നു.

എന്നാല്‍ ഡീസല്‍വിലയിലെ ചെറിയ വര്‍ധനപോലും വന്‍ വിലക്കയറ്റത്തിന് ഇടയാക്കും. നാണയപ്പെരുപ്പം ഉയരും. മറ്റ് രാജ്യങ്ങളില്‍ പെട്രോളും ഡീസലുമായുള്ള വിലവ്യത്യാസം പരമാവധി 15 ശതമാനമേയുള്ളൂവെന്നും ഇന്ത്യയില്‍ ഡീസലിന്റെ ഏകദേശം ഇരട്ടി വിലയാണ് പെട്രോളിനുള്ളതെന്നും എണ്ണക്കമ്പനികള്‍ വാദിക്കുന്നു. പെട്രോള്‍ വിലയുടെ 45 ശതമാനം നികുതിയാണെങ്കില്‍ ഡീസല്‍ വിലയുടെ 20 ശതമാനത്തില്‍ താഴെയേ നികുതിയുള്ളൂ. അതിനാല്‍ ഡീസലിന്റെ നികുതി വര്‍ധിപ്പിക്കാനും നീക്കമുണ്ട്. ഇപ്പോള്‍ കേരളത്തില്‍ 45 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില. 2004ല്‍ ഇത്് 24 രൂപയായിരുന്നു. 2010 നവമ്പറില്‍ 41.39 രൂപയായി വര്‍ധിപ്പിച്ചശേഷം 2011 ജൂണില്‍ 45.14 രൂപയായി ഉയര്‍ത്തി. തൊട്ടടുത്ത മാസം 44.55 രൂപയാക്കി വര്‍ധിപ്പിച്ചു. ലിറ്ററിന് 50 രൂപ വര്‍ധിപ്പിക്കാനാണ് ഇപ്പോള്‍ ആലോചന. പാചകവാതകം സിലിണ്ടറിന് 50 രൂപയുടെയെങ്കിലും വര്‍ധന വരുത്തും. പാര്‍ലമെന്റ് ചേരാത്ത ജൂണില്‍ത്തന്നെ ഡീസല്‍വില വര്‍ധിപ്പിക്കണമെന്ന ദൃഢനിശ്ചയത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഈ സമയത്ത് കാര്യമായ വര്‍ധന വരുത്തിയില്ലെങ്കില്‍ നവമ്പര്‍-ഡിസംബറില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടുമുമ്പാകും വര്‍ധന. ഇത് രാഷ്ട്രീയമായി ദോഷംചെയ്യുമെന്ന് സര്‍ക്കാര്‍ കരുതുന്നു.
(വി ജയിന്‍)

deshabhimani 090612

1 comment:

  1. പെട്രോളിന്റെ വന്‍ വിലവര്‍ധനയ്ക്കു പിന്നാലെ ഡീസല്‍ വിലയും കൂട്ടുന്നു. ഡീസല്‍ ലിറ്ററിന് നാലോ അഞ്ചോ രൂപ വര്‍ധിപ്പിക്കാനാണ് നീക്കം. ഒരാഴ്ചയ്ക്കുള്ളില്‍ ഇതു സംബന്ധിച്ച തീരുമാനമെടുക്കും. പെട്രോളിയം സബ്സിഡി ഇനത്തില്‍ ചെലവഴിക്കുന്ന തുക കുറയ്ക്കാന്‍ പെട്രോള്‍ വിലവര്‍ധനകൊണ്ടുമാത്രം കഴിയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. പാചകവാതകവില വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ മന്ത്രിസഭാ സമിതി തീരുമാനമെടുക്കുമെന്ന് പെട്രോളിയംമന്ത്രി എസ് ജയ്പാല്‍റെഡ്ഡി പറഞ്ഞു.

    ReplyDelete