Monday, June 11, 2012

ചെലവുചുരുക്കല്‍ മറ: പദ്ധതിച്ചെലവും വെട്ടിക്കുറയ്ക്കുന്നു


ചെലവുചുരുക്കലിന്റെ പേരില്‍ പദ്ധതിയിതര ചെലവ്പത്ത് ശതമാനം വെട്ടിക്കുറയ്ക്കുന്നതിനുപുറമെ പദ്ധതിച്ചെലവുകളും വെട്ടിച്ചുരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പുപദ്ധതി, സര്‍വശിക്ഷാ അഭിയാന്‍, ഇന്ദിര ആവാസ് യോജന, പിഎംജിഎസ്വൈ, ദേശീയ ഗ്രാമീണ ആരോഗ്യപദ്ധതി, ജവാഹര്‍ലാല്‍ നെഹ്റു ദേശീയ നഗര നവീകരണപദ്ധതി എന്നിവയ്ക്കുള്ള ചെലവിലാണ് വന്‍ വെട്ടിക്കുറവ് വരുത്തുന്നത്. ചെലവുചുരുക്കല്‍ നടപടികള്‍ നിരീക്ഷിക്കുന്ന ധനമന്ത്രാലയത്തിനുകീഴിലെ ചെലവുകാര്യവകുപ്പിനാണ് പദ്ധതിച്ചെലവ് വെട്ടിച്ചുരുക്കല്‍ പരിശോധിക്കാനുമുള്ള ചുമതല. നടപടിയുടെ ഭാഗമായി സര്‍ക്കാര്‍ ഇതിനകം വ്യത്യസ്ത കേന്ദ്ര പദ്ധതികള്‍ സംയോജിപ്പിച്ച് തുടങ്ങി. ജനക്ഷേമപദ്ധതികളുടെ എണ്ണം കുറച്ച്, അനുവദിക്കുന്ന തുകയില്‍ കുറവുവരുത്തുകയാണ് ലക്ഷ്യം. ബി കെ ചതുര്‍വേദി കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശ അനുസരിച്ചാണിതെന്ന് ധനമന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു.

നിലവില്‍ കേന്ദ്രപദ്ധതികളുടെ എണ്ണം 147 ആണ്. ഇത് 59 ആയി കുറയ്ക്കാനാണ് ചതുര്‍വേദി കമ്മിറ്റിയുടെ ശുപാര്‍ശ. 2003-04ല്‍ 213ഉം 2004-05ല്‍ 207ഉം കേന്ദ്രപദ്ധതികള്‍ ഉണ്ടായിരുന്നു. ചില മന്ത്രാലയങ്ങള്‍ ഇതിനകം പദ്ധതികളുടെ എണ്ണം കുറച്ച് തുടങ്ങി. മറ്റു മന്ത്രാലയങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് നീക്കം. ചെലവുകുറയ്ക്കല്‍ നടപടികള്‍ വിലയിരുത്താന്‍ ഇപ്പോള്‍ ആഴ്ചയില്‍ ഒരിക്കല്‍ ചെലവുവകുപ്പിന്റെ കീഴില്‍ അവലോകന യോഗം ചേരുന്നുണ്ട്. ധനകമ്മി കുറയ്ക്കാനാണ് പദ്ധതി- പദ്ധതിയിതര ചെലവ് വെട്ടിക്കുറയ്ക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം. ആസൂത്രണ കമീഷന്‍ ഇതേ ആവശ്യം നിരന്തരം ഉന്നയിക്കുന്നുണ്ട്. 2011-12ല്‍ ധനകമ്മി ജിഡിപിയുടെ 5.7 ശതമാനമായി ഉയര്‍ന്നത് ചൂണ്ടിക്കാട്ടിയാണ് ജനക്ഷേമപദ്ധതികള്‍ക്കുള്ള തുക വെട്ടിക്കുറയ്ക്കുന്നത്. ഈ ധനകാര്യവര്‍ഷത്തില്‍ ധനകമ്മി 5.1 ശതമാനമായി കുറയ്ക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ജിഡിപിയുടെ രണ്ട് ശതമാനത്തില്‍ താഴെയായി സബ്സിഡി വെട്ടിച്ചുരുക്കാനും പദ്ധതിയുണ്ട്. ഡീസല്‍, മണ്ണെണ്ണ, പാചകവാതകം, വളം എന്നിവയുടെ സബ്സിഡി വെട്ടിക്കുറച്ചാകും ചെലവുചുരുക്കലിന്റെ അടുത്തഘട്ടം. കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ 65,000 കോടി രൂപയായിരുന്ന ഇന്ധന സബ്സിഡി 40,000 കോടിയായി വെട്ടിക്കുറയ്ക്കും.

പദ്ധതിയിതര ചെലവില്‍ 10 ശതമാനം വെട്ടിക്കുറവ് വരുത്താന്‍ ധനമന്ത്രാലയം 2009ല്‍ വിവിധ മന്ത്രാലയങ്ങളോടും വകുപ്പുകളോടും ആവശ്യപ്പെട്ടിരുന്നു. ആഗോള സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. കഴിഞ്ഞ മാസവും ധനമന്ത്രാലയം നിര്‍ദേശം ആവര്‍ത്തിച്ചു. 2011ല്‍ നടപ്പാക്കിയ ചെലവുചുരുക്കല്‍ കര്‍ക്കശമാക്കുമെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റിലും അറിയിച്ചു. ഭരണതലത്തില്‍ ചെലവുചുരുക്കല്‍ നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. മന്ത്രിമാരുടെ വിദേശസഞ്ചാരം നിയന്ത്രിക്കുമെന്നും ഔദ്യോഗികപരിപാടികള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നടത്തില്ലെന്നും അറിയിച്ചു. എന്നാല്‍, കേന്ദ്രമന്ത്രിമാര്‍ ഇതിന് തയ്യാറായിട്ടില്ല. പദ്ധതി- പദ്ധതിയിതര ചെലവുകള്‍ വെട്ടിച്ചുരുക്കാനുള്ള മറമാത്രമാണ് ഭരണതലത്തിലെ ചെലവുചുരുക്കല്‍ നാടകമെന്ന് നേരത്തെ വ്യക്തമായിരുന്നു. പദ്ധതിത്തുകയില്‍ കുറവ് വരുത്തുന്നതോടെ വികസനപ്രവര്‍ത്തനങ്ങള്‍ താളംതെറ്റും. പണത്തിന്റെ അഭാവത്തില്‍ ജനക്ഷേമപദ്ധതികളും നിര്‍ജീവമാകും.

deshabhimani 110612

No comments:

Post a Comment