Thursday, June 7, 2012

രാഷ്ട്രീയമായി പ്രതിയാക്കാനുള്ള നീക്കം ചെറുക്കും പിണറായി


ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ അന്വേഷണത്തെയല്ല രാഷ്ട്രീയമായി തീരുമാനിച്ച് ബോധപൂര്‍വ്വം പ്രതിയാക്കാനുള്ള നീക്കത്തെയാണ് സിപിഐ എം എതിര്‍ക്കുന്നതെന്ന് സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പൂക്കോട്ടുകാവില്‍ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ വീനിഷിന്റെ കുടുംബസഹായഫണ്ട് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രശേഖരന്‍ വധത്തില്‍ യഥാര്‍ത്ഥപ്രതികളെ കണ്ടെത്തി അര്‍ഹമായ ശിക്ഷ നല്‍കണം. പാര്‍ട്ടി ഒരിക്കലും അന്വേഷണത്തെ തടസ്സപ്പെടുത്തില്ല. രാഷ്ട്രീയമായി തീരുമാനിച്ച് സിപിഐഎമ്മിനെ പ്രതിയാക്കാനുള്ള നീക്കത്തെ ചോദ്യം ചെയ്യാതിരിക്കാനാവില്ല. രാഷ്ട്രീയമായി അജണ്ട നിശ്ചയിച്ച് അപകീര്‍ത്തിപ്പെടുത്താനുള്ള മാധ്യമനീക്കം അംഗീകരിക്കാനാവില്ല. സിപിഐഎം മാധ്യമസ്വാതന്ത്ര്യത്തിനെതിരല്ല. കേസന്വേഷണം തെറ്റായ രീതിയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിനെ നിയമപരമായി കോടതിയില്‍ ചോദ്യം ചെയ്യും. നിയമവിരുദ്ധമായ കാര്യങ്ങളെയാണ് ചോദ്യം ചെയ്യുന്നത്.

ഓരോ മിനിറ്റിലും സിപിഐ എമ്മിനെ ആക്ഷേപിച്ച് വാര്‍ത്ത കൊടുത്തുകൊണ്ടിരിക്കുന്ന മാധ്യമങ്ങളെ പാര്‍ട്ടി ഒരിക്കലും ആക്രമിച്ചിട്ടില്ല. മാധ്യമങ്ങള്‍ക്ക് മാധ്യമങ്ങളുടേതായ രീതിയുണ്ടാവണം. തെറ്റായ അജണ്ടയാണ് എതിര്‍ക്കുന്നത്. ഒരു തെളിവുമില്ലാതെ മാധ്യമങ്ങള്‍ പാര്‍ട്ടിയെ അടച്ചാക്ഷേപിക്കുകയാണ്. അതരത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനങ്ങളെയും പ്രവര്‍ത്തകരെയും സിപിഐഎം ആക്രമിച്ചിട്ടില്ല. കോര്‍പറേറ്റ് താല്‍പര്യമുള്ള മാധ്യമങ്ങള്‍ സിപിഐ എമ്മിനെതിരെ നിരന്തരം വാര്‍ത്ത കൊടുത്തുകൊണ്ടിരിക്കുകയാണ്. കൊലപാതകമുണ്ടായ ഉടന്‍ പാര്‍ട്ടിയെ പ്രതിയാക്കി യുഡിഎഫ് നേതാക്കളും മന്ത്രിമാരും മാധ്യമങ്ങളും രംഗത്തെത്തി. ആര്‍എംപിക്കാര്‍ നല്‍കുന്ന തിരക്കഥയനുസരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ക്രൂരമായ മര്‍ദ്ദനമുറകളാണ് അറസ്റ്റു ചെയ്യപ്പെട്ടവരുടെ മേല്‍ നടത്തിയത്. തെറ്റായ മൊഴി രേഖപ്പെടുത്താനാണ് ശ്രമിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ആഭ്യന്തരമന്ത്രി കേസ് അന്വേഷണത്തില്‍ ഇടപെടുന്നത്. കേസ് നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് യുഡിഎഫ് ശ്രമിച്ചത്.

ഒഞ്ചിയത്ത് പാര്‍ട്ടി വിട്ടവര്‍ തിരിച്ചുവരുന്നതിുനുള്ള ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. ചന്ദ്രശേഖരന്‍ ഉള്‍പ്പടെയുള്ളവര്‍ തിരിച്ചുവരുന്ന കാര്യം ആലോചിച്ചിരുന്ന ഘട്ടത്തില്‍ പാര്‍ട്ടി കൊലനടത്തിയെന്ന പ്രചാരണം ആരും വിശ്വസിക്കില്ല. അവസാനശ്വാസം വലിക്കുമ്പോഴും സ്വന്തം ജീവരക്തം മുക്കി ജയില്‍ച്ചവരില്‍ അരിവാള്‍ ചുറ്റിക വരച്ചിട്ട മണ്ടോടി കണ്ണനെപ്പോലെയുള്ള രക്തസാക്ഷികളുടെ ഓര്‍മ്മ ആവേശമായി ഉള്‍ക്കൊള്ളുന്നവരാണ് ഒഞ്ചിയത്തുള്‍പ്പടെയുള്ള സഖാക്കള്‍. പാര്‍ട്ടി വെല്ലുവിളിക്കപ്പെടുന്നു എന്നൊരു തോന്നല്‍വരുമ്പോള്‍ ബഹുജനങ്ങള്‍ തള്ളിവരും. വര്‍ഗ്ഗശത്രുക്കളുടെ നീക്കത്തെ അനുവദിക്കില്ല ജനങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു. അനേകം പേരുടെ ജീവരക്തത്തില്‍ നിന്നും ഉയര്‍ന്നു വന്ന പാര്‍ട്ടിയെ ഒരുപോറലുമേല്‍പ്പിക്കാതെ ജനങ്ങള്‍ സംരക്ഷിക്കുമെന്നും പിണറായി പറഞ്ഞു.

deshabhimani news

1 comment:

  1. ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ അന്വേഷണത്തെയല്ല രാഷ്ട്രീയമായി തീരുമാനിച്ച് ബോധപൂര്‍വ്വം പ്രതിയാക്കാനുള്ള നീക്കത്തെയാണ് സിപിഐ എം എതിര്‍ക്കുന്നതെന്ന് സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പൂക്കോട്ടുകാവില്‍ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ വീനിഷിന്റെ കുടുംബസഹായഫണ്ട് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രശേഖരന്‍ വധത്തില്‍ യഥാര്‍ത്ഥപ്രതികളെ കണ്ടെത്തി അര്‍ഹമായ ശിക്ഷ നല്‍കണം. പാര്‍ട്ടി ഒരിക്കലും അന്വേഷണത്തെ തടസ്സപ്പെടുത്തില്ല. രാഷ്ട്രീയമായി തീരുമാനിച്ച് സിപിഐഎമ്മിനെ പ്രതിയാക്കാനുള്ള നീക്കത്തെ ചോദ്യം ചെയ്യാതിരിക്കാനാവില്ല. രാഷ്ട്രീയമായി അജണ്ട നിശ്ചയിച്ച് അപകീര്‍ത്തിപ്പെടുത്താനുള്ള മാധ്യമനീക്കം അംഗീകരിക്കാനാവില്ല. സിപിഐഎം മാധ്യമസ്വാതന്ത്ര്യത്തിനെതിരല്ല. കേസന്വേഷണം തെറ്റായ രീതിയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിനെ നിയമപരമായി കോടതിയില്‍ ചോദ്യം ചെയ്യും. നിയമവിരുദ്ധമായ കാര്യങ്ങളെയാണ് ചോദ്യം ചെയ്യുന്നത്.

    ReplyDelete