Thursday, June 7, 2012

സിപിഐ എം തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നത് അസംബന്ധം: പൊന്നപ്പന്‍പിള്ള


തന്നെ വകവരുത്താന്‍ മാത്രം സിപിഐ എമ്മുമായി പ്രശ്നമൊന്നുമുണ്ടായിരുന്നില്ലെന്ന് സേനാപതി പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്ന പൊന്നപ്പന്‍പിള്ള "ദേശാഭിമാനി"യോട് പറഞ്ഞു. ഇതുസംബന്ധിച്ച ചാനല്‍ വാര്‍ത്തകള്‍ അത്ഭുതപ്പെടുത്തി. അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത ബിഎംഎസ് പ്രവര്‍ത്തകന്‍ പി എന്‍ മോഹന്‍ദാസിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

""സിപിഐ എമ്മിനെ ആക്രമിക്കാന്‍ വേണ്ടിയാണ് എന്റെ പേര് വലിച്ചിഴക്കുന്നതെന്ന് തോന്നുന്നു. ആരുടെ പ്രയോജനത്തിനാണ് എന്നെ ഉപയോഗിക്കുന്നതെന്ന് അറിയില്ല. സിപിഐ എം നേതാക്കളുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന ആളാണ് ഞാന്‍. സിപിഐ എമ്മിന്റെ ലിസ്റ്റില്‍ എന്നെ ഉള്‍പ്പെടുത്തിയിരുന്നുവെന്ന ചാനല്‍വാര്‍ത്ത അത്ഭുതപ്പെടുത്തി. എ കെ ദാമോദരനും ഒ ജി മദനും കെ കെ ജയചന്ദ്രനും എം ജിനദേവനും അദ്ദേഹത്തിന്റെ സഹോദരന്‍ ജനാര്‍ദ്ദനുമായൊക്കെ അടുത്ത ബന്ധമുണ്ടായിരുന്ന കോണ്‍ഗ്രസുകാരനായിരുന്നു ഞാന്‍. അഞ്ചുവര്‍ഷം മുന്‍പ് രണ്ടാമത്തെ മകളുടെ മകന്റെ വിദ്യാഭ്യാസ കാര്യവുമായി ബന്ധപ്പെട്ട് സഹായിച്ചത് കെ കെ ജയചന്ദ്രന്‍ എംഎല്‍എയും സേനാപതി ശശിയുമായിരുന്നു."" അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെട്ട അഞ്ചേരി ബേബിയെ അറിയാം. തന്റെ പേര് പരാമര്‍ശിച്ച മോഹന്‍ദാസിനെയോ സിപിഐ എം ജില്ലാ സെക്രട്ടറി എം എം മണിയെയോ അറിയില്ല. ഇടുക്കി സേനാപതിയില്‍ ഭാര്യാപിതാവിന്റെ തേയിലത്തോട്ടം നോക്കി നടത്താനാണ് ഹൈറേഞ്ചിലേക്ക് പോയത്. പിന്നീട് അവിടെ സ്ഥിരതാമസമായി. പഞ്ചായത്തംഗവും പ്രസിഡന്റുമൊക്കെയായി. എല്ലാ രാഷ്ട്രീയപാര്‍ടി നേതാക്കളുമായും നല്ല ബന്ധമായിരുന്നു. തന്നെ മോശക്കാരനാക്കാന്‍ സിപിഐ എമ്മുകാര്‍ ശ്രമിച്ചിട്ടില്ല. എം എം മണി തന്നെ കൊലപ്പെടുത്താന്‍ പറഞ്ഞെന്ന ചാനല്‍ വാര്‍ത്ത കണ്ട് അത്ഭുതപ്പെട്ടു. അവരുമായി പ്രശ്നമെന്തെങ്കിലും ഉണ്ടായിരുന്നതായി ഓര്‍മയില്ല. ഇപ്പോഴത്തെ സംഭവങ്ങളില്‍ ചില ദുരൂഹതയുണ്ട്. ബേബി കൊല്ലപ്പെട്ടു കഴിഞ്ഞ് വര്‍ഷങ്ങള്‍ ശേഷമുള്ള അന്വേഷണത്തില്‍ എന്തു നടപടിയുണ്ടാകാനാണെന്നും പൊന്നപ്പന്‍പിള്ള ചോദിച്ചു. പതിനെട്ടു വര്‍ഷമായി ചങ്ങനാശേരി പെരുന്നയിലാണ് പൊന്നപ്പന്‍പിള്ളയെന്ന എം എസ് ശ്രീധരന്‍പിള്ള താമസിക്കുന്നത്.

deshabhimani 070612

No comments:

Post a Comment