Friday, June 8, 2012

പനിച്ചുവിറച്ച് കേരളം; ആരോഗ്യവകുപ്പിന് അനക്കമില്ല


കാലവര്‍ഷം തുടങ്ങുന്നതിനുമുമ്പേ സംസ്ഥാനമാകെ ഭീതിപടര്‍ത്തി പകര്‍ച്ചപ്പനി പടരുന്നു. പത്തു ലക്ഷത്തിലേറെ പേരെ പകര്‍ച്ചപ്പനി പിടിപെട്ട് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഔദ്യോഗിക കണക്കുപ്രകാരം ആറു ലക്ഷംപേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെങ്കിലും യഥാര്‍ഥ കണക്ക് അതിന്റെ ഇരട്ടിയോളം വരുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ഏതാണ്ട് ആയിരത്തിലേറെ പേര്‍ക്ക് ഈ വര്‍ഷം ഇതിനകം ഡെങ്കിപ്പനി പിടിപെട്ടു. തലസ്ഥാന ജില്ലയില്‍ ഉള്‍പ്പെടെ ഇപ്പോഴും ഡെങ്കിപ്പനി പടരുകയാണ്. സംസ്ഥാനം മുക്തമായെന്നു കരുതിയ എച്ച്1 എന്‍1 പനിയും വീണ്ടും പടരുന്നു. ഇതിനകം ഒമ്പതുപേര്‍ക്കാണ് എച്ച്1 എന്‍1 പിടിപെട്ടത്. ഇതില്‍ അഞ്ചു പേര്‍ കോഴിക്കോട്ടും മൂന്നു പേര്‍ കൊച്ചിയിലും ഒരാള്‍ മലപ്പുറത്തുമാണ്. ചിക്കുന്‍ഗുനിയയും എലിപ്പനിയും വ്യാപകമായിട്ടുണ്ട്.

മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനം നടത്താത്തതും ആരോഗ്യവകുപ്പിന്റെ നിസ്സംഗതയുമാണ് പനി ഭീതിദമായ തോതില്‍ പടരാന്‍ ഇടയാക്കിയത്. ആരോഗ്യവകുപ്പിലെ ഫീല്‍ഡ് ജീവനക്കാരെ വ്യാപകമായ തോതില്‍ ഡെപ്യൂട്ടേഷന്‍ നല്‍കി മാറ്റി നിയമിച്ചു. ഇവരെ സെന്‍സസ് ഡ്യൂട്ടിക്കുകൂടി നിയോഗിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് ഉള്‍പ്പെടെ കത്ത് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതാണ് ഇപ്പോള്‍ സ്ഥിതി ഗുരുതരമാക്കിയത്. രോഗബാധിതര്‍ക്ക് ചികിത്സാ സൗകര്യം ഒരുക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. ആശുപത്രികളില്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ല. മരുന്നുകള്‍ക്ക് കടുത്ത ക്ഷാമമാണ്. വാര്‍ഡുകള്‍ നിറഞ്ഞിട്ടും ബദല്‍മാര്‍ഗം ഏര്‍പ്പെടുത്തിയില്ല. പനി നിയന്ത്രാണാതീതമാകുന്നുവെന്ന് കണ്ടപ്പോഴാണ് വ്യാഴാഴ്ച യോഗം വിളിക്കാന്‍ ആരോഗ്യമന്ത്രി തയ്യാറായത്. എന്നാല്‍, ഈ യോഗവും പതിവു ചടങ്ങായി. പകര്‍ച്ചപ്പനി ഉള്‍പ്പെടെയുള്ള മഴക്കാലരോഗങ്ങള്‍ നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് വിപുലമായ ക്രമീകരണം ഏര്‍പ്പെടുത്തിയതായി യോഗശേഷം ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അവകാശപ്പെട്ടു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മരുന്നിന്റെ ലഭ്യത ഉറപ്പുവരുത്തി. താലൂക്ക്- ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും പനി ബാധിച്ചെത്തുന്നവരെ ചികിത്സിക്കാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. എല്ലാ താലൂക്ക് ആശുപത്രികളിലും രക്തപരിശോധനാ സൗകര്യം ലഭ്യമാക്കും. ജില്ലാ ആശുപത്രികളില്‍ പനി വാര്‍ഡുകള്‍ സജ്ജീകരിക്കും. ഡിഎംഒമാരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച അവലോകന യോഗങ്ങള്‍ ചേരുമെന്നും മന്ത്രി അറിയിച്ചു.

deshabhimani 080612

1 comment:

  1. കാലവര്‍ഷം തുടങ്ങുന്നതിനുമുമ്പേ സംസ്ഥാനമാകെ ഭീതിപടര്‍ത്തി പകര്‍ച്ചപ്പനി പടരുന്നു. പത്തു ലക്ഷത്തിലേറെ പേരെ പകര്‍ച്ചപ്പനി പിടിപെട്ട് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഔദ്യോഗിക കണക്കുപ്രകാരം ആറു ലക്ഷംപേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെങ്കിലും യഥാര്‍ഥ കണക്ക് അതിന്റെ ഇരട്ടിയോളം വരുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ഏതാണ്ട് ആയിരത്തിലേറെ പേര്‍ക്ക് ഈ വര്‍ഷം ഇതിനകം ഡെങ്കിപ്പനി പിടിപെട്ടു. തലസ്ഥാന ജില്ലയില്‍ ഉള്‍പ്പെടെ ഇപ്പോഴും ഡെങ്കിപ്പനി പടരുകയാണ്. സംസ്ഥാനം മുക്തമായെന്നു കരുതിയ എച്ച്1 എന്‍1 പനിയും വീണ്ടും പടരുന്നു. ഇതിനകം ഒമ്പതുപേര്‍ക്കാണ് എച്ച്1 എന്‍1 പിടിപെട്ടത്. ഇതില്‍ അഞ്ചു പേര്‍ കോഴിക്കോട്ടും മൂന്നു പേര്‍ കൊച്ചിയിലും ഒരാള്‍ മലപ്പുറത്തുമാണ്. ചിക്കുന്‍ഗുനിയയും എലിപ്പനിയും വ്യാപകമായിട്ടുണ്ട്.

    ReplyDelete