Saturday, June 9, 2012

ഗോള്‍ഫ് ക്ലബ്: സ്വകാര്യ നടത്തിപ്പുകാര്‍ക്ക് കൈമാറാന്‍ വീണ്ടും സര്‍ക്കാര്‍നീക്കം


സുപ്രീംകോടതിവരെ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ സര്‍ക്കാര്‍ അധീനതയിലായ ഗോള്‍ഫ് ക്ലബ്ബും സ്ഥലവും വീണ്ടും സ്വകാര്യ നടത്തിപ്പുകാര്‍ക്ക് കൈമാറാന്‍ നീക്കം. ക്ലബ് അംഗങ്ങളായ രണ്ട് മന്ത്രിമാരും ചില ഉന്നത ഉദ്യോഗസ്ഥരും അടങ്ങിയ സംഘമാണ് ചരടുവലി നടത്തുന്നത്. മുഖ്യമന്ത്രിയുടെയും റവന്യൂമന്ത്രിയുടെയും പിന്തുണയോടെയാണ് ഈ നീക്കം. ഇതുസംബന്ധിച്ച ഫയല്‍ "അതിവേഗം" നീങ്ങിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ ഏറ്റെടുത്ത 28 ഏക്കര്‍ ഭൂമിയും കെട്ടിടങ്ങളും ഏതാനും ചില വ്യക്തികളുടെ നിയന്ത്രണത്തില്‍ എത്തിക്കുന്നതിന് മന്ത്രിമാര്‍തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാലുടനെ ഉത്തരവ് പുറപ്പെടുവിക്കാന്‍ നടപടികള്‍ നടത്തിയെങ്കിലും സ്വകാര്യവ്യക്തി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് തടസ്സമായി. ഹര്‍ജിക്കാരന് കൂടുതല്‍ തെളിവ് ഹാജരാക്കാന്‍ ഹൈക്കോടതി ആറാഴ്ച അനുവദിച്ചു. ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചു. സമയപരിധി കഴിഞ്ഞാലുടനെ മുന്‍ ഭാരവാഹികളില്‍ ചിലര്‍ ഉള്‍പ്പെട്ട സമിതിക്ക് ക്ലബ്ബിന്റെ നടത്തിപ്പ് വിട്ടുകൊടുക്കുന്നതിനുള്ള ഉത്തരവ് പുറത്തിറങ്ങുമെന്നാണ് സൂചന.

ക്ലബ് നടത്തിപ്പിന് മുന്‍പ് സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പ്രകാരം രൂപീകരിച്ച കമ്മിറ്റിക്ക് പകരം പുതിയ കമ്മിറ്റി രൂപീകരിച്ച് അവകാശം കൈമാറാനാണ് നീക്കം. ക്ലബ്ബിന്റെ നടത്തിപ്പിന് സര്‍ക്കാരിന് 25 ലക്ഷം രൂപ ചെലവായെന്ന്് വ്യാജ കണക്ക് തയ്യാറാക്കിയിട്ടുണ്ട്. ഏറ്റെടുത്ത വര്‍ഷം ക്ലബ് വാടകയ്ക്ക് നല്‍കിയില്ല. ഈ കാലയളവില്‍ വരുമാനം ഇല്ലെന്നാണ് രേഖകള്‍. ഇത് ചൂണ്ടിക്കാണിച്ചാണ് പുതിയ കമ്മിറ്റിക്ക് കൈമാറ്റംചെയ്യാന്‍ നീക്കം. ക്ലബ് വാടകയ്ക്ക് നല്‍കിയാല്‍ ആ ഇനത്തില്‍മാത്രം ഒരു കോടി രൂപവരെ ലഭിക്കുമെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍പ്പോലും ചെലവ് കഴിച്ച് ലക്ഷങ്ങള്‍ സര്‍ക്കാരിന് ലഭിക്കും. ഈ വസ്തുത മറച്ചുവച്ചാണ് പുതിയ നീക്കം.

deshabhimani 090612

1 comment:

  1. സുപ്രീംകോടതിവരെ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ സര്‍ക്കാര്‍ അധീനതയിലായ ഗോള്‍ഫ് ക്ലബ്ബും സ്ഥലവും വീണ്ടും സ്വകാര്യ നടത്തിപ്പുകാര്‍ക്ക് കൈമാറാന്‍ നീക്കം. ക്ലബ് അംഗങ്ങളായ രണ്ട് മന്ത്രിമാരും ചില ഉന്നത ഉദ്യോഗസ്ഥരും അടങ്ങിയ സംഘമാണ് ചരടുവലി നടത്തുന്നത്.

    ReplyDelete