രാജ്യസഭാ സീറ്റിന് കോണ്‍ഗ്രസില്‍ തര്‍ക്കം മൂര്‍ഛിച്ചു. ആറുതവണ ലോക്സഭാംഗവും രണ്ടുതവണ രാജ്യസഭാംഗവുമായ കുര്യനു തന്നെ വീണ്ടും അവസരം നല്‍കുന്നതില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ വ്യാപകമായ അസംതൃപ്തിയും അമര്‍ഷവും. പക്ഷേ, ഇവരുടെ വികാരത്തിന് കൂട്ടുനില്‍ക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയോ തയ്യാറല്ല. കാരണം കുര്യന് സീറ്റ് നല്‍കണമെന്ന ചിന്തയിലാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി. അവരുടെ അനിഷ്ടം ക്ഷണിച്ചുവരുത്തേണ്ടെന്ന ചിന്തയിലാണ് രണ്ടുപേരും. എന്നാല്‍, കേരളത്തില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റിനായി നാലുപേര്‍ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ദിശമാറിപ്പോകുമോ എന്ന ആശങ്ക ഭരണമുന്നണിയില്‍ ഉയര്‍ന്നിട്ടുണ്ട്. ജൂണ്‍ ഇരുപത്തഞ്ചിനാണ് വോട്ടെടുപ്പ്. യുഡിഎഫിന് 72ഉം എല്‍ഡിഎഫിന് 67ഉം എംഎല്‍എമാരാണ് ഉള്ളത്. നെയ്യാറ്റിന്‍കരഫലം പതിനഞ്ചിനാണ്. ഒരു സ്ഥാനാര്‍ഥി ജയിക്കാന്‍ 36 ആദ്യവോട്ട് ലഭിക്കണം. യുഡിഎഫ് വോട്ട് കൃത്യമായി പോള്‍ ചെയ്താല്‍ അവരുടെ രണ്ടു സ്ഥാനാര്‍ഥികളും ആദ്യറൗണ്ടില്‍ തന്നെ ജയിക്കും. എന്നാല്‍, കുര്യനെ സ്ഥാനാര്‍ഥിയാക്കിയാല്‍ ഭരണപക്ഷത്തെ ആരെങ്കിലും പ്രതിഷേധം പ്രകടിപ്പിക്കാന്‍ തയ്യാറാകുമോ എന്ന സന്ദേഹം കോണ്‍ഗ്രസില്‍ പരക്കുന്നുണ്ട്.
അഞ്ചാംമന്ത്രി വിവാദത്തെ തുടര്‍ന്ന് ഭരണരാഷ്ട്രീയത്തില്‍ രൂപപ്പെട്ട ചുഴലിയില്‍ സാധാരണനിലയില്‍ കുര്യന് പാര്‍ലമെന്റിലേക്ക് ഒമ്പതാം തവണയും സീറ്റ് നല്‍കില്ലായിരുന്നു. എന്നാല്‍, വി എം സുധീരന്‍ ഉള്‍പ്പെടെയുള്ളവരെ പുറന്തള്ളി കുര്യനു തന്നെ സീറ്റ് കൊടുക്കാനാണ് നീക്കം. 12ന് കെപിസിസി തെരഞ്ഞെടുപ്പു സമിതി ചേര്‍ന്ന് ഒരു പാനല്‍ തയ്യാറാക്കി ഹൈക്കമാന്‍ഡിന് നല്‍കും. തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് വിടും. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന സുധീരനെ രാജ്യസഭയിലേക്ക് പരിഗണിക്കുകയും കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക എന്ന ആശയം ശക്തമായിരുന്നു. വയലാര്‍ രവിയെ സംഘടനാകാര്യങ്ങള്‍ക്ക് ചുമതലപ്പെടുത്തുക എന്ന നിര്‍ദേശവും ചില കേന്ദ്രങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, മന്ത്രിസഭയില്‍ നിന്ന് മാറുന്നതിന് രവിക്ക് താല്‍പ്പര്യമില്ല. ഇടക്കാലത്ത് പിണക്കമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ രവിയും എ കെ ആന്റണിയും നല്ല ബന്ധത്തിലാണ്. മന്ത്രിസഭയില്‍നിന്ന് വയലാര്‍ രവിയെ നീക്കാനുള്ള ഏതു നീക്കവും തടയാന്‍ ആന്റണിയുണ്ടാകും. രവിയെ മാറ്റാതെ തന്നെ സുധീരനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുക എന്ന ആലോചനയാണ് ഉണ്ടായിരുന്നത്. അത് മുല്ലപ്പള്ളി രാമചന്ദ്രനെ സംഘടനാ കാര്യങ്ങളിലേക്ക് മാറ്റി ആ ഒഴിവില്‍ സുധീരനെ കൊണ്ടുവരിക എന്നതായിരുന്നു. പക്ഷേ, തനിക്ക് വീണ്ടും രാജ്യസഭയില്‍ എത്തണമെന്ന കുര്യന്റെ ആഗ്രഹത്തിന് സോണിയ അനുഗ്രഹം ചൊരിഞ്ഞതിനാല്‍ അവരുടെ മനമറിഞ്ഞ് നിലപാടെടുക്കുന്ന എ കെ ആന്റണി മറ്റൊരു പേര് നിര്‍ദേശിക്കില്ല. കുര്യന്‍ രാജ്യസഭയില്‍ എത്തിയാല്‍ ഉപാധ്യക്ഷനാക്കുമെന്നാണ് ചില ഉന്നത കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പറയുന്നത്. സുധീരനു പുറമേ മുന്‍ എംഎല്‍എ കെ മോഹന്‍കുമാറിന്റെയും കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലന്റെയും പേരുകളുണ്ട്. തമ്പാനൂര്‍ രവി, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയ പേരുകളും സജീവമാണ്.
യുഡിഎഫ് വോട്ട് ചോരില്ല: മുഖ്യമന്ത്രി
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഒറ്റ വോട്ടും ചോരില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഞങ്ങള്‍ ഒറ്റക്കെട്ടാണ്. ചാക്കിട്ടുപിടിക്കുന്ന രാഷ്ട്രീയമില്ലെന്നു പറയുന്നവര്‍ രാജ്യസഭയിലേക്ക് രണ്ടു സ്ഥനാര്‍ഥികളെ നിര്‍ത്തുന്നത് എന്തിനാണ്. ഇടതുപക്ഷത്തിന്റെ കപടമുഖമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും കേസരി ട്രസ്റ്റിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞു. ബ്ലാങ്ക് ചെക്ക് രാഷ്ട്രീയം യുഡിഎഫിനില്ല. ഞങ്ങള്‍ ഞങ്ങളുടെ കരുത്തിലാണ് നില്‍ക്കുന്നത്. വേറെ എവിടെനിന്നും "സ്ഥിരനിക്ഷേപം" പ്രതീക്ഷിക്കുന്നില്ല. ചന്ദ്രശേഖരന്‍ വധശ്രമക്കേസില്‍ നടക്കുന്ന അറസ്റ്റുകളില്‍പ്രതികാര രാഷ്ട്രീയമില്ല. എസ്എഫ്ഐ- ഡിവൈഎഫ്ഐ നേതാക്കളെ കൊലപ്പെടുത്തിയ കേസുകളുടെ അന്വേഷണത്തില്‍ പക്ഷപാതിത്വമില്ല. സദാചാര പൊലീസ് ചമയുന്നവര്‍ക്കതിരെ കള്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
deshabhimani 090612
No comments:
Post a Comment