Friday, June 8, 2012
ആര്‍എംഎസിന്റെ സോര്‍ട്ടിങ് യൂണിറ്റിലെ രാത്രിപ്രവര്‍ത്തനം നിര്‍ത്തുന്നു
റെയില്‍വേ മെയില്‍ സര്‍വീസിനു (ആര്‍എംഎസ്) കീഴിലെ കൊച്ചിന്‍ സോര്‍ട്ടിങ് എയര്‍ യൂണിറ്റിന്റെ രാത്രിപ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ ഉത്തരവ്. തപാല്‍ ഉരുപ്പടികള്‍ ഏറെയും കൈകാര്യംചെയ്യുന്ന, വൈകിട്ട് ആറുമുതല്‍ രാവിലെ ആറുവരെയുള്ള യൂണിറ്റാണ് പൂട്ടുന്നത്. പകരം രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയും രണ്ടുമുതല്‍ രാത്രി 10 വരെയുമായി പ്രവൃത്തിസമയം പുനഃക്രമീകരിക്കാനാണ് നീക്കം. ഏറെ തിരക്കുള്ള യൂണിറ്റിലെ രാത്രിഷിഫ്റ്റ് നിര്‍ത്തുന്നത് ജോലിഭാരം വര്‍ധിപ്പിക്കുമെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെയും വൈകിട്ട് ആറുമുതല്‍ രാവിലെ ആറുവരെയുമായി രണ്ടു ഷിഫ്റ്റുകളാണ് നിലവിലുള്ളത്. പുതിയ ഉത്തരവനുസരിച്ച് 12 മണിക്കൂറുള്ള രാത്രി ഷിഫ്റ്റ് പൂര്‍ണമായും നിര്‍ത്തും. മധ്യമേഖല പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവ് 12ന് പ്രാബല്യത്തില്‍വരും.
ജില്ലയിലെ തപാല്‍ ഓഫീസുകളില്‍നിന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കുമുള്ള തപാല്‍ ഉരുപ്പടികള്‍ തരംതിരിക്കുന്നത് കൊച്ചിന്‍ സോര്‍ട്ടിങ് എയര്‍ യൂണിറ്റിലാണ്. സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തുന്ന ഉരുപ്പടികള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് തരംതിരിച്ചയക്കുന്നതും ഇവിടെനിന്നാണ്. തപാല്‍ ഓഫീസുകളില്‍നിന്നുള്ള ഉരുപ്പടികള്‍ രാത്രി ഏഴോടെയാണ് സോര്‍ട്ടിങ് എയര്‍ യൂണിറ്റിലെത്തുന്നത്. 10 വരെ ജോലിസമയം നിശ്ചയിച്ചാല്‍ രാത്രിയെത്തുന്ന ഉരുപ്പടികള്‍ പൂര്‍ണമായും തരംതിരിക്കാന്‍ കഴിയില്ല. വിവിധ ഭാഗങ്ങളില്‍നിന്ന് എത്തുന്ന ഉരുപ്പടികള്‍ കെട്ടിക്കിടക്കുന്നത് വിതരണം വൈകാനും കാരണമാകും. രാവിലെയും വൈകിട്ടുമായുള്ള ഷിഫ്റ്റുകളില്‍ നിലവില്‍ നൂറിലേറെപേര്‍ ജോലിചെയ്യുന്നുണ്ട്. ഇവരില്‍ എഴുപതിലധികംപേര്‍ സ്ത്രീകളാണ്. രാവിലെ ആറിന് ആരംഭിക്കുകയും രാത്രി 10ന് അവസാനിക്കുകയുംചെയ്യുന്ന തരത്തിലുള്ള സമയക്രമീകരണം സ്ത്രീജീവനക്കാരെ കൂടുതല്‍ ദോഷകരമായി ബാധിക്കും. രാത്രിഗതാഗതത്തിന് സൗകര്യങ്ങളില്ലാത്തതിനാല്‍ പരിഷ്കാരം ഏറെ ദോഷംചെയ്യുമെന്ന് സ്ത്രീജീവനക്കാര്‍ പറയുന്നു. സുരക്ഷിതമായി ജോലിചെയ്യാന്‍ തപാല്‍ വകുപ്പുതന്നെ ഒരുക്കിയ സൗകര്യമാണ് ഉത്തരവിലൂടെ അട്ടിമറിച്ചത്. മധ്യമേഖലയില്‍ ഉള്‍പ്പെടെ കേരളത്തില്‍ മറ്റൊരിടത്തും ഇത്തരം പരിഷ്കാരം നിലവിലില്ല.
അശാസ്ത്രീയ പരിഷ്കാരത്തിനെതിരെ തപാല്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ആദ്യഘട്ടമായി വെള്ളിയാഴ്ച ആര്‍എംഎസ് സൂപ്രണ്ട് ഓഫീസിലേക്ക് ജീവനക്കാര്‍ മാര്‍ച്ച് നടത്തും. തിങ്കളാഴ്ചമുതല്‍ പിഎംജി ഓഫീസിനു മുന്നില്‍ അനിശ്ചിതകാല ധര്‍ണ ആരംഭിക്കാനും സംയുക്ത സമരസമിതി തീരുമാനിച്ചിട്ടുണ്ട്.
deshabhimani 080612
Labels:
തപാല്‍ മേഖല
Subscribe to:
Post Comments (Atom)
No comments:
Post a Comment