Friday, June 8, 2012

പ്രഖ്യാപനങ്ങള്‍ കെപിസിസി വക ചെന്നിത്തലയുടെ ഊര് സന്ദര്‍ശനം ചടങ്ങ് മാത്രമായി


കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ അട്ടപ്പാടി ഊര് സന്ദര്‍ശനം ചടങ്ങായി. ആദിവാസികളൊന്നും സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തില്ല. വന്‍ പ്രചാരണം നല്‍കി കോലാഹലമുണ്ടാക്കി രണ്ടുദിവസമായി നടത്തിയ ഊര് സന്ദര്‍ശനം കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിന്റെ മറ്റൊരു പതിപ്പായി. മണ്ണാര്‍ക്കാട് നല്‍കിയ സ്വീകരണം ചേരിതിരിഞ്ഞതോടെ നിറം മങ്ങിയ പരിപാടി അട്ടപ്പാടിയിലെത്തിയപ്പോള്‍ കുടുതല്‍ കുഴപ്പത്തിലാകുകയായിരുന്നു. സര്‍ക്കാര്‍ നടത്തേണ്ട പ്രഖ്യാപനങ്ങള്‍ കെപിസിസി പ്രസിഡന്റ് നടത്തി ആദിവാസികളുടെ കൈയടി വാങ്ങാനുള്ള തന്ത്രമാണ് പയറ്റിയത്.

അട്ടപ്പാടിമേഖലയിലെ മൂന്ന് പഞ്ചായത്തുകളില്‍ ഏഴ് നന്മസ്റ്റോര്‍ ആരംഭിക്കുമെന്നും അട്ടപ്പാടിവാലി ഇറിഗേഷന്‍ പദ്ധതി പുനരാരംഭിക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശചെയ്യുമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനം. അട്ടപ്പാടിക്കാര്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന അഹാഡ്സിന്റെ പ്രവര്‍ത്തനം തുടരില്ലെന്നും കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രി അട്ടപ്പാടിയിലെ മുള്ളി ഊരിലെത്തിയ ചെന്നിത്തലയ്ക്ക് തണുത്ത സ്വീകരണമാണ് ലഭിച്ചത്. വിരലിലെണ്ണാവുന്ന ആദിവാസികള്‍ മാത്രമാണ് കോണ്‍ഗ്രസ് നേതാവിനെ കാണാനെത്തിയത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രി എ കെ ബാലന്‍ ഊര് സന്ദര്‍ശിച്ചപ്പോള്‍ വന്‍ വരവേല്‍പ്പ് ലഭിച്ചിരുന്നു. ഇതില്‍ അസൂയപൂണ്ട കോണ്‍ഗ്രസും യുഡിഎഫും അന്ന് കളിയാക്കിയിരുന്നു. എന്നാല്‍ കെപിസിസി പ്രസിഡന്റ് ആദിവാസി ഊര് സന്ദര്‍ശിച്ചിട്ടും നാല് ആദിവാസികളെ കൂട്ടാന്‍ കഴിയാത്തതില്‍ കോണ്‍ഗ്രസിനകത്തുതന്നെ മുറുമുറുപ്പ് തുടങ്ങി. സ്വീകരണം പൊളിക്കാന്‍ ഒരുവിഭാഗം ആസുത്രണം നടത്തിയെന്നും ആരോപണമുയര്‍ന്നു. മാധ്യമ പ്രവര്‍ത്തകരെ ഒപ്പം കൂട്ടി വഴിയില്‍ ഉപേക്ഷിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അട്ടപ്പാടിയില്‍ വന്‍ സ്വീകരണം ലഭുച്ചുവെന്ന് വരുത്താന്‍ പാലക്കാട്ടുനിന്നും മണ്ണാര്‍ക്കാട്ടുനിന്നും പ്രവര്‍ത്തകരെ എത്തിച്ചാണ് ജനക്കൂട്ടമുണ്ടാക്കിയത്. മുള്ളി ഊരില്‍ അഹാഡ്സിന്റെ കമ്യൂണിറ്റി സെന്ററിലാണ് രമേശ് ചെന്നിത്തല താമസിച്ചത്.

വ്യാജ ചാരായ വിതരണം: കോണ്‍ഗ്രസ് നേതാവ് പിടിയില്‍

മൂന്നാര്‍: ഇടമലക്കുടി ആദിവാസി മേഖലകളില്‍ വ്യാപകമായി വ്യാജചാരായ വിതരണം നടത്തുന്ന കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ പൊലീസ് പിടികൂടി. രാജമല പെട്ടിമുടി സ്വദേശി റഫേല്‍ (60) ആണ് പിടിയിലായത്. മൂന്നാര്‍ ബിവറേജസ് കോര്‍പറേഷന്റെ മദ്യശാലയില്‍നിന്നും അളവില്‍ കൂടുതലായി മദ്യം വാങ്ങി കൈവശംവച്ചിരുന്ന ഇയാളെ മൂന്നാര്‍ എസ്ഐ സോണി മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഇടമലക്കുടി ഭാഗത്ത് മദ്യം വിതരണം നടത്തുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചത്. മുമ്പ് നിരവധി തവണ അനധികൃതമായി വിദേശമദ്യം കൈവശം വച്ചതിന് ഇയാള്‍ക്കെതിരെ കേസുണ്ട്. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു. ഇയാളെ പൊലീസ് പിടികൂടിയ വിവരമറിഞ്ഞ് കോണ്‍ഗ്രസ് ബ്ലോക്ക് പഞ്ചായത്തംഗം ഉള്‍പ്പെട്ട നേതാക്കള്‍ സംരക്ഷണം നല്‍കാനായി മൂന്നാര്‍ സ്റ്റേഷനില്‍ എത്തിയിരുന്നു.

deshabhimani 080612

1 comment:

  1. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ അട്ടപ്പാടി ഊര് സന്ദര്‍ശനം ചടങ്ങായി. ആദിവാസികളൊന്നും സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തില്ല. വന്‍ പ്രചാരണം നല്‍കി കോലാഹലമുണ്ടാക്കി രണ്ടുദിവസമായി നടത്തിയ ഊര് സന്ദര്‍ശനം കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിന്റെ മറ്റൊരു പതിപ്പായി. മണ്ണാര്‍ക്കാട് നല്‍കിയ സ്വീകരണം ചേരിതിരിഞ്ഞതോടെ നിറം മങ്ങിയ പരിപാടി അട്ടപ്പാടിയിലെത്തിയപ്പോള്‍ കുടുതല്‍ കുഴപ്പത്തിലാകുകയായിരുന്നു. സര്‍ക്കാര്‍ നടത്തേണ്ട പ്രഖ്യാപനങ്ങള്‍ കെപിസിസി പ്രസിഡന്റ് നടത്തി ആദിവാസികളുടെ കൈയടി വാങ്ങാനുള്ള തന്ത്രമാണ് പയറ്റിയത്.

    ReplyDelete