Friday, June 8, 2012

ചര്‍ച്ച നടന്നില്ലെന്ന് പറയുന്നത് രാഷ്ട്രീയ ലക്ഷ്യംവച്ച്: പി ജയരാജന്‍


 ടി പി ചന്ദ്രശേഖനെ സിപിഐ എമ്മിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ചര്‍ച്ചകളൊന്നും നടന്നില്ലെന്ന ആര്‍എംപി സെക്രട്ടറി എന്‍ വേണുവിന്റെ ഇപ്പോഴത്തെ വാദം മാര്‍ക്സിസ്റ്റ് വിരുദ്ധ കാര്യപരിപാടിക്ക് ഭംഗം വരുമെന്ന ഭയംമൂലമാണെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. പി ജയരാജനുമായി രാഷ്ട്രീയ ചര്‍ച്ചയൊന്നും നടന്നില്ലെന്നും പൊതുസുഹൃത്തിന്റെ വീട്ടിലുണ്ടായത് സൗഹൃദസംഭാഷണം മാത്രമാണെന്നും വേണു പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് ജില്ലയിലെ തലമുതിര്‍ന്ന സിപിഐ എം നേതാവായിരുന്ന യു കുഞ്ഞിരാമന്റെ മകന്‍ സുരേഷ്ബാബു മുന്‍കൈയെടുത്താണ് അദ്ദേഹത്തിന്റെ വടകരയിലെ വീട്ടില്‍ വേണുവുമായി ചര്‍ച്ച നടന്നത്. ഒരുമണിക്കൂറിലധികം സംസാരിച്ചു. പാര്‍ടിയിലേക്ക് തിരിച്ചുവരാന്‍ വേണുവിന് സമ്മതമായിരുന്നു. അടുത്തൊരു ദിവസം ചന്ദ്രശേഖരനുമായി ചര്‍ച്ചചെയ്യണം എന്ന് തീരുമാനിച്ചു. ചന്ദ്രശേഖരനെ കൂട്ടിവരാമെന്ന് വേണു പറഞ്ഞു. ദിവസവും നിശ്ചയിച്ചു. ചന്ദ്രശേഖരന് അസൗകര്യമുണ്ടെന്ന് ആ ദിവസം വേണു അറിയിച്ചു. തുടര്‍ന്ന് എന്റെ നിര്‍ദേശാനുസരണം പാര്‍ടി ചൊക്ലി ലോക്കല്‍കമ്മിറ്റി അംഗം ടി ടി കെ ശശി പലതവണ ചന്ദ്രശേഖരന്റെയും വേണുവിന്റെയും വീട്ടില്‍പോയി സംസാരിച്ചു. ഒടുവില്‍ തിരുവനന്തപുരത്തുവച്ച് ചന്ദ്രശേഖരനുമായി ചര്‍ച്ചയാകാമെന്ന് ശശി അറിയിച്ചു. 2011 ജനുവരി ഏഴിന് എംഎല്‍എ ഹോസ്റ്റലില്‍ കാണാന്‍ നിശ്ചയിച്ചു. അന്ന് ഏതോ പരിപാടിയില്‍ പങ്കെടുക്കാന്‍ ചന്ദ്രശേഖരന്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. എന്നാല്‍ എംഎല്‍എ ഹോസ്റ്റലിലേക്ക് വന്നില്ല. ശശിയുടെ 9846129974 ഫോണില്‍നിന്ന് ഞാന്‍ ദീര്‍ഘനേരം ചന്ദ്രശേഖരനുമായി സംസാരിച്ചു. നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയില്‍നിന്ന് ചന്ദ്രശേഖരനെ ആരോ വിലക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷവും ശശി ചര്‍ച്ചകള്‍ തുടര്‍ന്നു.

ഐ വി ദാസിന്റെ മകനും സമകാലിക മലയാളം പത്രാധിപസമിതി അംഗവുമായ ഐ വി ബാബു 2011 സെപ്തംബറില്‍ ഒരുദിവസം എന്റെ വീട്ടില്‍ വന്നപ്പോള്‍ ഇക്കാര്യങ്ങള്‍ സംസാരിക്കാനിടയായി. തുടര്‍ന്ന് അടുത്ത ബന്ധമുള്ള ബാബുവും ചന്ദ്രശേഖരനുമായി ഇക്കാര്യം സംസാരിച്ചു. ഇതൊക്കെയാണ് വസ്തുതയെങ്കിലും ആര്‍എംപി അണികളില്‍ കുത്തിയിളക്കിയ സിപിഐ എം വിരുദ്ധവികാരം നിലനിര്‍ത്താനാണ് വേണുവിന്റെ ഇപ്പോഴത്തെ നിഷേധം. ചന്ദ്രശേഖരനുമായി താന്‍ ഫോണില്‍ സംസാരിച്ചത് നിഷേധിച്ച വേണുവിന്റെ ചാനല്‍ പ്രതികരണവും കണ്ടു. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം വടകരയിലെ പൊതുസുഹൃത്തിന്റെ വീട്ടില്‍ വേണുവുമായി സംസാരിച്ച കാര്യം കലാകൗമുദി അഭിമുഖത്തില്‍ താന്‍ വിവരിച്ചിരുന്നു. നേരത്തെ ചര്‍ച്ചയേ നടന്നില്ലെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ സൗഹൃദസംഭാഷണമാണ് നടന്നതെന്ന് പറയുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നത്. ആര്‍എംപി നേതാക്കള്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ രാഷ്ട്രീയ തടവറയിലാണ്. ഒഞ്ചിയത്തെ രക്തസാക്ഷികളെ ഒറ്റുകൊടുത്ത അട്ടംപരതി ഗോപാലന്റെ മകന്റെ രാഷ്ട്രീയ അജന്‍ഡ നടപ്പാക്കലാണ് ആര്‍എംപി നേതാക്കളുടെ പണി. അതുകൊണ്ടുതന്നെയാണ് ചര്‍ച്ച നടന്നുവെന്ന് സമ്മതിക്കാത്തത്. പക്ഷേ സത്യമറിയുന്ന ജനങ്ങള്‍ക്ക് മുന്നില്‍ വസ്തുതകള്‍ ഒന്നും മറച്ചുവയ്ക്കാനാവില്ലെന്ന് പി ജയരാജന്‍ പറഞ്ഞു.

deshabhimani

1 comment:

  1. ഐ വി ദാസിന്റെ മകനും സമകാലിക മലയാളം പത്രാധിപസമിതി അംഗവുമായ ഐ വി ബാബു 2011 സെപ്തംബറില്‍ ഒരുദിവസം എന്റെ വീട്ടില്‍ വന്നപ്പോള്‍ ഇക്കാര്യങ്ങള്‍ സംസാരിക്കാനിടയായി. തുടര്‍ന്ന് അടുത്ത ബന്ധമുള്ള ബാബുവും ചന്ദ്രശേഖരനുമായി ഇക്കാര്യം സംസാരിച്ചു. ഇതൊക്കെയാണ് വസ്തുതയെങ്കിലും ആര്‍എംപി അണികളില്‍ കുത്തിയിളക്കിയ സിപിഐ എം വിരുദ്ധവികാരം നിലനിര്‍ത്താനാണ് വേണുവിന്റെ ഇപ്പോഴത്തെ നിഷേധം. ചന്ദ്രശേഖരനുമായി താന്‍ ഫോണില്‍ സംസാരിച്ചത് നിഷേധിച്ച വേണുവിന്റെ ചാനല്‍ പ്രതികരണവും കണ്ടു. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം വടകരയിലെ പൊതുസുഹൃത്തിന്റെ വീട്ടില്‍ വേണുവുമായി സംസാരിച്ച കാര്യം കലാകൗമുദി അഭിമുഖത്തില്‍ താന്‍ വിവരിച്ചിരുന്നു. നേരത്തെ ചര്‍ച്ചയേ നടന്നില്ലെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ സൗഹൃദസംഭാഷണമാണ് നടന്നതെന്ന് പറയുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നത്.

    ReplyDelete