Saturday, June 9, 2012

നഷ്ടപരിഹാരം എപ്പോഴെന്ന് വ്യക്തമാക്കാതെ സര്‍ക്കാര്‍ റിപ്പോര്‍ട്ട്


എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം എപ്പോള്‍ നല്‍കുമെന്ന് വ്യക്തമാക്കാതെ സംസ്ഥാന സര്‍ക്കാര്‍ ദേശീയ മനുഷ്യാവകാശ കമീഷന് റിപ്പോര്‍ട്ട് നല്‍കി. നഷ്ടപരിഹാരത്തിന് സമയപരിധി വ്യക്തമാക്കാതെയുള്ള റിപ്പോര്‍ട്ടിനെതിരെ കമീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയേക്കും. അലംഭാവം തുടര്‍ന്നാല്‍ സര്‍ക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോവുമെന്ന് നേരത്തേ കമീഷന്‍ വ്യക്തമാക്കിയിരുന്നു. ജൂണ്‍ നാലിനകം ശുപാര്‍ശ നടപ്പാക്കാന്‍ കമീഷന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും പൂര്‍ണമായി കിടപ്പായവര്‍ക്ക് മൂന്ന് ലക്ഷം രൂപയും നല്‍കാനായിരുന്നു നിര്‍ദേശം. ചികിത്സയ്ക്കായി ആശുപത്രികളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും പുനരധിവാസത്തിന് നടപടിയെടുക്കണമെന്നും കമീഷന്‍ ശുപാര്‍ശചെയ്തു. ശുപാര്‍ശ നടപ്പാക്കിയില്ലെങ്കില്‍ ജൂണ്‍ 11ന് ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.

നഷ്ടപരിഹാരം നല്‍കുന്നതിലുള്ള സര്‍ക്കാരിന്റെ വൈമുഖ്യം വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. തുക തവണകളായി നല്‍കുമെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മൂന്നു ലക്ഷം രൂപ തവണകളായി നല്‍കും. ബാക്കി രണ്ട് ലക്ഷം രൂപ അവരുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കും. ഇതിന്റെ പലിശ തവണകളായും ബാക്കി തുക പിന്നീടും നല്‍കും. എന്‍ഫോസള്‍ഫാന്‍ ദുരന്തത്തെക്കുറിച്ച് പാലക്കാട് ജില്ലയില്‍ സര്‍വേ നടത്തിയതായും 45 ദുരിതബാധിതര്‍ ഉള്ളതായി കണ്ടെത്തിയെന്നും സര്‍ക്കാര്‍ അറിയിച്ചു. ശുപാര്‍ശ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം ലഭിച്ചില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബറില്‍ മനുഷ്യാവകാശ കമീഷന് നല്‍കിയ വിശദീകരണം. നഷ്ടപരിഹാരത്തിന്റെ വിഹിതം നല്‍കാന്‍ കഴിയില്ലെന്ന പ്ലാന്റേഷന്‍ കോര്‍പറേഷന്റെ നിലപാട് മന്ത്രിസഭായോഗം ശരിവയ്ക്കുകയും ചെയ്തു.

deshabhimani 090612

No comments:

Post a Comment