Tuesday, June 5, 2012

തകര്‍ക്കാനാകില്ല


കള്ളക്കഥകളെഴുതിയും മര്‍ദിച്ചും സിപിഐ എമ്മിനെ തകര്‍ത്തുകളയാമെന്ന് യുഡിഎഫും ചില മാധ്യമങ്ങളും കരുതുന്നത് പാര്‍ടിയുടെ ചരിത്രമറിയാത്തതുകൊണ്ടാണെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എത്ര ശക്തമായി അടിക്കുന്നോ അതിലേറെ ശക്തിയോടെ ഈ പാര്‍ടി ഉയര്‍ന്നുവരും. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുല്ലപ്പള്ളി രാമചന്ദ്രനുമൊക്കെ ആ ചരിത്രം പഠിക്കുന്നത് നല്ലതായിരിക്കും. പാര്‍ടി വെല്ലുവിളി നേരിടുന്ന സന്ദര്‍ഭത്തില്‍ ആദ്യകാല സഹയാത്രികരും അനുഭാവികള്‍പോലും പിന്തുണയുമായി ഓടിയെത്തും. അതാണിപ്പോള്‍ കേരളത്തിലങ്ങോളമിങ്ങോളം കാണുന്നതെന്നും പിണറായി പറഞ്ഞു. യുഡിഎഫ്-മാധ്യമ ഗൂഢാലോചനയ്ക്കെതിരെ സംഘടിപ്പിച്ച എറണാകുളം ജില്ലാറാലിയില്‍ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം മൈതാനിയില്‍ തിങ്ങിനിറഞ്ഞ ജനാവലിയെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം.

ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം യുഡിഎഫ് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥപ്രകാരം തെറ്റായ രീതിയിലാണു മുന്നോട്ടുപോകുന്നത്. അതിനോട് യോജിപ്പില്ല. കുറ്റവാളികള്‍ ആരായാലും നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നാണ് സിപിഐ എമ്മിന്റെ നിലപാട്. എന്നാല്‍, കൊലപാതകത്തിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് യുഡിഎഫും പൊലീസും ശ്രമിക്കുന്നത്. അതിനായി ഒരുകൂട്ടം മാധ്യമങ്ങള്‍ വിടുവായത്തം പ്രചരിപ്പിക്കുന്നു. അതിനുപിന്നാലെ പൊലീസും പോകുന്നു. സിപിഐ എം കാരനല്ലെന്നു തെളിഞ്ഞപ്പോള്‍ കാറില്‍ വിരലടയാളമുള്ളതായി കണ്ടെത്തിയ റഫീക്കിനെ പൊലീസിനും മാധ്യമങ്ങള്‍ക്കും വേണ്ടാതായി. കാറുടമയും കോണ്‍ഗ്രസാണെന്ന് കണ്ടപ്പോള്‍ വെറുതെവിട്ടു. എന്നാല്‍, ചോദ്യംചെയ്യാനെന്ന പേരില്‍ കസ്റ്റഡിയിലെടുക്കുന്നവരില്‍നിന്ന് മാധ്യമക്കഥകളുടെ അടിസ്ഥാനത്തില്‍ പൊലീസ് മൊഴി തരാന്‍ ആവശ്യപ്പെടുന്നു. തയ്യാറാകാത്തവരെ ക്രൂരമായി മര്‍ദിക്കുന്നു. കസ്റ്റഡിയിലെ മര്‍ദനവിവരം പൊതുയോഗത്തില്‍ പരസ്യമായി പറഞ്ഞതിനാണ് എളമരം കരീമിനെതിരെ കേസെടുത്തത്. അങ്ങനെ കേസെടുത്തു വിരട്ടാനാണ് ഭാവമെങ്കില്‍ തിരുവഞ്ചൂര്‍ കുറേ വിഷമിക്കും. മാധ്യമങ്ങള്‍ നിയമവിരുദ്ധമായിചെയ്യുന്ന കാര്യങ്ങളെ നിയമപരമായി ചോദ്യംചെയ്യുകമാത്രമാണ് കോടതിയെ സമീപിച്ചതിലൂടെ പാര്‍ടി ചെയ്തത്.

ചില മാധ്യമങ്ങള്‍ യുഡിഎഫിന്റെ യഥാര്‍ഥ ക്വട്ടേഷന്‍ എടുത്ത് സിപിഐ എമ്മിനെതിരെ വാര്‍ത്ത നല്‍കിയിട്ടും ഒരു അസഹിഷ്ണുതയും പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍, പാര്‍ടിയെ വേട്ടയാടാനുള്ള നീക്കം അനുവദിക്കില്ല. പാര്‍ടി വിട്ടുപോയ ആദ്യത്തെയാളല്ല ചന്ദ്രശേഖരന്‍. എം വി രാഘവന്‍ പാര്‍ടി വിട്ടപ്പോള്‍ എന്തൊക്കെ വീരവാദങ്ങളായിരുന്നു. ഒരുതരി മണ്ണു നുള്ളി രാഘവന്റെ ദേഹത്തിട്ടില്ല. വലിയൊരു വിഭാഗം തന്റെ കൂടെയുണ്ടാകുമെന്നൊക്കെയായിരുന്നല്ലോ വീരവാദം. നാടു മുഴുവന്‍ ഒപ്പമുണ്ടെന്ന് ധരിച്ചാണ് ഗൗരിയമ്മ പാര്‍ടിവിട്ടത്. അവര്‍ക്കും ഒരു കുഴപ്പവുമുണ്ടായില്ല. എം എം മണിയുടെ പ്രസംഗത്തില്‍ രാഷ്ട്രീയമായി പിശകുണ്ട്. പാര്‍ടിനയത്തില്‍നിന്ന് വ്യതിയാനമുണ്ടായി. എന്നാല്‍, നിയമപരമായി പരിശോധിച്ചാല്‍ കുറ്റകൃത്യത്തിന്റെ അംശം പോലുമില്ല. പുനരന്വേഷണത്തിനും സാധ്യതയില്ല. നിയമപരമായി കേസെടുക്കാന്‍ പൊലീസിനു കഴിയില്ലെന്ന് അറിയാമായിരുന്നിട്ടും പൊലീസ് അതിനായി നാട്ടിലാകെ പാഞ്ഞുനടക്കുകയാണ്. നീണ്ടകാലത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള പൊതുപ്രവര്‍ത്തകനോട് ഈ രീതി പാടില്ല. ഇത്തരം നീക്കങ്ങള്‍കൊണ്ടൊന്നും സിപിഐ എമ്മിനെ അങ്കലാപ്പിലാക്കാന്‍ പറ്റില്ല.

കോണ്‍ഗ്രസിലെ ഏറ്റവും വലിയ വക്രബുദ്ധി താനാണെന്നും താന്‍ വിചാരിച്ചാല്‍ സിപിഐഎമ്മിനെ തകര്‍ക്കാമെന്നുമാണ് ഉമ്മന്‍ചാണ്ടി കരുതുന്നത്. എന്നാല്‍, ഇവരെക്കാള്‍ പ്രഗത്ഭമതികള്‍ ശ്രമിച്ചിട്ടും നടക്കാത്ത കാര്യമാണത്. ആ നെറികേടിനെതിരെ പ്രതികരിക്കേണ്ട കാലഘട്ടമാണിത്. ബഹുജനങ്ങളാകെ രംഗത്തിറങ്ങുകയാണ്. അവരാണ് എക്കാലത്തും പാര്‍ടിയുടെ ശക്തിയെന്നും പിണറായി പറഞ്ഞു.

deshabhimani 060512

1 comment:

  1. കള്ളക്കഥകളെഴുതിയും മര്‍ദിച്ചും സിപിഐ എമ്മിനെ തകര്‍ത്തുകളയാമെന്ന് യുഡിഎഫും ചില മാധ്യമങ്ങളും കരുതുന്നത് പാര്‍ടിയുടെ ചരിത്രമറിയാത്തതുകൊണ്ടാണെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എത്ര ശക്തമായി അടിക്കുന്നോ അതിലേറെ ശക്തിയോടെ ഈ പാര്‍ടി ഉയര്‍ന്നുവരും. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുല്ലപ്പള്ളി രാമചന്ദ്രനുമൊക്കെ ആ ചരിത്രം പഠിക്കുന്നത് നല്ലതായിരിക്കും. പാര്‍ടി വെല്ലുവിളി നേരിടുന്ന സന്ദര്‍ഭത്തില്‍ ആദ്യകാല സഹയാത്രികരും അനുഭാവികള്‍പോലും പിന്തുണയുമായി ഓടിയെത്തും. അതാണിപ്പോള്‍ കേരളത്തിലങ്ങോളമിങ്ങോളം കാണുന്നതെന്നും പിണറായി പറഞ്ഞു. യുഡിഎഫ്-മാധ്യമ ഗൂഢാലോചനയ്ക്കെതിരെ സംഘടിപ്പിച്ച എറണാകുളം ജില്ലാറാലിയില്‍ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം മൈതാനിയില്‍ തിങ്ങിനിറഞ്ഞ ജനാവലിയെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete