Thursday, June 7, 2012
ഫരീദാബാദില്‍ നേഴ്സിങ് സമരം തുടരുന്നു
ഹരിയാനയിലെ ഫരീദാബാദില്‍ രണ്ട് ആശുപത്രികളിലായി നാനൂറോളം മലയാളി നേഴ്സുമാര്‍ നടത്തുന്ന സമരം അടിച്ചമര്‍ത്തല്‍ ശ്രമങ്ങള്‍ അതിജീവിച്ച് ഒരു മാസം പിന്നിട്ടു. വേതനപരിഷ്കരണവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് മെയ് ഏഴിനാണ് ക്യുആര്‍ജി സെന്‍ട്രല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലെയും ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെയും നേഴ്സുമാര്‍ സമരം തുടങ്ങിയത്. രണ്ട് ആശുപത്രിയിലെയും നേഴ്സുമാര്‍ സംയുക്തമായി മഥുര ദേശീയ പാതയില്‍ പ്രകടനം നടത്തി. സമരം ചെയ്തതിന് 36 പേരെ മാനേജ്മെന്റുകള്‍ പുറത്താക്കി.
ശനിയാഴ്ച ക്യുആര്‍ജിയിലെ എല്‍ദോ എന്ന നേഴ്സിനെ ആശുപത്രി സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ചു. എല്‍ദോയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പിടിച്ചുമാറ്റാന്‍ ചെന്ന വനിതാ നേഴ്സുമാരും അക്രമത്തിനിരയായി. അക്രമത്തെതുടര്‍ന്ന് പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നേഴ്സുമാര്‍ ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിച്ചു. നേഴ്സുമാരില്‍ ഭൂരിപക്ഷവും പെണ്‍കുട്ടികളാണ്. ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ സാമ്പത്തിക പ്രയാസം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണെന്ന് ഇവര്‍ പറഞ്ഞു. എന്നാല്‍, മാനേജ്മെന്റിന്റെ ചൂഷണവും നീതികേടും അംഗീകരിക്കില്ല. ""ഞങ്ങളൊക്കെ വിദ്യാഭ്യാസ വായ്പ എടുത്ത് പഠിച്ചവരാണ്. ജീവിക്കാനുള്ള പണംപോലും തരാന്‍ മാനേജ്മെന്റ് തയ്യാറല്ല. പിന്നെങ്ങനെ വിദ്യാഭ്യാസ വായ്പ അടയ്ക്കാനാകും. ഞങ്ങള്‍ ജപ്തി ഭീഷണിയിലാണ്""- സമരം ചെയ്തതിന് പുറത്താക്കപ്പെട്ട ബേസില്‍ പറഞ്ഞു.
ഹരിയാനയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ ഹരിയാന സര്‍വകര്‍മചാരിസംഘ്, ഡല്‍ഹി മലയാളികളുടെ സാംസ്കാരിക സംഘടനയായ ജനസംസ്കൃതി, മലയാളീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നീ സംഘടനകള്‍ സമരത്തിന് പിന്തുണയുമായുണ്ട്. ഓള്‍ ഇന്ത്യാ സ്റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് അസോസിയേഷന്റെ ഭാഗമാണ് ഹരിയാന സര്‍വകര്‍മചാരിസംഘ്. നേഴ്സുമാരുടെ ന്യായമായ ആവശ്യം കണ്ടില്ലെന്നു നടിക്കുകയാണ് ആശുപത്രി മാനേജ്മെന്റുകളെന്ന് സംഘടനയുടെ ഫരീദാബാദ് പ്രസിഡന്റ് വീരേന്ദര്‍ സിങ് ദേശാഭിമാനിയോട് പറഞ്ഞു. നേഴ്സുമാരെ പുറത്താക്കി സമരം അടിച്ചമര്‍ത്താനാണ് മാനേജ്മെന്റുകളുടെ ശ്രമം. ഇത് അംഗീകരിക്കാനാകില്ല. മലയാളി നേഴ്സുമാര്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കും- അദ്ദേഹം പറഞ്ഞു.
(പി വി അഭിജിത്)
deshabhimani 070612
Labels:
ആരോഗ്യരംഗം,
പോരാട്ടം
Subscribe to:
Post Comments (Atom)
No comments:
Post a Comment