Monday, June 11, 2012

സിപിഐ എമ്മിനോട് കൊലവിളി വേണ്ട


ടി പി ചന്ദ്രശേഖരന്റെ കൊലപാതകക്കേസ് കൊണ്ട് കേരളത്തിലെ സിപിഐ എമ്മിന്റെ അടിവേരിളക്കാമെന്ന് വ്യാമോഹിക്കുന്നവരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിമുതല്‍ കെ സുധാകരന്‍വരെയുണ്ട്; എം പി വീരേന്ദ്രകുമാര്‍ നയിക്കുന്ന മാതൃഭൂമി പത്രംമുതല്‍ ലീഗ് മന്ത്രി നയിക്കുന്ന ഇന്ത്യാവിഷന്‍ ചാനല്‍വരെയുണ്ട്. പൊലീസിനെ ഉപയോഗിച്ച്, മാധ്യമപിന്തുണയോടെ നിരന്തരം ആക്രമണം നടത്തിയാല്‍ കേരളത്തില്‍നിന്ന് ചെങ്കൊടിയെ നാടുകടത്താമെന്നും "മാര്‍ക്സിസ്റ്റ് ശല്യ"മില്ലാത്ത നാളുകള്‍ പിന്നാലെ വരുമെന്നുമുള്ള ഇത്തരക്കാരുടെ അതിരുവിട്ട മോഹമാണ് ഇന്ന് കേരളീയന്റെ ജീവിതത്തെ മലീമസമാക്കുന്നത്. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനെ ആരും ന്യായീകരിച്ചിട്ടില്ല. ആ കൊലപാതകം നിഷ്ഠുരമാണെന്നും പാര്‍ടിക്ക് അതില്‍ പങ്കില്ല എന്നും സിപിഐ എം ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും സംശയത്തിനിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം പാര്‍ടി തടസ്സപ്പെടുത്തിയിട്ടില്ല. നിയമപരമായി ആരെയെങ്കിലും കസ്റ്റഡിയിലെടുക്കുന്നതിനെയോ അറസ്റ്റ് ചെയ്യുന്നതിനെയോ തടഞ്ഞിട്ടില്ല. പൊലീസ് വിളിച്ചപ്പോള്‍ സ്വമേധയാ ചെല്ലുകയായിരുന്നു സിപിഐ എം ഒഞ്ചിയം ഏരിയ സെക്രട്ടറി സി എച്ച് അശോകനുള്‍പ്പെടെയുള്ളവര്‍ എന്നത് പാര്‍ടിയുടെ തുറന്ന സമീപനമാണ് തെളിയിച്ചത്.

എന്നാല്‍, പൊലീസിന്റെയും ആഭ്യന്തരമന്ത്രിയുള്‍പ്പെടെയുള്ളവരുടെയും നിലപാട് അതല്ല. അവര്‍ക്ക് കൊലപാതകത്തിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിനുമേല്‍ കെട്ടിവച്ചേ തീരൂ. അതിനായി ഏതുവേഷംകെട്ടാനും എന്ത് നെറികേട് ചെയ്യാനും അവര്‍ തയ്യാറാകുകയാണ്. ദിവസവും ഓരോ കഥകളാണിറങ്ങുന്നത്. കൊലപാതകം നടത്തി എന്ന് പൊലീസ് പറയുന്ന സംഘത്തിന്റെ നേതാക്കളുടെ പേര് അനുദിനം മാറുന്നു. അതിനുസരിച്ച് പുതിയ കഥകള്‍ സൃഷ്ടിക്കാന്‍ ചില മാധ്യമങ്ങള്‍ ആവേശപൂര്‍വം രംഗത്തുവരുന്നു.

പൊലീസിന്റെ ആദ്യകഥയിലെ വില്ലനായിരുന്നു വായപ്പടച്ചി റഫീക്ക്. അയാള്‍ കണ്ണെത്താദൂരത്തില്‍ ഒളിവില്‍ പോയെന്നു പറയുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു പൊലീസ്. മെയ് ഒന്‍പതിന് "മാതൃഭൂമി" പ്രധാന വാര്‍ത്തയുടെ തലക്കെട്ട് "വിരലടയാളം കൊടി സുനിയുടെയും റഫീക്കിന്റെയും" എന്നായിരുന്നു. കേസില്‍ നിര്‍ണായക വഴിത്തിരിവായെന്ന ആമുഖത്തോടെ തുടങ്ങുന്ന വാര്‍ത്തയില്‍, "" വടകരയ്ക്കടുത്ത് വള്ളിക്കാട്ടെത്തി കൃത്യം നടത്തിയത് പള്ളൂര്‍ സ്വദേശി വായപ്പടച്ചി റഫീക്കും കൊടി സുനിയുമാണെന്ന് ശാസ്ത്രീയപരിശോധനയില്‍ തെളിഞ്ഞു. പ്രതികള്‍ സഞ്ചരിച്ച വാഹനത്തില്‍നിന്ന് ലഭിച്ച വിരലടയാളങ്ങള്‍ പരിശോധിച്ചപ്പോഴാണ്, അത് ഇവര്‍ രണ്ടുപേരുടേതുമാണെന്ന് സ്ഥിരീകരിച്ചത്. വാഹനത്തില്‍നിന്ന് ലഭിച്ച വെള്ളി ബ്രേസ്ലെറ്റും റഫീക്കിന്റേതാണെന്നും പരിശോധനയില്‍ തെളിഞ്ഞു"" എന്ന് വിശദീകരിക്കുന്നു. ആ റഫീക്കിനെ പൊലീസ് പിന്നെ അന്വേഷിച്ചതേയില്ല. വടകര കോടതിയില്‍ പകല്‍ മുഴുവന്‍ ചെലവഴിച്ചിട്ടും പൊലീസ് റഫീക്കിനെ പിടിച്ചതുമില്ല. ഇപ്പോള്‍ ബ്രേസ്ലെറ്റുമില്ല, വിരലടയാളവുമില്ല, റഫീക്കിന്റെ പങ്കാളിത്തവുമില്ല. റഫീക്കിന് സിപിഐ എമ്മുമായി ബന്ധമില്ല എന്ന് നിസ്സംശയം തെളിയിക്കപ്പെട്ടപ്പോഴാണ് പൊലീസിന്റെ ഈ ചുവടുമാറ്റം.

മുംബൈയില്‍നിന്ന് "സാഹസികമായി" പിടിച്ചുകൊണ്ടുവന്നു എന്ന് പറയുന്ന രജീഷ്, സമ്മര്‍ദമില്ലാതെ പലതും പറഞ്ഞുപോലും. പിറന്ന അന്നുമുതല്‍ ഇന്നയിന്ന തെറ്റുകള്‍ ചെയ്തു എന്ന് ഒരാള്‍ കിളി പറയുംപോലെ പറഞ്ഞു എന്ന് പ്രചരിപ്പിക്കാന്‍ കുറെയാളുകളും അത് അതേപടി വിശ്വസിച്ച് കഥകള്‍ ചമയ്ക്കാന്‍ മറ്റു ചിലരും. ഏതു ലോകത്താണ് ഈ മാധ്യമങ്ങള്‍ ജീവിക്കുന്നത്? ഒരു പത്രം എഴുതിയത്, രജീഷിനെ ഒരാഴ്ച ഉറങ്ങാന്‍ വിടാതെ ചോദ്യംചെയ്തതിലൂടെയാണ് ഈ "വിവരങ്ങള്‍" കിട്ടിയത് എന്നാണ്. അത് ശരിയെങ്കില്‍ രണ്ട് പ്രശ്നങ്ങള്‍ ഉയര്‍ന്നുവരും. ഒന്നാമത്തേത്, അബുഗരൈബ് തടവറയുടെ മാതൃകയിലുള്ള പീഡനം കേരള പൊലീസ് നടത്തുന്നു എന്നതാണ്. പൊലീസ് കസ്റ്റഡിയില്‍ ഇരുപത്തിനാലുമണിക്കൂര്‍ മാത്രമേ വയ്ക്കാവൂ എന്ന നിയമവ്യവസ്ഥ പരസ്യമായി വെല്ലുവിളിക്കപ്പെട്ടു എന്നതാണ് രണ്ടാമത്തേത്. ഇത്തരം നിയമ- മനുഷ്യാവകാശലംഘനങ്ങള്‍ സാധാരണ സംഭവങ്ങളായി റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്നു എന്നതാണ് ഇന്നാട്ടിലെ മുഖ്യധാരാമാധ്യമങ്ങളെ ബാധിച്ച മാര്‍ക്സിസ്റ്റ് വിരുദ്ധ അപസ്മാരത്തിന്റെ ഒരു ലക്ഷണം. സി എച്ച് അശോകനെ രണ്ടാഴ്ചത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്ത പൊലീസിന് രജീഷിനെ കസ്റ്റഡിയില്‍ വേണ്ടത്രെ. കാരണം പറയുന്നത് തിരിച്ചറിയല്‍ പരേഡുണ്ടെന്നാണ്. രജീഷിന്റെ ചിത്രം സകല മാധ്യമങ്ങള്‍ക്കും നല്‍കി പ്രസിദ്ധീകരിപ്പിച്ചശേഷം എന്ത് പരേഡ്? ജനങ്ങളെ വിഡ്ഢിയാക്കുന്നതിനും വേണ്ടേ ഒരതിര്?

എങ്ങനെയാണ്, കസ്റ്റഡിയിലുള്ളവര്‍ നല്‍കി എന്നു പറയുന്ന മൊഴിയുടെ വിവരങ്ങള്‍ ഒരേപോലെ പല മാധ്യമങ്ങള്‍ക്ക് ഒരേസമയം കിട്ടുന്നത്? അന്വേഷണസംഘത്തിലെ ആരാണ് മാധ്യമങ്ങളുടെ ചാരന്മാരായി പ്രവര്‍ത്തിക്കുന്നത്? പ്രകടമായി നിയമം ലംഘിക്കുന്ന അത്തരക്കാരെ എന്തുകൊണ്ട് കണ്ടെത്തുന്നില്ല? ആധുനിക സാങ്കേതികവിദ്യ പ്രയോഗിക്കാന്‍ പ്രാഗത്ഭ്യമുള്ളവര്‍ അന്വേഷണസംഘത്തിലുണ്ടെന്നാണ് പറയുന്നത്. തൊട്ടടുത്തിരുന്ന്, മാധ്യമങ്ങള്‍ക്ക് രഹസ്യംചോര്‍ത്തുന്ന ഒറ്റുകാരെ പിടിക്കാന്‍ കഴിയാത്ത പ്രാവീണ്യം എന്തുതരത്തിലുള്ളതാണ്? അതോ ഭരണനേതൃത്വത്തിലെ തമ്പുരാക്കന്മാരെ പ്രീതിപ്പെടുത്താന്‍ രഹസ്യം ചോര്‍ത്തുന്നതില്‍ അപാകതയില്ല എന്ന നിലപാടിലേക്ക് താഴ്ന്നുവോ?

പൊലീസ് സംഘത്തിലെ ചിലര്‍ യുഡിഎഫിന്റെ ഗുണ്ടകളായി അധഃപതിച്ചിരിക്കുന്നു. പൊലീസ് ക്യാമ്പിലും ചോദ്യംചെയ്യല്‍ കേന്ദ്രങ്ങളിലും ഭീകര മര്‍ദനമുറകളാണരങ്ങേറുന്നത്. അടിച്ചും പീഡിപ്പിച്ചും മൊഴികള്‍ പിഴിഞ്ഞെടുത്ത്, ഏതെങ്കിലും ഒരറ്റം സിപിഐ എമ്മിനുമേല്‍ വലിച്ചുകെട്ടാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ നടത്തിപ്പാണ് പൊലീസിനെയും മാധ്യമങ്ങളെയും ഉപയോഗിച്ച് നിര്‍വഹിക്കുന്നത്. ഈ കോലാഹലങ്ങള്‍കൊണ്ട്, നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ജീര്‍ണത ചര്‍ച്ചയാകാതെ രക്ഷപ്പെടാന്‍ കഴിഞ്ഞു എന്നവര്‍ക്ക് ആശ്വസിക്കാം. എന്നാല്‍, കൊലപാതകക്കേസ് കൊണ്ട് സിപിഐ എമ്മിനെ പൂട്ടിക്കളയാം എന്നാണ് ഇനിയും കരുതുന്നതെങ്കില്‍ തീര്‍ച്ചയായും അതില്‍ പശ്ചാത്തപിക്കേണ്ടിവരും. പാര്‍ടിയുടെ കൈകള്‍ ശുദ്ധമാണ്- അത് പാര്‍ടിയെ സ്നേഹിക്കുന്ന ലക്ഷോപലക്ഷം ജനങ്ങള്‍ക്കറിയാം. ജനങ്ങളുടെ ആ തിരിച്ചറിവാണ് പാര്‍ടി ശത്രുക്കളുടെ ഉപജാപങ്ങള്‍ക്കും കുതന്ത്രങ്ങള്‍ക്കും മറുപടി നല്‍കുക. അതല്ലെങ്കില്‍, മീറത്ത്, പെഷവാര്‍, കാണ്‍പുര്‍ ഗൂഢാലോചനക്കേസുകളോടെ ഇന്ത്യയില്‍നിന്ന് കമ്യൂണിസ്റ്റ് പാര്‍ടി തൂത്തെറിയപ്പെടുമായിരുന്നുവല്ലോ. ഒരേ താളത്തിലും ഭാവത്തിലും മാര്‍ക്സിസ്റ്റ് വിരുദ്ധ ഗാനാലാപനം നടത്തിയാല്‍ എല്ലാകാലത്തും ജനങ്ങള്‍ കേട്ടുനില്‍ക്കില്ല എന്ന് ഞങ്ങളുടെ മാധ്യമ സഹജീവികള്‍ മനസ്സിലാക്കണമെന്നാശിക്കുന്നു.

ചന്ദ്രശേഖരന്‍ വധം തെളിയിക്കപ്പെടേണ്ട കേസാണ്. യഥാര്‍ഥ പ്രതികളെ പിടികൂടാനും നിയമത്തിനുമുന്നില്‍ കൊണ്ടുവരാനും പൊലീസ് നടത്തുന്ന ഏതു ശ്രമത്തെയും ആരും എതിര്‍ക്കുന്നില്ല. എതിര്‍ത്തിട്ടുമില്ല. പക്ഷേ, ചിലരെ ചുണ്ണാമ്പു തൊട്ടുവച്ച് പിടിച്ചുകൊണ്ടുവന്ന് മാര്‍ക്സിസ്റ്റ് പാര്‍ടിക്കെതിരെ മൊഴിയുണ്ടെന്ന് പ്രചരിപ്പിച്ച് പാര്‍ടിയെ വേട്ടയാടിക്കളയാമെന്ന ദുരാഗ്രഹം ആര്‍ക്കും വേണ്ടതില്ല. പൊട്ടിവീഴാറായ കയറില്‍ തൂങ്ങുന്ന ഭൂരിപക്ഷവുമായി, തമ്മിലടികൊണ്ട് ശിഥിലമായ മുന്നണിബന്ധവുമായി നില്‍ക്കുന്ന സര്‍ക്കാര്‍, മാര്‍ക്സിസ്റ്റ് വിരുദ്ധ വിശാലമുന്നണിയുണ്ടാക്കാനുള്ള രാഷ്ട്രീയ ആയുധമായി ഈ കേസിനെ ഉപയോഗിക്കുന്നതു തുടര്‍ന്നാല്‍ ജനങ്ങളില്‍നിന്നുണ്ടാകുന്ന പ്രതികരണം ചെറുതാകില്ല എന്ന് ഓര്‍ക്കുന്നത് നന്ന്. പാര്‍ടിക്കെതിരെ കൊലപാതകരാഷ്ട്രീയം ആരോപിച്ച് വാളോങ്ങുന്നവര്‍ക്ക് വേണ്ടത് ഈ പ്രസ്ഥാനത്തിന്റെതന്നെ രക്തമാണ് എന്ന് തിരിച്ചറിഞ്ഞുള്ള ജനകീയ പ്രതികരണത്തിനാകും വരുംനാളുകളില്‍ കേരളം വേദിയാകുക. പാര്‍ടിയെ പിഴുതെറിയാമെന്ന് വ്യാമോഹിക്കുന്നവര്‍ക്കുള്ള മറുപടി ആ ജനങ്ങളാണ് നല്‍കുക.

deshabhimani editorial 110612

1 comment:

  1. ടി പി ചന്ദ്രശേഖരന്റെ കൊലപാതകക്കേസ് കൊണ്ട് കേരളത്തിലെ സിപിഐ എമ്മിന്റെ അടിവേരിളക്കാമെന്ന് വ്യാമോഹിക്കുന്നവരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിമുതല്‍ കെ സുധാകരന്‍വരെയുണ്ട്; എം പി വീരേന്ദ്രകുമാര്‍ നയിക്കുന്ന മാതൃഭൂമി പത്രംമുതല്‍ ലീഗ് മന്ത്രി നയിക്കുന്ന ഇന്ത്യാവിഷന്‍ ചാനല്‍വരെയുണ്ട്. പൊലീസിനെ ഉപയോഗിച്ച്, മാധ്യമപിന്തുണയോടെ നിരന്തരം ആക്രമണം നടത്തിയാല്‍ കേരളത്തില്‍നിന്ന് ചെങ്കൊടിയെ നാടുകടത്താമെന്നും "മാര്‍ക്സിസ്റ്റ് ശല്യ"മില്ലാത്ത നാളുകള്‍ പിന്നാലെ വരുമെന്നുമുള്ള ഇത്തരക്കാരുടെ അതിരുവിട്ട മോഹമാണ് ഇന്ന് കേരളീയന്റെ ജീവിതത്തെ മലീമസമാക്കുന്നത്. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനെ ആരും ന്യായീകരിച്ചിട്ടില്ല. ആ കൊലപാതകം നിഷ്ഠുരമാണെന്നും പാര്‍ടിക്ക് അതില്‍ പങ്കില്ല എന്നും സിപിഐ എം ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും സംശയത്തിനിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം പാര്‍ടി തടസ്സപ്പെടുത്തിയിട്ടില്ല. നിയമപരമായി ആരെയെങ്കിലും കസ്റ്റഡിയിലെടുക്കുന്നതിനെയോ അറസ്റ്റ് ചെയ്യുന്നതിനെയോ തടഞ്ഞിട്ടില്ല. പൊലീസ് വിളിച്ചപ്പോള്‍ സ്വമേധയാ ചെല്ലുകയായിരുന്നു സിപിഐ എം ഒഞ്ചിയം ഏരിയ സെക്രട്ടറി സി എച്ച് അശോകനുള്‍പ്പെടെയുള്ളവര്‍ എന്നത് പാര്‍ടിയുടെ തുറന്ന സമീപനമാണ് തെളിയിച്ചത്.

    ReplyDelete