Thursday, June 7, 2012

കേസെടുക്കാനുള്ള പരാമര്‍ശങ്ങള്‍ പ്രസംഗത്തിലില്ല: എം എം മണി


മാര്‍ക്സിസ്റ്റുകാരായ പ്രതികളെക്കുറിച്ചാണ് മണക്കാട്ടെ പ്രസംഗത്തില്‍ "ഞങ്ങളെന്നു" പരാമര്‍ശിച്ചതെന്ന് സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണി ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. കേസുകളില്‍ വിചാരണ നേരിട്ടവരെക്കുറിച്ചാണ് പരാമര്‍ശിച്ചതെന്നും പ്രസംഗത്തിന്റെ പേരില്‍ കേസെടുക്കാന്‍ നിയമപരമായ വസ്തുതകളില്ലെന്നും എം എം മണിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എം കെ ദാമോദരന്‍ വ്യക്തമാക്കി. പൊലീസ് രജിസ്റ്റര്‍ചെയ്ത കേസും വിചാരണ പൂര്‍ത്തിയായ കേസുകളുടെ തുടരന്വേഷണവും നിയമപരമായ പിന്‍ബലമില്ലാത്തവയായതിനാല്‍ റദ്ദാക്കണമെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.

കൊലപാതക കേസ് രജിസ്റ്റര്‍ചെയ്യാന്‍ പര്യാപ്തമായ പരാമര്‍ശങ്ങള്‍ ഒന്നും പ്രസംഗത്തിലില്ല. പ്രസംഗത്തെക്കുറിച്ച് നേരിട്ട് വിവരമില്ലാത്ത വ്യക്തിയുടെ പരാതിയിലാണ് പൊലീസ് കേസ്. കേസ് രാഷ്ട്രീയപ്രേരിതവും ദുരുദ്ദേശ്യപരവുമാണ്. ഒരിക്കല്‍ അന്വേഷണവും വിചാരണയും പൂര്‍ത്തിയായ കേസുകളില്‍ തുടരന്വേഷണമോ പുനരന്വേഷണമോ നിയമപരമായി സാധ്യമല്ല. പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പുതിയ വെളിപ്പെടുത്തലോ തെളിവോ ആയി കണക്കാക്കാനാവില്ലെന്നും അഡ്വ. എം കെ ദാമോദരന്‍ വാദിച്ചു. കൂത്തുപറമ്പ് കേസിലെ സുപ്രീംകോടതിവിധിയുടെ ലംഘനമാണ് വര്‍ഷങ്ങള്‍മുമ്പ് അന്വേഷണവും വിചാരണയും പൂര്‍ത്തിയായ മൂന്നു കേസില്‍ വീണ്ടും പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. മണിക്കെതിരായ കേസുകള്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതിവിധികള്‍ ഉദ്ധരിച്ച് അദ്ദേഹം വാദിച്ചു.

ബെസ്റ്റ് ബേക്കറി കേസില്‍പോലും സുപ്രീംകോടതി വിചാരണ പൂര്‍ത്തിയാവാത്തതിനാലാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. അശ്രദ്ധമായി പറഞ്ഞ ചില വാക്കുകളുടെ പേരില്‍ മൂന്നു കൊലക്കേസില്‍ പ്രതിചേര്‍ത്തത് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളുടെ ലംഘനമാണ്. മണിയുടെ വെളിപ്പെടുത്തല്‍ ആധികാരികമാണെന്നും ഇത് സ്വമേധയ ഉള്ള വെളിപ്പെടുത്തലാണെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി ആസഫ് അലി വിശദീകരിച്ചു. അന്വേഷണം പ്രാരംഭദിശയില്‍ മാത്രമാണെന്നും കൊല നടത്തിയതിന്റെ രീതിയും പ്രസംഗത്തില്‍ വ്യക്തമാണെന്നും ഡിജിപി വിശദീകരിച്ചു. മൂന്നു കേസുകളെക്കുറിച്ചാണ് പ്രസംഗത്തിലെ പരാമര്‍ശമെങ്കിലും മറ്റു കേസുകളെക്കുറിച്ചും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാദം പൂര്‍ത്തിയാവാത്തതിനാല്‍ കേസ് ജസ്റ്റിസ് എസ് എസ് സതീശ്ചന്ദ്രന്‍ വ്യാഴാഴ്ചത്തേക്കു മാറ്റി.

deshabhimani 070612

No comments:

Post a Comment