Thursday, June 7, 2012

പൊലീസ് തേര്‍വാഴ്ച


എസ്എഫ്ഐ പ്രവര്‍ത്തകരുടെ സമരത്തിനുനേരെ പൊലീസ് നടത്തിയ നരനായാട്ടില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വൈകിട്ട് നടത്തിയ പ്രകടനത്തിനുനേരെ യൂത്ത് കോണ്‍ഗ്രസുകാര്‍ കല്ലെറിഞ്ഞു. സംഭവം കണ്ടുനിന്ന പത്തനംതിട്ട ഡിവൈഎസ്പി പി രഘുവരന്‍ നായരുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സന്നാഹം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ ക്രുരമര്‍ദനം നടത്തി. ജില്ലാ പ്രസിഡന്റ് പി ആര്‍ പ്രദീപുള്‍പ്പെടെ നിരവധിപേരെ വളഞ്ഞിട്ടുതല്ലി. എന്നാല്‍, യൂത്തുകോണ്‍ഗ്രസുകാര്‍ പൊലീസുകാരെയും കല്ലെറിഞ്ഞെങ്കിലും ഇവരെ ഒന്നുംചെയ്തില്ല.

മര്‍ദനമേറ്റ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആശുപത്രിയിലാക്കാതെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഏരിയ പ്രസിഡന്റ് സംഗേഷ് ജി നായര്‍, മേഖല ജോയിന്റ് സെക്രട്ടറി നവീന്‍ വിജയന്‍ എന്നിവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈകിട്ട് ആറോടെ പ്രകടനം ടൗണില്‍ ഗാന്ധി സ്ക്വയറിന് സമീപം എത്തിയപ്പോഴാണ് ഇതിനടുത്ത് സംഘംചേര്‍ന്നുനിന്ന യൂത്ത്കോണ്‍ഗ്രസുകാര്‍ പ്രകടനത്തിനുനേരെ അക്രമം നടത്തിയത്. പ്രകടനത്തിനുനേരെ തുരുതുരെ കല്ലെറിയുകയും നുഴഞ്ഞുകയറി മര്‍ദിക്കാനൊരുങ്ങുകയുമായിരുന്നു. ഇത് പൊലീസ് ഉദ്യോഗസ്ഥരോട് ചോദ്യംചെയ്തപ്പോഴാണ് ഡിവൈഎസ്പി രഘുവരന്‍ നായരുടെ നേതൃത്വത്തില്‍ ലാത്തിച്ചാര്‍ജ് ചെയ്തത്. ടൗണില്‍ തമ്പടിച്ച എആര്‍ ക്യാമ്പിലെ നൂറുകണക്കിന് പൊലീസുകാര്‍ അതിക്രമം കാട്ടുകയായിരുന്നു. ഡിവൈഎഫ്ഐ ഏരിയ സെക്രട്ടറി എം വി സന്‍ജു, ഷിജിന്‍ ജോസഫ് എന്നിവരെ പൊലീസുകാര്‍ ക്രൂരമായി തല്ലി. ഇവരെ റോഡിലിട്ട് ചവുട്ടി. ഏരിയ കമ്മിറ്റിയംഗങ്ങളായ അനീഷ് വിശ്വനാഥ്, സാജു മണിദാസ്, അഭിലാഷ് വിശ്വനാഥ്, നഗരസഭ കൗണ്‍സിലര്‍ ആര്‍ സാബു, ഷെറിന്‍ ജോസഫ്, രാജേഷ്, എന്നിവര്‍ക്കും ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. ഇത് ചോദ്യം ചെയ്ത വഴിയാത്രക്കാരിയായ സ്ത്രീയ്ക്കുനേരെയും പൊലീസ് അതിക്രമം കാണിച്ചു. മര്‍ദനമേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍പോലും സമ്മതിക്കാതെ 12 പേരെ കസ്റ്റഡിയില്‍ വയ്ക്കുകയായിരുന്നു. അന്യായമായി കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനു മുമ്പില്‍ കുത്തിയിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി കെ അനന്തഗോപനും മറ്റ് എല്‍ഡിഎഫ് പ്രവര്‍ത്തകരുമെത്തി ഡിവൈഎസ്പിയുമായി ചര്‍ച്ച ചെയ്തതിനൊടുവിലാണ് ഇവരെ വിട്ടയയ്ക്കാന്‍ തയ്യാറായത്. ടൗണില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി കെ അനന്തഗോപന്‍, പി ജെ അജയകുമാര്‍, എന്‍ സജികുമാര്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജി കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.


യൂത്തന്മാരുടെ അഴിഞ്ഞാട്ടം പൊലീസ് തണലില്‍

പത്തനംതിട്ട: എസ്എഫ്ഐ പ്രവര്‍ത്തകരെ തല്ലിച്ചതച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നടന്ന ഡിവൈഎഫ്ഐ പ്രകടനത്തിനുനേരെ യൂത്തുകോണ്‍ഗ്രസുകാര്‍ അതിക്രമിച്ചു കയറിയതും കല്ലെറിഞ്ഞതും പൊലീസിന്റെ സംരക്ഷണയില്‍. ഡിവൈഎസ്പി പി രഘുവരന്‍ നായരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം പ്രകടനത്തെ നേരിടാന്‍ ടൗണില്‍ നിലയുറപ്പിച്ചിരുന്നു. ഇതിനടുത്ത് യൂത്ത്കോണ്‍ഗ്രസുകാര്‍ തമ്പടിച്ചതും സംഘര്‍ഷമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും പൊലീസ് ജാഗ്രത കാണിച്ചില്ല. പ്രകടനത്തിലേക്ക് കല്ലെറിഞ്ഞ യൂത്ത്കോണ്‍ഗ്രസുകാരെ ഒന്നുംചെയ്യാതെ ഡിവൈഎഫ്ഐ പ്രവര്‍ത്തുകര്‍ക്കുനേരെ ലാത്തിവീശുകയായിരുന്നു. പിന്നീട് മര്‍ദനമേറ്റവരെ പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി.

deshabhimani 070612

No comments:

Post a Comment