Friday, June 8, 2012

മൂന്നാംമുറ നടത്തുന്ന ക്രിമിനല്‍ പൊലീസുകാരെ പുറത്താക്കുമോ


ക്രിമിനലുകളായ പൊലീസുകാരെ വച്ചുപൊറുപ്പിക്കില്ലെന്ന പ്രസ്താവനയില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ വടകരയിലും കണ്ണൂരിലും മൂന്നാംമുറ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് എം വി ജയരാജന്റെ തുറന്ന കത്ത്. മൂന്നാംമുറയെക്കുറിച്ച് അറിഞ്ഞിട്ടും അത്തരക്കാരെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ താങ്കളുടെകൂടി അറിവും സമ്മതവും ഉണ്ടായിരുന്നുവെങ്കില്‍ അത് പ്രാകൃതവും കാടത്തവുമാണെന്നും കത്തില്‍ പറയുന്നു.

"അതിവേഗം ബഹുദൂരം" എന്ന നിലപാടുള്ള താങ്കള്‍ ഒരാഴ്ചക്കയ്കം ക്രിമിനലുകളെ പൊലീസില്‍നിന്ന് പുറത്താക്കുമെന്ന് പ്രതീക്ഷിക്കുന്നു. പൊലീസില്‍ 605 പേര്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന വിവരം പുറത്തു വന്നപ്പോഴാണ് താങ്കളുടെ പ്രതികരണം ഉണ്ടായത്. മൂന്നാംമുറയിലൂടെ കുപ്രസിദ്ധരായ പലരും ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. സ്വകാര്യ വ്യക്തി നല്‍കുന്ന കുടുംബപരമോ അല്ലാത്തതോ ആയ കേസില്‍ പ്രതിയായ ക്രിമിനല്‍ പൊലീസിനേക്കാള്‍ കൊടുംക്രിമിനലായി മൂന്നാംമുറക്കാരെ കണക്കാക്കേണ്ടതുണ്ട്. കണ്ണൂര്‍ ഡിവൈഎസ്പി പി സുകുമാരന്റെ നേതൃത്വത്തില്‍ സുമേഷ് എന്ന ചെറുപ്പക്കാരനുനേരെ നടത്തിയ മൂന്നാംമുറ എ കെ ആന്റണിയുടെയും താങ്കളുടെയും 2001-2006 ഭരണകാലത്തേക്കാള്‍ പ്രാകൃതവും അടിയന്തരാവസ്ഥയില്‍ നടന്നതിനേക്കാള്‍ മൃഗീയവുമാണ്. സുമേഷിനെ പൊലീസ് കമ്പികൊണ്ട് ദേഹമാസകലം ഉരുട്ടുകയും മലദ്വാരത്തില്‍ കമ്പി കയറ്റുകയും കമ്പി വായില്‍ തിരുകി രുചിപ്പിക്കുകയും ചെയ്തു. മലദ്വാരത്തില്‍ പിന്നീട് മരുന്നെന്ന് പറഞ്ഞ് പച്ചമുളക് അരച്ചത് തേച്ചു. കോടതിയില്‍ സുമേഷിന്റെ അവശത കണ്ട് മജിസ്ട്രേട്ട് ചോദിച്ചപ്പോഴാണ് മര്‍ദനമുറകള്‍ പുറത്തറിഞ്ഞത്. മജിസ്ട്രേട്ടിന്റെ നിര്‍ദേശപ്രകാരം സുമേഷ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഷുക്കൂര്‍ കേസില്‍ പൊലീസ് പിടികൂടിയ നിരപരാധികളായ നിരവധി ചെറുപ്പക്കാരെ പൊലീസ് മര്‍ദിച്ച് അവശരാക്കി. നിരവധി വീടുകളില്‍ കയറി പൊലീസ് വാതില്‍ ചവിട്ടിപ്പൊളിക്കുകയും സ്ത്രീകളോട് മൂന്നാംമുറയേക്കാള്‍ മോശമായ രീതിയില്‍ അസഭ്യം പറയുകയും ചെയ്തു. വടകരയില്‍ പ്രത്യേക അന്വേഷണസംഘം ആരംഭിച്ച ക്യാമ്പ് മൂന്നാംമുറക്ക് ഒരു മറയായി മാറി. പഴയ കക്കയം ക്യാമ്പ് പോലെ. ഈ ക്യാമ്പിലാണ് ബാബു, പി പി രാമകൃഷ്ണന്‍, രാമചന്ദ്രന്‍, രവീന്ദ്രന്‍, സി എച്ച് അശോകന്‍, കെ കെ കൃഷ്ണന്‍ എന്നിവരെ പൊലീസ് കായികവും മാനസികവുമായി പീഡിപ്പിച്ചത്. പൊലീസ് മര്‍ദനമേറ്റ ചിലരെ കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ജയില്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തിക്കുകയുണ്ടായി. താങ്കളുടെ 2005ലെ ഭരണകാലത്ത് തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ ഉദയകുമാര്‍ എന്ന യുവാവ് പൊലീസ് കസ്റ്റഡിയിലാണ്് ആത്മഹത്യയില്‍ അഭയംതേടിയത്. അത് മൂന്നാംമുറമൂലമാണെന്ന് അന്നുതന്നെ തെളിഞ്ഞിരുന്നു. പൊലീസിന്റെ സാമൂഹ്യമായ അന്തസ്സിന് കളങ്കമാണ് മലദ്വാരത്തില്‍ കമ്പികയറ്റി വായില്‍ തിരുകിയതും വടകര ക്യാമ്പിലെ പീഡനപരമ്പരകളും. പൗരാവകാശങ്ങളുടെ രക്ഷയ്ക്ക് ഇവിടെ ആരുണ്ട് എന്ന ചോദ്യമാണുയരുന്നത്. ഈ സാഹചര്യത്തില്‍ താങ്കളുടെ പ്രതികരണം ആശ്വാസം പകരുന്നുവെന്ന് കത്തില്‍ പറഞ്ഞു.

deshabhimani 080612

1 comment:

  1. ക്രിമിനലുകളായ പൊലീസുകാരെ വച്ചുപൊറുപ്പിക്കില്ലെന്ന പ്രസ്താവനയില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ വടകരയിലും കണ്ണൂരിലും മൂന്നാംമുറ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് എം വി ജയരാജന്റെ തുറന്ന കത്ത്. മൂന്നാംമുറയെക്കുറിച്ച് അറിഞ്ഞിട്ടും അത്തരക്കാരെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ താങ്കളുടെകൂടി അറിവും സമ്മതവും ഉണ്ടായിരുന്നുവെങ്കില്‍ അത് പ്രാകൃതവും കാടത്തവുമാണെന്നും കത്തില്‍ പറയുന്നു.

    ReplyDelete