Saturday, June 9, 2012

കോടികളുടെ കുടിശ്ശിക തൊഴിലുറപ്പ് പദ്ധതി പ്രതിസന്ധിയിലേക്ക്




കൊച്ചി: സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതിയില്‍ പങ്കാളികളായ തൊഴിലാളികള്‍ക്ക് യഥാസമയം കൂലിനല്‍കാതെ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം തുടങ്ങി. തൊഴിലാളികളുടെ ക്ഷേമത്തിനായി രൂപീകരിച്ച പദ്ധതിയാണ് ഇപ്പോള്‍ കൂലിനല്‍കാതെ തൊഴിലാളികളെ വെട്ടിലാക്കുന്നത്. ഇത്തരത്തില്‍ പദ്ധതിപ്രകാരം സംസ്ഥാനത്ത് ഓരോ പഞ്ചായത്തിനും ലക്ഷക്കണക്കിന് രൂപയാണ് കേന്ദ്രസര്‍ക്കാരില്‍നിന്നു ലഭിക്കാനുള്ളത്. പദ്ധതിയില്‍ അംഗമായിട്ടുള്ള തൊഴിലാളികള്‍ക്ക് തൊഴിലെടുത്തശേഷം ഒരാഴ്ചയ്ക്കകം മുഴുവന്‍തുകയും നല്‍കണമെന്ന വ്യവസ്ഥ നിലനില്‍ക്കേയാണ് മാസങ്ങളായി തൊഴിലെടുത്ത തൊഴിലാളികള്‍ക്ക് കൂലിനല്‍കാതെ സര്‍ക്കാര്‍ കബളിപ്പിക്കുന്നത്. ഏകദേശം 15 കോടിയിലധികം രൂപയാണ് സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിപ്രകാരം തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ളത്. എന്നാല്‍ തൊഴിലാളികള്‍ക്ക് യഥാസമയത്ത് ഫണ്ട് അനുവദിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും വ്യാപക ആക്ഷേപമുണ്ട്.

തൊഴിലാളികളുടെ കൂലിക്കുപുറമെ തൊഴിലുപകരണങ്ങളുടെ വാടകയിനത്തിലും കോടികളാണ് ഇപ്പോള്‍ സര്‍ക്കാരില്‍നിന്ന് ലഭിക്കാനുള്ളത്. ഒരാഴ്ചയ്ക്കകം കൂലി നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ 14 ദിവസത്തിനകം കൂലി തൊഴിലാളികള്‍ക്ക് നല്‍കണമെന്ന് തൊഴിലുറപ്പ് പദ്ധതിയില്‍ ചട്ടം നിലനില്‍ക്കെയാണ് ആ നിര്‍ദേശങ്ങളെല്ലാം പൂര്‍ണമായും അവഗണിച്ച് തൊഴിലാളികള്‍ക്ക് കൂലിനല്‍കാതെ സര്‍ക്കാര്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്ന് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ ആരോപിക്കുന്നു. പദ്ധതിക്കാവശ്യമായ കേന്ദ്രഫണ്ട് നേടിയെടുക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ പൂര്‍ണ അനാസ്ഥയാണ് കാണിക്കുന്നതെന്നും യൂണിയന്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

പൊതുവെ മറ്റ് കൂലിവേലകളില്‍നിന്നും വളരെ തുഛമായ തുകയാണ് തൊഴിലുറപ്പ് പദ്ധതിയിലുള്ള തൊഴിലാളികള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഈ ചെറിയ തുകപോലും യഥാസമയത്ത് തൊഴിലാളികള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ശ്രമിക്കുന്നില്ലെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. വ്യാപകമായി തൊഴില്‍ദിനങ്ങള്‍ വെട്ടിച്ചുരുക്കിയും കൂലിവര്‍ധന പാടേ അവഗണിച്ചും തൊഴില്‍സുരക്ഷ നഷ്ടപ്പെടുത്തി തൊഴിലാളികളെ കഷ്ടത്തിലാക്കിയുള്ള തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത്  വിവിധജില്ലകള്‍ക്കുപുറമെ ആലപ്പുഴ ജില്ലയിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലും ലക്ഷക്കണക്കിന് രൂപയാണ് ഇപ്പോള്‍ തൊഴിലാളികള്‍ക്ക് നല്‍കാനുള്ളത്. ജില്ലയിലെ അരൂക്കുറ്റി പഞ്ചായത്തില്‍ (അഞ്ച്‌ലക്ഷം), പാണാവള്ളി (24 ലക്ഷം), പെരുമ്പളം (23 ലക്ഷം), ചേന്നം പള്ളിപ്പുറം (3 ലക്ഷം) എന്നിങ്ങനെയാണ് തൊഴിലാളികള്‍ക്ക് കുടിശ്ശികയിനത്തില്‍ ഇപ്പോള്‍ ലഭിക്കാനുള്ള തുകയുടെ ലഭ്യമായ വിവരം. ഇവയ്ക്കുപുറമെ തൊഴിലുപകരണങ്ങളുടെ വാടകയിനത്തിലും ജില്ലയില്‍ ലക്ഷക്കണക്കിന് രൂപയാണ് ഇപ്പോള്‍ കിട്ടാനുള്ളതെന്നും യൂണിയന്‍ നേതാക്കള്‍ പറയുന്നു. തൊഴില്‍ദിനങ്ങള്‍ വര്‍ധിപ്പിക്കുക, തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള മുഴുവന്‍ കുടിശികയും ഉടന്‍ നല്‍കുക, തൊഴില്‍സുരക്ഷ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് എഐടിയുസിയുടെ ആഭിമുഖ്യത്തില്‍ അരൂര്‍ ഈസ്റ്റ് മണ്ഡലത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ (എഐടിയുസി) മണ്ഡലം  സെക്രട്ടറി കെ യു മാധവന്‍ അറിയിച്ചു.
(പി ആര്‍ സുമേരന്‍)

ജനയുഗം 

No comments:

Post a Comment