Monday, June 11, 2012

സ്പെയിന് 10,000 കോടി യൂറോ വായ്പ


വായ്പാപ്രതിസന്ധിയില്‍ വട്ടംചുറ്റുന്ന ബാങ്കുകളെ കരകയറ്റാന്‍ സ്പെയിനിന് 10,000 കോടി യൂറോ (6.92 ലക്ഷം കോടി രൂപ) സഹായം നല്‍കാന്‍ യൂറോമേഖലാ രാജ്യങ്ങള്‍ തീരുമാനിച്ചു. 17 യൂറോമേഖലാ രാജ്യങ്ങളുടെ ധനമന്ത്രിമാര്‍ നടത്തിയ ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. നിബന്ധനകളൊന്നും ഇല്ലാതെയാണ് സ്പെയിനിന് സഹായം നല്‍കുന്നതെന്ന പ്രത്യേകതയുണ്ട്. സ്പെയിനിലെ ബാങ്കുകളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ മാത്രമാണ് സഹായം എന്നതിനാലാണത്. യൂറോമേഖലാ ധനമന്ത്രിമാര്‍ ശനിയാഴ്ച വൈകിട്ട് കോണ്‍ഫറന്‍സ് കോളിലൂടെയാണ് അന്തിമതീരുമാനം എടുത്തത്. ബാങ്കുകളുടെ മൂലധന ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഈ തുക പര്യാപ്തമാണെന്ന് ഇവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഇതിനിടെ, ഗ്രീസ്, പോര്‍ച്ചുഗല്‍, അയര്‍ലന്‍ഡ് എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കിയപോലുള്ള രക്ഷാപാക്കേജ് തങ്ങള്‍ക്കുവേണ്ടി വരുമെന്ന റിപ്പോര്‍ട്ടുകള്‍ സ്പെയിന്‍ വീണ്ടും നിഷേധിച്ചു. ഇപ്പോള്‍ അനുവദിച്ചത് രാജ്യത്തിനാകെയുള്ള സഹായമല്ലെന്നും ബാങ്കിങ് മേഖലയ്ക്കു മാത്രമുള്ളതാണെന്നും ധനമന്ത്രി ലൂയി ഡി ഗുയിന്ദോസ് പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ പൊള്ളത്തരങ്ങളും മാന്ദ്യവും കാരണം തകര്‍ന്ന സ്പാനിഷ് ബാങ്കുകള്‍ക്ക് ഈ സഹായം വലിയ ആശ്വാസമാകും. സഹായധനം ഉപയോഗിച്ച് ബാങ്കുകളുടെ പുനരുദ്ധാരണത്തിനൊപ്പം ധനസ്ഥാപനങ്ങളുടെ പൊളിച്ചെഴുത്തും നടത്തേണ്ട ബാധ്യത സ്പെയിനിനുണ്ട്. വായ്പയ്ക്ക് സ്പെയിന്‍ സര്‍ക്കാര്‍ ഗ്യാരന്റി നല്‍കണം. നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളില്‍ യൂറോപ്യന്‍ കമീഷന്‍, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, ഐഎംഎഫ് എന്നിവയുമായി ധാരണയായാല്‍ ഉടന്‍ സ്പെയിനിന് സഹായധനം ലഭിക്കും. സ്പാനിഷ് ബാങ്കുകള്‍ക്ക് 4000 കോടി യൂറോ സഹായം വേണമെന്നാണ് ഐഎംഎഫ് കണക്കൂകൂട്ടിയിരുന്നത്. എന്നാല്‍, ഇതിലും എത്രയോ വലിയ തുകയാണ് സഹായമായി ലഭിച്ചത്.

deshabhimani 110612

1 comment:

  1. വായ്പാപ്രതിസന്ധിയില്‍ വട്ടംചുറ്റുന്ന ബാങ്കുകളെ കരകയറ്റാന്‍ സ്പെയിനിന് 10,000 കോടി യൂറോ (6.92 ലക്ഷം കോടി രൂപ) സഹായം നല്‍കാന്‍ യൂറോമേഖലാ രാജ്യങ്ങള്‍ തീരുമാനിച്ചു. 17 യൂറോമേഖലാ രാജ്യങ്ങളുടെ ധനമന്ത്രിമാര്‍ നടത്തിയ ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. നിബന്ധനകളൊന്നും ഇല്ലാതെയാണ് സ്പെയിനിന് സഹായം നല്‍കുന്നതെന്ന പ്രത്യേകതയുണ്ട്. സ്പെയിനിലെ ബാങ്കുകളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ മാത്രമാണ് സഹായം എന്നതിനാലാണത്. യൂറോമേഖലാ ധനമന്ത്രിമാര്‍ ശനിയാഴ്ച വൈകിട്ട് കോണ്‍ഫറന്‍സ് കോളിലൂടെയാണ് അന്തിമതീരുമാനം എടുത്തത്. ബാങ്കുകളുടെ മൂലധന ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഈ തുക പര്യാപ്തമാണെന്ന് ഇവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete