Thursday, June 7, 2012

കേസ് വഴിതിരിച്ചുവിടാനുള്ള നീക്കം പ്രതിഷേധാര്‍ഹം: സിപിഐ എം


ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം നേരത്തെ കസ്റ്റഡിയിലെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മകനടക്കമുള്ള മൂന്നു പേരെ മാപ്പുസാക്ഷികളാക്കി കേസ് വഴിതിരിച്ചു വിടാനുള്ള നീക്കം അത്യന്തം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ചൂണ്ടിക്കാട്ടി.

നിയമവ്യവസ്ഥയെ അപഹാസ്യമാക്കിയാണ് ക്രിമിനല്‍ നടപടി നിയമത്തിലെ 164-ാം വകുപ്പ് പ്രകാരം ഇവരുടെ കുറ്റമൊഴികള്‍ നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് മുമ്പാകെ രേഖപ്പെടുത്തിയത്. അഴിയൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കല്ലാറോത്ത് തെരുവിങ്ങില്‍ നാരായണന്റെ മകന്‍ അന്‍സിത്ത്, അഴിയൂരിലെ സുബിന്‍, മാഹിയിലെ സുമേഷ് എന്നിവരാണ് മാപ്പുസാക്ഷികളായി കുറ്റമൊഴി കൊടുത്തത്. സിപിഐ എം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി എച്ച് അശോകന്‍, ഏരിയാ കമ്മിറ്റി അംഗം കെ കെ കൃഷ്ണന്‍ എന്നിവര്‍ക്കെതിരായാണ് മൊഴിയെന്നാണ് അറിയുന്നത്. കേസന്വേഷണത്തിന്റെ തുടക്കത്തില്‍ കൊല നിര്‍വഹിച്ച സംഘത്തലവനെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ലീഗ്, എന്‍ഡിഎഫ് ബന്ധമുള്ള റഫീഖിനെയും മാപ്പുസാക്ഷിയാക്കാന്‍ നീക്കം നടക്കുകയാണ്. അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കാസര്‍കോട് സ്വദേശി രാജനെ വിട്ടയച്ചതും ഉന്നത കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടലിന്റെ ഫലമായാണ്. ഇപ്പോള്‍ കുറ്റമൊഴി നല്‍കിയ മൂന്നു പേരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്നും അറസ്റ്റ്് ഭയപ്പെട്ട് ഇവര്‍ക്കറിയാവുന്ന കാര്യം പറയാനാണ് അന്വേഷണ സംഘത്തെ സമീപിച്ചതെന്നുമുള്ള പച്ചക്കള്ളമാണ് പൊലീസ് പ്രചരിപ്പിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ ഇംഗിതത്തിനു വഴങ്ങി കേസന്വേഷണത്തെ പ്രഹസനമാക്കാനുള്ള ശ്രമം തന്നെയാണ് നടന്നുവരുന്നത്.

മാഹിക്കടുത്തുള്ള കൊച്ചക്കാലന്‍ സുമേഷ് മെയ് 15 മുതല്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. മാതൃഭൂമി പത്രത്തിന്റെ ഒന്നാം പേജില്‍ 16ന് പ്രസിദ്ധീകരിച്ച ഫോട്ടോയില്‍ സുമേഷിന്റെ ചിത്രമുണ്ട്. വടകര ഡിവൈഎസ്പി ഓഫീസില്‍ സുമേഷിനെ കൊണ്ടുവരുന്ന പടമാണ്. മറ്റു രണ്ടുപേരെയും (അന്‍സിത്തിനെയും സുബിനെയും) നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് ദിവസങ്ങളോളം ചോദ്യം ചെയ്ത് വിട്ടയച്ചതാണ്. നുണകള്‍ പ്രചരിപ്പിച്ച് ചന്ദ്രശേഖന്‍ വധക്കേസ് സിപിഐ എമ്മിന്റെ പേരില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. അന്‍സിത്തിനെയും സുബിനെയും വടകര റൂറല്‍ എസ്പി ഓഫീസില്‍ വിളിച്ചുവരുത്തി പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസില്‍ കൊണ്ടുപോയി മാപ്പുസാക്ഷി ആയാല്‍ വിട്ടയക്കാമെന്ന് ഉറപ്പു കൊടുക്കുകയായിരുന്നു. അങ്ങനെയാണ് ഇവരെക്കൊണ്ട് സിപിഐ എം നേതാക്കള്‍ക്കെതിരെ കുറ്റമൊഴി കൊടുപ്പിച്ചത്. ഇത് വലിയ ഗൂഢാലോചനയാണ്. സിപിഐ എമ്മിന്റെ മേല്‍ ചന്ദ്രശേഖരന്‍ വധക്കേസ് കെട്ടിയേല്‍പ്പിക്കാനുള്ള കോണ്‍ഗ്രസ്-യുഡിഎഫ് ഗൂഢശ്രമമാണിത്.

ചന്ദ്രശേഖരന്റെ കൊലയാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും മറ്റെല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് ഈ ഗൂഢാലോചനക്കെതിരെ രംഗത്തുവരണമെന്ന് സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. സത്യത്തിനും നീതിക്കും നിരക്കാത്ത നിലയില്‍ സി എച്ച് അശോകന്‍, കെ കെ കൃഷ്ണന്‍ തുടങ്ങിയ പാര്‍ടിയുടെ ഉത്തരവാദപ്പെട്ട പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്ന നീക്കത്തിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതിഷേധം ഉയര്‍ത്തണം. ചന്ദ്രശേഖരന്‍ വധത്തിലെ യഥാര്‍ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരാനുള്ള നീക്കത്തെയാണ് അധികൃതര്‍ ഇപ്പോള്‍ സ്വീകരിക്കുന്ന ഇത്തരം നടപടികള്‍ തടസ്സപ്പെടുത്തുന്നത്. കൊലപാതകത്തിലെ യഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിലുള്ള അലംഭാവം ഉപേക്ഷിച്ച് കുറ്റവാളികളെ പുറത്തുകൊണ്ടുവരാനുള്ള ശരിയായ നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 070612

1 comment:

  1. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം നേരത്തെ കസ്റ്റഡിയിലെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മകനടക്കമുള്ള മൂന്നു പേരെ മാപ്പുസാക്ഷികളാക്കി കേസ് വഴിതിരിച്ചു വിടാനുള്ള നീക്കം അത്യന്തം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ചൂണ്ടിക്കാട്ടി.

    നിയമവ്യവസ്ഥയെ അപഹാസ്യമാക്കിയാണ് ക്രിമിനല്‍ നടപടി നിയമത്തിലെ 164-ാം വകുപ്പ് പ്രകാരം ഇവരുടെ കുറ്റമൊഴികള്‍ നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് മുമ്പാകെ രേഖപ്പെടുത്തിയത്.

    ReplyDelete