Sunday, June 10, 2012
ക്രൂഡോയില്‍വില താഴുമ്പോഴും പെട്രോള്‍വില കുറയ്ക്കുന്നില്ല
ക്രൂഡോയില്‍ വില ബാരലിന് 100 ഡോളറില്‍ താഴെയായിട്ടും പെട്രോള്‍വില കുറയ്ക്കാന്‍ ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ തയ്യാറാകുന്നില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡോയില്‍ ഉപയോഗിക്കുന്ന അമേരിക്കയും ചൈനയും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറച്ചു. എന്നാല്‍, ഉപഭോഗത്തില്‍ നാലാംസ്ഥാനത്തുള്ള ഇന്ത്യയില്‍ കൊള്ള തുടരുകയാണ്. എണ്ണകമ്പനികളുടെ തീവെട്ടികൊള്ളയ്ക്ക് കേന്ദ്രം കൂട്ടുനില്‍ക്കുകയുമാണ്.
അമേരിക്കയില്‍ കാറില്‍ ഉപയോഗിക്കുന്ന ഗ്യാസൊലിന്റെ വില യൂണിറ്റിന് 3.94 ഡോളറായിരുന്നത് വെള്ളിയാഴ്ച 3.55 ഡോളറായി കുറച്ചു. ചൈനയില്‍ ഗ്യാസൊലിന്റെയും ഡീസലിന്റെയും വിലയില്‍ ശനിയാഴ്ച വന്‍ കുറവ് വരുത്തി. ഗ്യാസൊലിന്‍ ടണ്ണിന് 530 യുവാനും (84 ഡോളര്‍) ഡീസല്‍ ടണ്ണിന് 510 യുവാനും കുറച്ചു. മെയ് 10ന് ഗ്യാസൊലിനും ഡീസലിനും നാല് ശതമാനം വീതം വില കുറച്ചിരുന്നു. ഇപ്പോള്‍ ഗ്യാസൊലിന് 5.5 ശതമാനവും ഡീസലിന് 5.8 ശതമാനവുമാണ് വില കുറച്ചത്. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയില്‍ വില കുറയുന്നതനുസരിച്ചാണ് ഈ വിലക്കുറവെന്ന് ചൈനീസ് സര്‍ക്കാര്‍ വിശദീകരിക്കുന്നു. ലിബിയയിലും ഇറാഖിലും അമേരിക്കയിലും ക്രൂഡോയില്‍ ഉല്‍പ്പാദനത്തിലുണ്ടായ വര്‍ധനയും അമേരിക്കയിലും യൂറോപ്പിലും സാമ്പത്തികമാന്ദ്യം മൂലമുള്ള ആവശ്യക്കുറവുമാണ് ആഗോളതലത്തില്‍ ക്രൂഡോയില്‍ വില കുറയാന്‍ കാരണം.
ക്രൂഡോയില്‍ ബാരലിന് 124 ഡോളറുള്ളപ്പോള്‍ പെട്രോളിന്റെ വില കാര്യമായി വര്‍ധിപ്പിക്കാന്‍ രാ്രഷ്ട്രീയകാരണങ്ങളാല്‍ ഇന്ത്യയിലെ എണ്ണക്കമ്പനികളെ കേന്ദ്രം അനുവദിച്ചിരുന്നില്ല. ക്രൂഡോയില്‍ വില ബാരലിന് 110 ഡോളറായി കുറഞ്ഞ സമയത്താണ് പെട്രോള്‍ ലിറ്ററിന് 7.54 രൂപ വര്‍ധിപ്പിച്ചത്. ഇപ്പോള്‍ ക്രൂഡോയില്‍ വില 98.37 ഡോളറായി താഴ്ന്നിട്ടും പെട്രോള്‍വില കുറയ്ക്കാന്‍ കമ്പനികള്‍ തയ്യാറാകുന്നില്ല. നികുതിവരുമാനം കുറയ്ക്കേണ്ടെന്ന് കരുതി കേന്ദ്ര സര്‍ക്കാരും ഇതിന് ഒത്താശ ചെയ്യുന്നു. രൂപയുടെ വിനിമയമൂല്യത്തില്‍ വന്ന കുറവാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാതിരിക്കാന്‍ കാരണമായി കേന്ദ്രം പ്രത്യക്ഷത്തില്‍ പറയുന്നത്. എന്നാല്‍ രൂപയുടെ മൂല്യശോഷണം വരുത്തുന്ന അധികചെലവും മറികടക്കുന്നതാണ് ക്രൂഡോയില്‍ വിലയിടിവ്. ഇന്ത്യ ഇറക്കുമതിചെയ്യുന്ന ക്രൂഡോയിലിന്റെ വില ബാരലിന് ശരാശരി 116.6 ഡോളറായിരുന്ന ഏപ്രില്‍ 16-30 കാലയളവില്‍ ഇത്രയും ഡോളറിനുതുല്യമായി 6063.32 ഇന്ത്യന്‍ രൂപ നല്‍കണമായിരുന്നു. ജൂണ്‍ ഏഴിന് ഇന്ത്യ ഇറക്കുമതിചെയ്ത ക്രൂഡോയിലിന് 98.37 ഡോളറാണ് വില. ഇതിനു തുല്യമായി ഇന്ത്യ നല്‍കേണ്ടിവന്ന ഇന്ത്യന്‍ രൂപ 5425.11 രൂപയാണെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ഔദ്യോഗികരേഖകള്‍തന്നെ വെളിപ്പെടുത്തുന്നത്. ഒന്നരമാസത്തിനിടയില്‍ രൂപയുടെ വിനിമയമൂല്യത്തിന്റെ ശോഷണംപോലും മറികടന്ന് 631 രൂപയുടെ കുറവ് ഒരു ബാരലിനുണ്ടായി. ഈ കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ എണ്ണക്കമ്പനികള്‍ വിസമ്മതിക്കുകയാണ്.
(വി ജയിന്‍)
deshabhimani 100612
Labels:
വിലക്കയറ്റം
Subscribe to:
Post Comments (Atom)
ക്രൂഡോയില്‍ വില ബാരലിന് 100 ഡോളറില്‍ താഴെയായിട്ടും പെട്രോള്‍വില കുറയ്ക്കാന്‍ ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ തയ്യാറാകുന്നില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡോയില്‍ ഉപയോഗിക്കുന്ന അമേരിക്കയും ചൈനയും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറച്ചു. എന്നാല്‍, ഉപഭോഗത്തില്‍ നാലാംസ്ഥാനത്തുള്ള ഇന്ത്യയില്‍ കൊള്ള തുടരുകയാണ്. എണ്ണകമ്പനികളുടെ തീവെട്ടികൊള്ളയ്ക്ക് കേന്ദ്രം കൂട്ടുനില്‍ക്കുകയുമാണ്.
ReplyDelete