Sunday, June 10, 2012

കോടതിയില്‍ കുടുങ്ങുമെന്നായപ്പോള്‍ പൊലീസ് മലക്കംമറിഞ്ഞു


ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണസംഘത്തിന്റേതെന്ന പേരില്‍ പുറത്തുവരുന്ന മാധ്യമ വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് പൊലീസ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. പൊലീസിന്റെ അന്വേഷണവിവരമോ, കുറ്റസമ്മതമൊഴിയോ മറ്റ് ഏതെങ്കിലും വിവരങ്ങളോ മാധ്യമങ്ങള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ കൈമാറിയിട്ടില്ലെന്ന് വടകര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഡിവൈഎസ്പി ജോസി ചെറിയാന്‍ വ്യക്തമാക്കി. മാധ്യമങ്ങള്‍ക്ക് അന്വേഷണവുമായി ബന്ധപ്പെട്ട ഒരു രേഖയും കൈമാറിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കി ദിവസവും കള്ളക്കഥ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തുന്ന പൊലീസ് ഇക്കാര്യത്തില്‍ കുടുങ്ങുമെന്നായപ്പോള്‍ കള്ള സത്യവാങ്മൂലം നല്‍കുകയായിരുന്നെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മാധ്യമങ്ങളേയോ മറ്റ് ഏതെങ്കിലും ഏജന്‍സിയേയോ അന്വേഷണത്തില്‍ ഇടപെടാനോ ബന്ധപ്പെടാനോ അനുവദിക്കില്ലെന്നും പറയുന്ന റിപ്പോര്‍ട്ടില്‍ ദിവസവും മാധ്യങ്ങളില്‍ വരുന്ന കള്ളക്കഥകളെ കുറിച്ച് മൗനം പാലിക്കുന്നു. പൊലീസിനെ ഉദ്ധരിച്ച് വരുന്ന വാര്‍ത്തയ്ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കുമോയെന്ന കാര്യത്തിലും പൊലീസ് നിലപാട് വ്യക്തമാക്കിയിട്ടില്ല.

കേസന്വേഷണവുമായി ബന്ധപ്പെട്ട് നല്‍കുന്ന മൊഴികള്‍ ഒരു കാരണവശാലും പുറത്തുവിടരുതെന്ന് ഹൈക്കോടതിയും സുപ്രീംകോടതിയും നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണമധ്യേ കേസ് ഡയറിയിലെ വിവരങ്ങള്‍ പുറത്തുവന്നാലുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും കോടതികള്‍ വിധി പറഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയിട്ടില്ലെന്ന് പൊലീസ് കള്ളസത്യവാങ്മൂലം നല്‍കിയത്. ചന്ദ്രശേഖരന്‍ വധക്കേസില്‍ കസ്റ്റഡിയിലുള്ളവര്‍ നല്‍കിയതെന്ന പേരില്‍ വരുന്ന വാര്‍ത്തകള്‍ പൊലീസ് ചോര്‍ത്തി നല്‍കുകയാണെന്ന് ആരോപിച്ച് അഭിഭാഷകനായ കെ വിശ്വന്‍ വടകര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്ക് മറുപടിയായാണ് പൊലീസിന്റെ സത്യവാങ്മൂലം. ഇത്തരം കള്ളവാര്‍ത്തകള്‍ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലും സിപിഐ എം ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

deshabhimani 110612

1 comment:

  1. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണസംഘത്തിന്റേതെന്ന പേരില്‍ പുറത്തുവരുന്ന മാധ്യമ വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് പൊലീസ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. പൊലീസിന്റെ അന്വേഷണവിവരമോ, കുറ്റസമ്മതമൊഴിയോ മറ്റ് ഏതെങ്കിലും വിവരങ്ങളോ മാധ്യമങ്ങള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ കൈമാറിയിട്ടില്ലെന്ന് വടകര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഡിവൈഎസ്പി ജോസി ചെറിയാന്‍ വ്യക്തമാക്കി. മാധ്യമങ്ങള്‍ക്ക് അന്വേഷണവുമായി ബന്ധപ്പെട്ട ഒരു രേഖയും കൈമാറിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കി ദിവസവും കള്ളക്കഥ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തുന്ന പൊലീസ് ഇക്കാര്യത്തില്‍ കുടുങ്ങുമെന്നായപ്പോള്‍ കള്ള സത്യവാങ്മൂലം നല്‍കുകയായിരുന്നെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

    ReplyDelete